Connect with us

Editorial

മ്യാന്മറിലെ ജനാധിപത്യക്കശാപ്പ് മനുഷ്യക്കുരുതിയിലേക്ക്

Published

|

Last Updated

മ്യാന്മറില്‍ പട്ടാള നേതൃത്വം നടത്തിയ ജനാധിപത്യക്കശാപ്പ് അക്ഷരാര്‍ഥത്തില്‍ മനുഷ്യക്കുരുതിയില്‍ കലാശിച്ചിരിക്കുകയാണ്. അതത് രാജ്യങ്ങളില്‍ എന്ത് തരം ഭരണം നടക്കണം, എപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കണം, എന്തായിരിക്കണം സാമ്പത്തിക, നയതന്ത്ര മുന്‍ഗണനകള്‍, എന്തുതരം ഭരണഘടനയായിരിക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് അവിടുത്തെ ജനതയാണ്. അങ്ങനെ നോക്കുമ്പോള്‍ മ്യാന്മറില്‍ ഇപ്പോള്‍ രൂപപ്പെട്ട പ്രതിസന്ധിക്കും പരിഹാരമുണ്ടാകേണ്ടത് അകത്തു നിന്ന് തന്നെയാണ്. എന്നാല്‍ അവിടെ ജനഹിതം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അഷിന്‍ വിരാതുവിനെപ്പോലെ, ബുദ്ധഭിക്ഷുക്കളെന്ന് സ്വയം അവകാശപ്പെടുന്ന മതഭ്രാന്തന്‍മാരുടെയും വംശീയവാദികളുടെയും പിന്തുണയോടെ സൈന്യം ഭരണം പിടിച്ചെടുത്തത് മ്യാന്മര്‍ ജനതയുടെ താത്പര്യത്തിലോ തീരുമാനത്തിലോ അല്ല. നൊബേല്‍ സമ്മാന ജേതാവും മ്യാന്മര്‍ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച ആക്ടിവിസ്റ്റും മുന്‍ സ്റ്റേറ്റ് കൗണ്‍സിലറുമായ ഓംഗ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്ക് ഭരിക്കാനുള്ള മാന്‍ഡേറ്റ് നല്‍കുകയാണ് നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മ്യാന്മര്‍ ജനത ചെയ്തത്. ഈ ഫലത്തില്‍ കൃത്രിമം നടന്നുവെന്ന് ആക്ഷേപമുണ്ടെങ്കില്‍ അന്താരാഷ്ട്ര സമിതിയെ വെച്ച് അന്വേഷണമാകാമായിരുന്നു. അനിവാര്യമെങ്കില്‍ വീണ്ടും വോട്ടെടുപ്പും നടത്താമായിരുന്നു. എന്നാല്‍ ഇതൊന്നുമല്ല സൈന്യം ചെയ്തത്. ഭരണം പിടിക്കുകയും ഓംഗ് സാന്‍ സൂചിയടക്കമുള്ള ഉന്നതരെ ജയിലിലടക്കുകയും വിവരങ്ങള്‍ പുറം ലോകത്തെത്തിക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കി വരിഞ്ഞു മുറുക്കുകയുമാണ് സൈന്യം. ശക്തിപ്പെട്ടു വരുന്ന പ്രക്ഷോഭം സൈന്യത്തിന് വലിയ അലോസരമുണ്ടാക്കുന്നുണ്ട്. യാംഗൂണിലടക്കം പ്രക്ഷോഭകര്‍ക്ക് നേരേ വെടിവെപ്പ് നടന്നു. വ്യാപകമായ റെയ്ഡുകളും അറസ്റ്റും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തരമായി പരിഹാരം കാണുകയെന്നത് എളുപ്പമാകില്ല. പട്ടാളത്തെ വെല്ലുവിളിക്കാനുള്ള ശേഷി അവിടുത്തെ ജനാധിപത്യവാദികള്‍ ആര്‍ജിച്ചിട്ടുണ്ടെന്ന് പറയാനാകില്ല. സൈന്യത്തിന് അനുകൂലമായും റാലികള്‍ നടന്നത് ഇതാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ അനിവാര്യമാണെന്ന് പറയേണ്ടിയിരിക്കുന്നു. യു എന്‍ ഈ വിഷയം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണം. അമേരിക്ക, ചൈന തുടങ്ങിയ വന്‍ ശക്തികളുടെ താത്പര്യങ്ങള്‍ക്കപ്പുറം മ്യാന്മര്‍ ജനതയുടെ വിശാല താത്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ യു എന്നിന് സാധിക്കണം. അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. മ്യാന്മറില്‍ നിയമവാഴ്ചയും സമാധാനവും സാധ്യമാക്കാന്‍ അന്താരാഷ്ട്ര വേദികളില്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യ തയ്യാറാകണം.

സൂചിക്കെതിരെ പുതിയ ക്രിമിനല്‍ കുറ്റം കൂടി സൈനിക പിന്തുണയുള്ള കോടതി ചുമത്തിയിരിക്കുന്നു. സൂചിയെ ദീര്‍ഘകാലം ജയിലിലടക്കാനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്. ബ്രിട്ടീഷ് ഭരണ കാലത്തെ ശിക്ഷാ നിയമം അനുസരിച്ചുള്ള പുതിയ കുറ്റമാണ് ചുമത്തിയത്. സൂചിയുമായി തങ്ങള്‍ക്ക് ഇതുവരെ സംസാരിക്കാനായിട്ടില്ലെന്ന് അവരുടെ അഭിഭാഷകന്‍ കിന്‍ മുവാംഗ് സൗ വ്യക്തമാക്കുന്നു. പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയിട്ടുണ്ട്. സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ നിസ്സഹകരണ സമരവുമായി മുന്നോട്ടുപോകുന്നത് ആശാവഹമാണ്.

