Connect with us

Articles

ചോദ്യങ്ങളുടെ എണ്ണം കുറക്കാന്‍; വിഹ്വലതകളുടെയും

Published

|

Last Updated

അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എല്ലായ്‌പ്പോഴും ചോദ്യം ചെയ്യപ്പെടുക എന്നാല്‍ എങ്ങനെയുണ്ടാകും എന്ന് ധാരണയുണ്ടോ? ജീവിക്കാന്‍, പഠിക്കാന്‍, ജോലിയിലേര്‍പ്പെടാന്‍, യാത്രചെയ്യാന്‍, സൂക്ഷിച്ചുവെക്കാന്‍ “ഇടം”ഉണ്ടാക്കാന്‍ ഒക്കെയും തുടര്‍ച്ചയായി ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരാകുക എന്നാല്‍ ഉള്ളിന്റെയുള്ളില്‍ ഭയപ്പാടോടെ മാത്രം ഓരോ ദിവസവും തള്ളിനീക്കുക എന്നാണ് അര്‍ഥം. ചിന്തിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നുന്നുണ്ട് അല്ലേ. ഇതാണ് ഭൂഗോളത്തിലെ പകുതിയോളം വരുന്ന മനുഷ്യരാശിയുടെ അവസ്ഥ, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സ്ത്രീകളുടെ അവസ്ഥ.

നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു ദിവസം ചുരുങ്ങിയത് 88 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ മാത്രം എണ്ണമാണിത്. ഇവയില്‍ 11 ശതമാനത്തോളം അക്രമത്തിന് ഇരയായത് ദളിത് സ്ത്രീകളാണ്. ഇത്തരത്തില്‍ വലിയൊരു ശതമാനം ന്യൂനപക്ഷവും. കഴിഞ്ഞ ദിവസം സുപ്രീം കോടതി പോക്‌സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത് നാം ഞെട്ടലോടെ കേട്ടതാണ്. ലൈംഗികാതിക്രമം ഒരു വ്യക്തിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരമായ കടന്നുകയറ്റമാണ് എന്നിരിക്കെ, രാജ്യത്ത് വന്‍ നാശനഷ്ടം ഉണ്ടാക്കിയ തീവ്രവാദ ആക്രമണം നടത്തിയ വ്യക്തിയോട് പ്രധാനമന്ത്രിപദം നല്‍കട്ടെ എന്ന് ചോദിക്കുന്ന അത്രയും മോശമായ പ്രയോഗമാണ് കോടതി നടത്തിയത് എന്ന് ഏതു കൊച്ചു കുട്ടിക്കും മനസ്സിലാകും. അഥവാ മാനഭംഗം ചെയ്ത വ്യക്തിയെ ഇര വിവാഹം കഴിക്കുകയാണ് പരിഹാരം എങ്കില്‍ ഗാര്‍ഹിക പീഡന കേസുകളിലും വിവാഹ ശേഷമുള്ള ലൈംഗികാതിക്രമ കേസുകളിലും പ്രതികള്‍ക്ക് എന്ത് പരിഹാരമാണ് ഈ കോടതി നിര്‍ദേശിക്കുക. ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മധ്യപ്രദേശിലും യു പിയിലും ഇര മാത്രമല്ല ദുരിതമനുഭവിക്കേണ്ടി വരുന്നത്. അതിജീവിച്ചവളെങ്കിലും, മരണത്തിന് കീഴടങ്ങിയവളെങ്കിലും, ഇരയോ ബന്ധുക്കളോ നീതി തേടി പോലീസിനെ അഥവാ കോടതിയെ സമീപിച്ചാല്‍, ഗുണമില്ലെന്ന് മാത്രമല്ല ജീവനും അഭിമാനവും സ്വത്തും അപകടത്തിലാകുകയും ചെയ്യും. കഴിഞ്ഞ ദിവസമാണ് യോഗി ഭരിക്കുന്ന യു പിയില്‍ പീഡനക്കേസിലെ ഇരയുടെ പിതാവിനെയും ആസൂത്രിതമായി കൊന്നുകളഞ്ഞത്.
ഇനി ഒരു പെണ്‍കുട്ടി എന്തെങ്കിലും നീതികേടിന് എതിരെ പ്രതികരിക്കുകയാണെന്ന് കരുതുക. അവളുടെ വസ്ത്രധാരണ രീതി, സംസാരശൈലി, കുടുംബ പശ്ചാത്തലം തുടങ്ങി സകല സ്വകാര്യതയിലും കടന്നുകയറും. അനാവശ്യ അഭിപ്രായം പറഞ്ഞ് മസാലയും ഗോസിപ്പുമൊക്കെ ചേര്‍ത്ത് പറഞ്ഞുപരത്തി വ്യക്തിഹത്യ നടത്തും. അതില്‍ ആത്മ സംതൃപ്തി കണ്ടെത്തും. ഇങ്ങനെ ഒരു പ്രത്യേക രീതി സമൂഹത്തില്‍ ഇടക്കിടെ വെളിവാകുന്നുണ്ട്. സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട വിദ്യാഭ്യാസ മേഖല തിരഞ്ഞെടുക്കാം, തൊഴില്‍ നൈപുണ്യം ഉണ്ടാക്കിയെടുക്കാം, ചെയ്ത ജോലിക്ക് ന്യായമായ വേതനം ആവശ്യപ്പെടാം… ഭരണഘടന അവള്‍ക്ക് അനുവദിച്ച സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഇതെല്ലാം വരുന്നുണ്ട്.

