Connect with us

Editorial

കര്‍ഷക കരുത്തിന്റെ പ്രതീകമാണ് ആ വീടുകള്‍

Published

|

Last Updated

സമരം 110 ദിവസം പിന്നിട്ടിട്ടും കര്‍ഷകരുടെ മനോവീര്യത്തിന് ഒട്ടും കുറവില്ല. സ്വന്തം ഗ്രാമങ്ങള്‍ വിട്ട് ഡല്‍ഹിയുടെ പടിവാതില്‍ക്കല്‍ ട്രാക്ടറുകളുമായി കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടര്‍ന്നു കൊണ്ടിരിക്കുകയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കര്‍ഷകര്‍. കേന്ദ്രത്തിന്റെ നിസ്സംഗത മൂലം സമരം എത്ര നീണ്ടാലും രംഗത്ത് ഉറച്ചു നില്‍ക്കാനുള്ള ദൃഢനിശ്ചയത്തോടെ ഹരിയാന അതിര്‍ത്തിയില്‍ താമസത്തിനായി സ്ഥിരം വീടുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് കര്‍ഷകരിപ്പോള്‍. ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ ഇതിനകം 25 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 2,000 വീടുകളെങ്കിലും നിര്‍മിക്കാനാണ് പദ്ധതി. അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും തങ്ങളുടെ ട്രാക്ടറുകളിലാണ് താമസവും അന്തിയുറക്കവും. കൊയ്ത്തുകാലം അടുത്തതോടെ ട്രാക്ടറുകള്‍ ഗ്രാമങ്ങളിലേക്ക് തിരികെ എത്തിക്കേണ്ടതിനാല്‍ അത് സമരത്തെ ബാധിക്കരുതെന്നു കൂടി പരിഗണിച്ചാണ് വീട് നിര്‍മാണം നടത്തുന്നത്. കിസാന്‍ സോഷ്യല്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ഇഷ്ടിക ഉപയോഗിച്ചുള്ള വീടുകളാണ് നിര്‍മിക്കുന്നത്.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. കേന്ദ്രം പത്ത് തവണ ചര്‍ച്ച നടത്തിയിട്ടും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിയമ ഭേദഗതി വരുത്താം, എന്നാല്‍ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ലെന്നതിന്റെ സൂചന കൂടിയാണ് വീട് നിര്‍മാണത്തിലൂടെ കര്‍ഷകര്‍ നല്‍കുന്നത്. 20,000 മുതല്‍ 25,000 രൂപ വരെ ചെലവ് വരുന്ന വീടിന്റെ നിര്‍മാണ ജോലികള്‍ കര്‍ഷകര്‍ക്ക് സൗജന്യമായാണ് ചെയ്തുകൊടുക്കുന്നത്. നിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള പണം കര്‍ഷകര്‍ നല്‍കണം. കര്‍ഷക മനസ്സുപോലെ കരുത്തേറിയതും സ്ഥിരവുമെന്നാണ് ഈ വീടുകളെക്കുറിച്ച് കിസാന്‍ സോഷ്യല്‍ ആര്‍മി അധികൃതര്‍ വിശേഷിപ്പിച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍, സമരത്തിന്റെ ഭാഗമായി ബി ജെ പി വിരുദ്ധ പ്രചാരണവും ആരംഭിച്ചിട്ടുണ്ട് കര്‍ഷക നേതാക്കള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമോ വിരോധമോ ഇല്ല തങ്ങള്‍ക്ക്. ഏതെങ്കിലും പാര്‍ട്ടിക്കു വേണ്ടി വോട്ട് ചോദിക്കുകയുമില്ല. ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്നത് അവര്‍ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതു കൊണ്ടാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടിയല്ല, ഭാവി തലമുറകള്‍ക്കു വേണ്ടി രാജ്യത്തെ കാര്‍ഷിക മേഖലയെ രക്ഷിക്കാനാണ് സമരമെന്ന് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ക്കായി സംയുക്ത കിസാന്‍ മോര്‍ച്ച അയച്ച തുറന്ന കത്തില്‍ ഓര്‍മിപ്പിക്കുന്നു.