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരേ നടന്ന ക്രൂരമായ അതിക്രമങ്ങളുടെയും വംശഹത്യയുടെയും ആട്ടിയോടിക്കലിന്റെയും പേരില്‍ കുപ്രസിദ്ധമാണല്ലോ മ്യാന്മര്‍. ഈ ജനതയെ അവരുടെ സ്വന്തം ഇടമായ രാഖിനെ പ്രവിശ്യയില്‍ നിന്ന് തുടച്ചു നീക്കാന്‍ ഇറങ്ങിയ ബൗദ്ധ ഭീകരവാദികള്‍ക്ക് എല്ലാ സഹായവും നല്‍കിയത് സൈന്യമായിരുന്നു. അന്ന് ഈ അതിക്രമങ്ങളോട് ക്രൂരമായ നിസ്സംഗത പാലിച്ച് സൈന്യത്തെ പിണക്കാതെ നോക്കുകയായിരുന്നു സാക്ഷാല്‍ ഓംഗ് സാന്‍ സൂചി. രാഖിനെയില്‍ നടക്കുന്നത് ഇരു പക്ഷവും പങ്കെടുക്കുന്ന ഏറ്റുമുട്ടലാണെന്ന് പറഞ്ഞു അവര്‍. റോഹിംഗ്യ എന്ന പേര് ഔദ്യോഗിക രേഖകളില്‍ പാടില്ലെന്ന് അവര്‍ നേതൃത്വം നല്‍കിയ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സൈനിക മേധാവി മിന്‍ ഓംഗ് ലെയിംഗ് പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടും സാമൂഹിക മാധ്യമങ്ങളില്‍ സിവിലിയന്‍ വേഷത്തില്‍ വന്ന് സംവദിച്ചും ഭരണ നേതൃത്വത്തിലേക്ക് ചുവടുവെക്കുമ്പോള്‍ വിനീത വിധേയയായി സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു സൂചി. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നേടിയെടുത്ത ഭാഗിക ജനാധിപത്യത്തെ ഒരടി മുന്നോട്ട് നയിക്കാന്‍ അധികാരം കരഗതമായപ്പോള്‍ അവര്‍ക്ക് സാധിച്ചില്ല. പാര്‍ലിമെന്റില്‍ 25 ശതമാനം സീറ്റുകള്‍ സൈന്യത്തിന് സംവരണം ചെയ്യണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ അവര്‍ തയ്യാറായില്ല. വിദേശബന്ധം, പ്രതിരോധം, പൊതു സുരക്ഷ തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ സൈന്യം നിയോഗിക്കുന്നവര്‍ മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന വ്യവസ്ഥക്കും മാറ്റം വന്നിട്ടില്ല. സൈന്യത്തിന് അപ്രമാദിത്വം നല്‍കുന്ന ഭരണഘടനയില്‍ ചെറിയൊരു മാറ്റത്തിനെങ്കിലും ശ്രമിച്ചിട്ടായിരുന്നു സൂചി അട്ടിമറി നേരിട്ടതെങ്കില്‍ ഇപ്പോള്‍ അവര്‍ അനുഭവിക്കുന്ന ജയില്‍വാസം അര്‍ഥവത്താകുമായിരുന്നു.

സൂചിയുടെ പിതാവ് ജനറല്‍ ഓംഗ് സാന്‍ ജീവന്‍ കൊടുത്ത് നയിച്ച സ്വാതന്ത്ര്യ പോരാട്ടത്തിനൊടുവില്‍ കരഗതമായ സ്വാതന്ത്ര്യം 1962ല്‍ പട്ടാള മേധാവി നേ വിന്‍ കൈക്കലാക്കിയത് തീവ്ര ബൗദ്ധ ദേശീയത കത്തിച്ച് നിര്‍ത്തിയായിരുന്നു. അങ്ങനെയാണ് ബര്‍മയുടെ പേര് മ്യാന്മറായത്; റോഹിംഗ്യകള്‍ ദേശവിരുദ്ധരായത്; ചെറു വംശീയ വിഭാഗങ്ങള്‍ ദേശീയ ധാരയില്‍ നിന്ന് പുറത്തായത്. ഇപ്പോള്‍ സൈന്യം അധികാരം പിടിക്കുമ്പോഴും അതേ രാഷ്ട്രീയമാണ് പയറ്റുന്നത്. അതുകൊണ്ട്, മ്യാന്മറിന്റെ വംശീയ ബഹുസ്വരത തിരിച്ചു പിടിച്ചു കൊണ്ടേ അവിടെ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂ. ആസിയാന്‍ പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകള്‍ മ്യാന്മറില്‍ ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. ആ ഇടപെടല്‍ റോഹിംഗ്യകളെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊള്ളാന്‍ വേണ്ടി കൂടിയാകണം. ഒപ്പം മ്യാന്മറിലെ പ്രകൃതി വാതക സമ്പത്തില്‍ കണ്ണു വെച്ച് ചൈന നടത്തുന്ന നീക്കങ്ങള്‍ പ്രതിരോധിക്കുന്നതുമായിരിക്കണം. അമേരിക്കയുടെ ഇടപെടലും ആത്മാര്‍ഥമല്ല. അവര്‍ക്കുമുണ്ട് സൈന്യത്തോട് മൃദുസമീപനം.

Latest