Connect with us

Kerala

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധം;വിശദീകരണം തേടി സംസ്ഥാന നേതൃത്വം

Published

|

Last Updated

കോഴിക്കോട്  | സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തുന്നത്.

കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിലും കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രതിഷേധം നടന്നിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

സിപിഎം പതാകയേന്തിയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്.. രണ്ടില ചിഹ്നത്തില്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി വേണ്ടെന്നും അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി വേണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

“ചെങ്കൊടിയുടെ മാനം കാക്കാന്‍” എന്ന ബാനര്‍ പിടിച്ചുകൊണ്ടാണ് കുറ്റ്യാടിയില്‍ പ്രതിഷേധ മാര്‍ച്ച്.

അതേ സമയം കുറ്റ്യാടി പരസ്യ പ്രതിഷേധത്തില്‍ ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. പരസ്യ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

Latest