ശക്തമായ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ നന്ദിഗ്രാമില്‍ ശനിയാഴ്ച കര്‍ഷക സംഘടനകള്‍ വൻറാലി നടത്തി. ബി ജെ പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കഴിയുന്നവര്‍ക്ക് വോട്ടുചെയ്യണമെന്ന് റാലിയില്‍ കര്‍ഷക നേതാവ് രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലും ബി ജെ പി വിരുദ്ധ പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്. കേരളത്തില്‍ ബി ജെ പിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് പ്രത്യേക പ്രചാരണം സംഘടിപ്പിക്കും. കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ബീര്‍ സിംഗ് രാജ്‌വാള്‍ 15ന് ആലപ്പുഴ കുട്ടനാട്ടിലെ കര്‍ഷക യോഗത്തിനെത്തുന്നുണ്ട്. “ബി ജെ പിക്കെതിരെ കര്‍ഷകര്‍, ബി ജെ പിയെ ശിക്ഷിക്കുക” എന്നീ മുദ്രാവാക്യങ്ങളുമായാണ് പ്രചാരണ പരിപാടി. പ്രക്ഷോഭം ഡല്‍ഹിയില്‍ ആരംഭിച്ച് നാല് മാസം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 26ന് ദേശീയതലത്തില്‍ ഹര്‍ത്താലിന് ആഹ്വാനവുമുണ്ട്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കു കൂടി കര്‍ഷക സമരം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാജ്യവ്യാപക ഹര്‍ത്താലെന്നും മാര്‍ച്ച് 28ന് കേന്ദ്രത്തിന്റെ കര്‍ഷക നിയമങ്ങളുടെ കോപ്പി കത്തിക്കുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.

അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം പോലെ ആഗോളതലത്തില്‍ കര്‍ഷക സമരത്തിനു പിന്തുണ വര്‍ധിച്ചു വരികയാണ്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ, പോപ് ഗായിക റിഹാന തുടങ്ങി അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു പിന്നാലെ മാര്‍ച്ച് എട്ടിന് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ ഒന്നര മണിക്കൂറോളം ഇന്ത്യയിലെ കര്‍ഷക സമരം ചര്‍ച്ച ചെയ്യപ്പെടുകയും നിരവധി ബ്രിട്ടീഷ് എം പിമാര്‍ കര്‍ഷക സമരത്തോട് ഇന്ത്യന്‍ ഭരണകൂടം കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ വംശജനും മൈദെന്‍ഹെഡ് ലിബറല്‍ ഡെമോക്രാറ്റിക് നേതാവുമായ ഗുര്‍ച്‌സിംഗ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് വിഷയം ചര്‍ച്ചക്കെടുത്തത്. നേരത്തേ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ തങ്ങള്‍ എപ്പോഴും എവിടെയും പിന്തുണക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്ത് സാധാരണ പൊട്ടിപ്പുറപ്പെടാറുള്ള സമരങ്ങളില്‍ നിന്ന് ഭിന്നമായി ഒരു ജനകീയ മുന്നേറ്റമായി വളര്‍ന്നിട്ടുണ്ട് കര്‍ഷക സമരം. ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയോ നരേന്ദ്ര മോദിയെയോ അല്ല, മറിച്ച് അവരുടെ പിന്നില്‍ നിന്ന് കരുക്കള്‍ നീക്കുന്ന കോര്‍പറേറ്റുകളെയാണ് ഈ പ്രക്ഷോഭത്തിലൂടെ ലക്ഷ്യം വെക്കുന്നത്. യഥേഷ്ടം വില വര്‍ധിപ്പിക്കല്‍, പൂഴ്ത്തിവെപ്പ്, ആഭ്യന്തര ആവശ്യങ്ങള്‍ അവഗണിച്ച് കയറ്റുമതി സാധ്യതയുള്ള കാര്‍ഷികോത്പന്നങ്ങളുടെ വര്‍ധിതമായ ഉത്പാദനം തുടങ്ങി കോര്‍പറേറ്റുകള്‍ക്ക് ചൂഷണത്തിന് ധാരാളം അവസരമൊരുക്കുന്നതാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍. തങ്ങളുടെ നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നമാണ് ഇതിനെതിരായ കര്‍ഷകരുടെ പോരാട്ടം. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നതിന്റെയും പിന്തുണ വര്‍ധിക്കുന്നതിന്റെയും കാരണവും ഇതുതന്നെ. ഇനിയും ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കാതെ യാഥാര്‍ഥ്യങ്ങളെ കണ്ടറിയാനും അംഗീകരിക്കാനും സന്നദ്ധമാകണം കേന്ദ്രം. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയല്ല രാജ്യത്തെ ജനതക്കു വേണ്ടിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്.

---- facebook comment plugin here -----

Latest