Connect with us

Kerala

തെക്കേ വയനാട്ടില്‍ 156 ഇനം പക്ഷികളെ കണ്ടത്തി

Published

|

Last Updated

കല്‍പ്പറ്റ | സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജിയും സംയുക്തമായി തെക്കേ വയനാട്ടിലെ മലനിരകളില്‍ നടത്തിയ സര്‍വേയില്‍ 156 ഇനം പക്ഷികളെ കണ്ടെത്തി. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള വെള്ളരിമല, കട്ടിപ്പാറ, തൊള്ളായിരംമല, കാട്ടിമറ്റം, എളമ്പിലേരിമല, അരണമല, ചെമ്പ്രമല, കാര്‍ഗില്‍, ലക്കിടി, മണ്ടമല, അമ്പമല, വണ്ണാത്തിമല, കറിച്യര്‍മല, അട്ടമല എന്നിവിടങ്ങളിലായിരുന്നു മൂന്ന് ദിവസത്തെ സര്‍വേ. 2007ലാണ് ഇതിന് മുമ്പ് തെക്കേവയനാട്ടില്‍ പക്ഷിസര്‍വേ നടന്നത്.

വയനാടന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 6,000 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയുന്ന മലത്തലപ്പുകളില്‍ (ആകാശദ്വീപ്) മാത്രം കാണുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ബാണാസുര ചിലപ്പന്‍ പക്ഷിയുടെ ആവാസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. 15 തരം പരുന്തുകളെയും ഏഴിനം മൂങ്ങകളെയും 11 തരം പാറ്റപിടിയന്‍മാരെയും എട്ടിനം ചിലപ്പന്‍ പക്ഷികളെയും ഏഴ് തരം മരംകൊത്തികളെയും സര്‍വേയില്‍ കണ്ടതായി സൗത്ത് വയനാട് ഡി എഫ് ഒ. പി രഞ്ജിത്ത്കുമാര്‍, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ഡയറക്ടര്‍ സി കെ വിഷ്ണുദാസ് എന്നിവര്‍ പറഞ്ഞു.

തെക്കേ വയനാട്ടില്‍ ആദ്യമായി പുല്ലുപ്പന്‍ പക്ഷിയെ മണ്ടമലയില്‍ കാണാനായി. ഏഷ്യന്‍ ബ്രൗണ്‍ ഫ്‌ളൈ ക്യാച്ചര്‍ പക്ഷിയുടെ പ്രജനനത്തിനും സര്‍വേ ടീം സാക്ഷികളായി. പൊതുവേ മധ്യ ഇന്ത്യയില്‍ മാത്രം കൂടുകൂട്ടുന്ന ഈ പക്ഷി വയനാട്ടില്‍ കൂടുവെച്ചത് അദ്ഭുതപ്പെടുത്തിയെന്ന് സര്‍വേ ടീം അംഗങ്ങള്‍ പറഞ്ഞു.
പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന സ്ഥാനീയ പക്ഷികളില്‍ 13 ഇനങ്ങളെയും ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന രണ്ടിനം പക്ഷികളെയും തെക്കന്‍ വയനാട്ടിലെ കാടുകളില്‍ കണ്ടെത്തി. ചെമ്പന്‍ ഏറിയന്‍, ബോണല്ലി പരുന്ത്, വെള്ളിക്കണ്ണി പരുന്ത്, കിന്നരി പരുന്ത്, കാക്കമരംകൊത്തി, പാറനിരങ്ങന്‍, നെല്‍ പൊട്ടന്‍ എന്നിവയും കണ്ടെത്തിയ പക്ഷി ഇനങ്ങളില്‍ ഉള്‍പ്പെടും.

 

---- facebook comment plugin here -----

Latest