“ഓപറേഷന്‍ പി ഹണ്ട്” എല്ലാവര്‍ക്കും ഇപ്പോള്‍ സുപരിചിതമാണ്. കുട്ടികളോട് മുതിര്‍ന്നവര്‍ക്ക് തോന്നുന്ന ലൈംഗിക ആസക്തിയാണ് പീഡോഫിലിയ. ഇത്തരം കുറ്റവാളികളില്‍ നല്ലൊരു വിഭാഗത്തിനും മനോരോഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവികമായും ഇരയാകുന്നത് കൂടുതലും പെണ്‍കുഞ്ഞുങ്ങളാണ്. ഇത്തരം സംഭവങ്ങള്‍ കണക്കിലെടുത്ത് ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അത് മാത്രമാണോ പരിഹാരം? കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നീക്കം ചെയ്യുക എന്നത് മാത്രമാണോ ദുരുദ്ദേശ്യത്തോടെ വീഡിയോ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ എടുക്കാന്‍ കഴിയുന്ന നടപടി?
ഓരോ വനിതാ ദിനവും നൂറുകണക്കിന് ചോദ്യങ്ങള്‍ നമുക്ക് മുമ്പില്‍ അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. നന്മയുള്ള ലോകമേ സ്റ്റാറ്റസുകള്‍ക്കിടയില്‍ പാലത്തായി, സൂര്യനെല്ലി കേസുകള്‍ നമുക്ക് മറക്കാതിരിക്കാം. സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ രാജ്യത്തെ പെണ്‍കുട്ടികളുടെ അവസ്ഥ കേള്‍ക്കുമ്പോള്‍ ഭയമാണ് തോന്നുന്നത്. പുരുഷന്മാരിലെ ലൈംഗിക വിദ്യാഭ്യാസ കുറവും വഴിതെറ്റിയ ലൈംഗിക ചിന്തകളും മൂലം തകര്‍ന്നടിയുന്നത് ഒരുപാട് സ്ത്രീത്വങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്. നീതിപീഠങ്ങള്‍ പതിവായി കണ്ണടക്കുമ്പോള്‍, സ്ത്രീയുടെ ശരീരം നേരിട്ട് സ്പര്‍ശിക്കാത്തത് കൊണ്ട് ലൈംഗിക അതിക്രമം അല്ലെന്ന് കോടതി വിധിക്കുമ്പോള്‍ രാജ്യത്തെ വനിതകള്‍ക്ക് എവിടെയാണ് അഭയം. കത്വ, ഹാഥ്‌റസ്, ഡല്‍ഹി എന്നു തുടങ്ങി പെണ്‍കുഞ്ഞുങ്ങളെ സ്ഥലപ്പേരുകളിലേക്കും ഹാഷ്ടാഗുകളിലേക്കും ചേര്‍ത്തു വെക്കേണ്ടി വരുമ്പോള്‍, ഓരോ ദിവസത്തെയും വാര്‍ത്തകള്‍ കേട്ട് ഉള്ള് പൊള്ളുമ്പോള്‍ മാതാപിതാക്കള്‍ എങ്ങോട്ട് തിരിയും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാവിവത്കരിക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പുകള്‍ പ്രകടമായ രീതിയില്‍ ഇല്ലാതാക്കുന്നതും, ബേട്ടി പഠാവോ ബേട്ടി ബച്ചാവോ പോലെയുള്ള പദ്ധതികള്‍ നാമമാത്രം ആകുന്നതും മറ്റും ഉന്നത സാമ്പത്തിക നിലവാരമില്ലാത്ത വിദ്യാര്‍ഥികളെ, പ്രത്യേകിച്ചും പെണ്‍കുട്ടികളെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നതിന് കാരണമാകുന്നു. ഉത്തമ പങ്കാളിയെ കണ്ടെത്തി മാന്യമായ രീതിയില്‍ വിവാഹം കഴിപ്പിച്ച് അയക്കണമെന്ന ചിന്താഗതിയുള്ള മിഡില്‍ ക്ലാസ്, ലോവര്‍ ക്ലാസ് കുടുംബങ്ങളിലെ മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടികളെ വിദ്യാഭ്യാസ ലോണെടുത്ത് പഠിപ്പിക്കുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാകുന്നു.

സ്ത്രീയുടെ വിവാഹപ്രായം പതിനെട്ടും പുരുഷന്മാരുടേത് 21ഉം ആയി നിജപ്പെടുത്തി. അതുകൊണ്ട് തീരുന്നതാണോ ഇന്ത്യയിലെ സ്ത്രീകള്‍ ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും? 1961 മെയ് ഒന്നിന് നിലവില്‍ വന്ന സ്ത്രീധന നിരോധന നിയമം കണ്ണുംപൂട്ടി നമ്മള്‍ ലംഘിക്കുന്നു. സ്ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍, കിട്ടിയത് മതിയാകാത്തതിന്റെ പേരില്‍ ഒരു പെണ്‍കുട്ടി ഭര്‍തൃവീട്ടുകാരില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ കണക്കുകളെ പറ്റി നമുക്ക് എത്രമാത്രം ധാരണയുണ്ട്.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും സ്വബോധത്തോടെ തീരുമാനങ്ങളെടുക്കാനും സാധ്യമാകുന്ന തരത്തില്‍ ഉള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് മുഖ്യമായത്. അതിനുപകരം വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നത് പോലെയുള്ള ഉട്ടോപ്യന്‍ നിയമങ്ങള്‍ കൊണ്ടുവരുന്നു. കാലം മാറും തോറും വനിതാ ദിനങ്ങളില്‍ സവിശേഷമായി ഉയര്‍ന്നുവരുന്ന ഇത്തരം ചോദ്യങ്ങളുടെയും ആശങ്കകളുടെയും വിഹ്വലതകളുടെയും എണ്ണം കുറഞ്ഞു വരട്ടെ എന്ന് പ്രത്യാശിക്കാം.

athilahsa.ah@gmail.com