Saudi Arabia
സഊദി എണ്ണ തുറമുഖത്തിന് നേരെയുള്ള ആക്രമണം; ലോക രാജ്യങ്ങള്‍ അപലപിച്ചു

ദമാം/റിയാദ് | സഊദി അറേബ്യയുടെ എണ്ണ കയറ്റുമതിയും, എണ്ണ ശുദ്ധീകരണശാലയും സ്ഥിതിചെയ്യുന്ന റാസ് തനുറ തുറമുഖം ലക്ഷ്യമിട്ട് യമനിലെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തെ ലോക് രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.
ലോകത്തെ ഏറ്റവും വലിയ എണ്ണ തുറമുഖം ആക്രമിക്കുന്നതിലൂടെ സഊദിയെ സാമ്പത്തികമായി തകര്‍ത്ത് ,ആഗോള ഊര്‍ജജ വിതരണം തകര്‍ക്കുകയായിരുന്നു ഹൂത്തികള്‍ ലക്ഷ്യമിട്ടിരുന്നത്.ധഹ്റാനില്‍ സഊദി അരാംകോയുടെ ജീവനക്കാരുടെ താമസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയും ആക്രമണം നടത്തിയെങ്കിലും സഊദി വ്യോമ സേന ഇരു ആക്രമണങ്ങളെയും തകര്‍ക്കുകയായിരുന്നു
എണ്ണ തുറമുഖത്തിന് നേരെയുള്ള ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ ആശങ്കപ്പെടുത്തുന്നുവെന്നും,മേഖലയിലെ ഭീഷണി കണക്കിലെടുത്ത് സഊദിയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാകി പറഞ്ഞു.
സിവിലിയന്‍ കേന്ദ്രങ്ങള്‍ ലഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ മാനുഷിക ലംഘനമാണെന്നും യു.എസ് സഊദി അറേബ്യയ്ക്കും ജനങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നുവെന്നും സഊദിയിലെ യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു . ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍, അറബ് പാര്‍ലമെന്റ്, ഇസ്ലാമിക് സഹകരണ സംഘടന , ജിസിസി രാജ്യങ്ങള്‍ ,ജിബൂട്ടി, ഈജിപ്ത് രാജ്യങ്ങളും അപലപിച്ചു.
ഊര്‍ജ്ജ ഉപഭോക്താക്കള്‍ക്കെതിരായ ആക്രമണമെന്ന് ആഗോള ഊര്‍ജ്ജ മന്ത്രിമാരുടെ സംഘടനയായ ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറം സെക്രട്ടറി ജനറല്‍ ജോസഫ് മക്‌മോണിഗല്‍ പറഞ്ഞു.
ഇറാന്റെ പിന്തുണയുള്ള ഇറാഖിലെ അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് സഊദി പൊളിറ്റിക്കല്‍ അനലിസ്റ്റ് ഹംദാന്‍ അല്‍ ഷെഹ്രി പറഞ്ഞു.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സഊദി അറേബ്യ ആഭ്യന്തര മന്ത്രാലയവും ഇറാഖുമായി കൂടിക്കാഴ്ച നടത്തി