Connect with us

Articles

പുതുച്ചേരിയിലെ ജനാധിപത്യ ധ്വംസനം

Published

|

Last Updated

ലോകത്ത് പാര്‍ലിമെന്ററി ജനാധിപത്യം ഫലപ്രദമായി നടന്നുവരുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇന്ത്യയെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംസ്ഥാന മന്ത്രിസഭകളുടെ പതനം ഒരു തുടര്‍ക്കഥ മാത്രമാണ്. രാജ്യത്ത് അധികാരത്തിലിരുന്ന ഏതെങ്കിലും ഒരു പാര്‍ട്ടി മാത്രമല്ല നഗ്നമായ ജനാധിപത്യ ധ്വംസനങ്ങള്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ കുത്സിത മാര്‍ഗങ്ങളിലൂടെ തകര്‍ക്കുന്നതില്‍ ബി ജെ പി മറ്റെല്ലാവരെയും പിന്തള്ളി ഏറ്റവും മുന്നിലെത്തിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് പുതുച്ചേരി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ ആറേഴ് വര്‍ഷത്തെ എന്‍ ഡി എ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളെ മറിച്ചിടുന്നതിലും പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നതിലും യാതൊരു വിമുഖതയും കാട്ടിയിട്ടില്ല. ഈ നിലയിലുള്ള ഏറ്റവും ഒടുവിലത്തെ പാര്‍ലിമെന്ററി ജനാധിപത്യത്തെ ചോരയില്‍ മുക്കിക്കൊല്ലലാണ് പുതുച്ചേരിയില്‍ നടന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പിടിച്ചുപുറത്താക്കാന്‍ വേണ്ടി മാത്രം നിലവിലുണ്ടായിരുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ ആദ്യം സ്ഥാനത്തു നിന്ന് മാറ്റി. പിന്നീട് ബി ജെ പി സംസ്ഥാന പ്രസിഡന്റായിരുന്ന ഗവര്‍ണര്‍ തമഴിസൈ സൗന്ദരരാജനെ ആ സ്ഥാനത്ത് കൊണ്ടുവരികയും ചെയ്തു. എത്ര നഗ്നമായ രീതിയിലാണ് അവിടെ ജനാധിപത്യ ധ്വംസനം നടന്നിട്ടുള്ളതെന്ന് ഇത് വ്യക്തമാക്കുകയും ചെയ്യുന്നു.
ബ്രിട്ടീഷ് പാര്‍ലിമെന്ററി സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യ സംവിധാനമാണ് ഇവിടെ നിലവിലിരിക്കുന്നത്. ക്യാബിനറ്റ് ഗവണ്‍മെന്റ് എന്ന് പരാമര്‍ശിക്കപ്പെടുന്ന പാര്‍ലിമെന്ററി സംവിധാനത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു നിയമസഭ നിലവില്‍ വരും. ഓരോ തിരഞ്ഞെടുപ്പിന് ശേഷവും സര്‍ക്കാറിനെ നയിക്കാന്‍ പ്രധാനമന്ത്രിയെയും അല്ലെങ്കില്‍ മുഖ്യമന്ത്രിയെയും ക്യാബിനറ്റിനെയും തിരഞ്ഞെടുക്കപ്പെടുകയും സര്‍ക്കാറിന്റെ നിര്‍ദേശങ്ങളിന്മേലുള്ള ചര്‍ച്ചകളിലൂടെയും വോട്ടിംഗിലൂടെയും അതിനെ നിയന്ത്രിക്കുകയും, അതിന് വിശ്വാസം നഷ്ടപ്പെട്ടാല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. സാധാരണയായി ഭൂരിപക്ഷ കക്ഷി, തങ്ങള്‍ക്ക് തന്നെ ഭൂരിപക്ഷം ലഭിക്കുമെന്ന് ബോധ്യമാകുന്ന ഏറ്റവും അനുകൂല സാഹചര്യത്തില്‍ അധികാരം ഉപയോഗിച്ച് പാര്‍ലിമെന്റോ നിയമസഭയോ അതിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ പിരിച്ചുവിടാനും കഴിയും.

