Connect with us

Kerala

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം | കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തായിരുന്നു അന്ത്യം. സംസ്‌ക്കാരം നാളെ രണ്ട് മണിക്ക് തൈക്കാട് ശ്മശാനത്തില്‍ നടക്കും

തിരുവല്ലയിലെ ഇരിങ്ങോലില്‍ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂണ്‍ 2-നാണ് ജനനം. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം , ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി എന്നിവിടങ്ങളില്‍ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ജോലിചെയ്തു. യൂണിവേഴ്സിറ്റി കോളേജില്‍നിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി പ്രവര്‍ത്തിക്കച്ചു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദഹം 1997 ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവര്‍ഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചത്.

പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ തലമുതിര്‍ന്ന ഒരു പ്രതിനിധിയായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി. മനുഷ്യനെയും പ്രകൃതിയേയും കേന്ദ്രമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ കവിതകളില്‍ ഭൂരിഭാഗവും. വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാള കവിത എന്നിവയുടെ ഒത്തുചേരലും അദ്ദേഹത്തിന്റെ കവിതകളില്‍ കാണാമായിരുന്നു.

“ഇന്ത്യയെന്ന വികാരം”, “ആരണ്യകം”, “അതിര്‍ത്തിയിലേക്ക് ഒരു യാത്ര”, “ഉജ്ജയിനിയിലെ രാപ്പകലുകള്‍” “മുഖമെവിടെ”, “ഭൂമിഗീതങ്ങള്‍”, “പ്രണയഗീതങ്ങള്‍”, ” സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം”, “ചാരുലത” എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. “അസാഹിതീയം”, “കവിതകളുടെ ഡി.എന്‍.എ.” എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്. പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാര്‍ പുരസ്‌കാരം – (2010), വള്ളത്തോള്‍ പുരസ്‌കാരം – (2010), ഓടക്കുഴല്‍ അവാര്‍ഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം (2010), പി സ്മാരക കവിതാ പുരസ്‌കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Latest