ജനാധിപത്യ രാഷ്ട്രങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ തന്നെ സ്വേച്ഛാധിപതികളും ഫാസിസ്റ്റുകളുമായി മാറിയ സംഭവങ്ങള്‍ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ഇറ്റലിയില്‍ നിലവില്‍വന്ന സൃഷ്ടിയായിരുന്നു ഫാസിസം. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് വലുതായ രണ്ട് പ്രസ്ഥാനങ്ങളില്‍ ഒന്നായ ഫാസിസം 19ാം നൂറ്റാണ്ടിലെ മുതലാളിത്ത സംസ്‌കാരത്തിനെതിരായി രൂപം പ്രാപിച്ച പ്രസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. ഫാസിസത്തിന് ഒരു നൂതന തത്വസംഹിതയോ വിശദമായ കാര്യപരിപാടിയോ ഉണ്ടായിരുന്നില്ല. വ്യവസ്ഥാപിതമല്ലാത്ത മാര്‍ഗത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതിനും അപ്രകാരം പിടിച്ചെടുക്കപ്പെട്ട രാഷ്ട്രീയാധികാരം ഏത് പ്രകാരത്തിലും നിലനിര്‍ത്തുന്നതിനും വേണ്ടി നിലകൊണ്ട ഒരു പ്രസ്ഥാനം എന്നതിലുപരി രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ലോകത്ത് ഫാസിസത്തിന് ആരും വില കല്‍പ്പിച്ചിട്ടില്ല. നിലവിലിരുന്ന ചില രാഷ്ട്രീയ ആശയങ്ങളുടെ ഒരു ശേഖരമായിരുന്നു ഫാസിസം. മൗലികമായി തന്നെ വിവേകരാഹിത്യം മുഴച്ചു നിന്നിരുന്ന ഫാസിസം, മനപ്പൂര്‍വമായി വിശ്വസിക്കണം എന്ന ശാഠ്യമുള്ള ആളുകള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ആശയസംഹിതയാണ്.
ഇറ്റലിയില്‍ ഫാസിസത്തിന്റെ വളര്‍ച്ചക്ക് വഴിതെളിച്ച അതേ സാഹചര്യങ്ങള്‍ തന്നെയാണ് അൽപ്പം ചില വ്യത്യാസങ്ങളോടു കൂടി ജര്‍മനിയില്‍ നാസിസം രൂപമെടുക്കുന്നതിന് ഹേതുവായത്. ജൂതന്മാരെയാകെ കൂട്ടക്കുരുതി ചെയ്തുകൊണ്ട് നാസിസത്തിന്റെ കൊടിക്കൂറ ഹിറ്റ്‌ലര്‍ ഉയര്‍ത്തിക്കെട്ടുകയും ചെയ്തു.

പറഞ്ഞുവന്നത് സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ ജനാധിപത്യത്തിന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നാണ്. സ്വന്തം താത്പര്യത്തിന് വേണ്ടി ജനാധിപത്യത്തെ അട്ടിമറിക്കാനും കുരുതി ചെയ്യാനും ഇക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല. ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാറുകളെ മറിച്ചിട്ടിട്ടുള്ള ചരിത്രത്തിന്റെ അടിത്തറ ഇതുതന്നെയാണ്. ഏറ്റവും ഒടുവില്‍ പുതുച്ചേരിയില്‍ ഭരണകക്ഷി എം എല്‍ എമാരെ വിലക്ക് വാങ്ങി മന്ത്രിസഭയെ തകര്‍ത്തതു വരെയുള്ള ചരിത്രം ഈ കഥയാണ് പറയുന്നത്.
പുതുച്ചേരിയിലെ ഭരണകക്ഷിയിലെ എം എല്‍ എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ബി ജെ പിയുടെ ശ്രമം ആരംഭിച്ചിട്ട് മാസങ്ങളായി. കോണ്‍ഗ്രസ്, ഡി എം കെ കക്ഷികളില്‍ നിന്ന് ഓരോ എം എല്‍ എമാര്‍ കൂടി രാജിവെച്ചതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുകയും ചെയ്തു. തിങ്കളാഴ്ച സഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി നാരായണസ്വാമി ലഫ്. ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ ലക്ഷ്മി നാരായണന്‍, ഡി എം കെയിലെ വെങ്കിടേഷന്‍ എന്നിവര്‍ സ്പീക്കര്‍ കൊളുന്തുവിനെ സന്ദര്‍ശിച്ച് രാജിക്കത്ത് സമര്‍പ്പിച്ചു. കോണ്‍ഗ്രസില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാത്തതാണ് രാജിക്ക് കാരണമെന്ന് ലക്ഷ്മി നാരായണ്‍ പറഞ്ഞു. മണ്ഡലത്തില്‍ മതിയായ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതിലാണ് രാജിയെന്ന് വെങ്കിടേഷനും പ്രസ്താവിക്കുന്നു. ഒരു നീതീകരണവുമില്ലാത്ത രാജിക്ക് കാരണമിതാണ്. എന്നാല്‍ നേരത്തേ കോണ്‍ഗ്രസില്‍ നിന്ന് നാല് എം എല്‍ എമാര്‍ രാജിവെച്ചിരുന്നു. ഒരു കോണ്‍ഗ്രസ് എം എല്‍ എയെ അച്ചടക്ക നടപടിയുടെ ഭാഗമായി പദവിയില്‍ നിന്ന് നീക്കിയിരുന്നു. ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്ക് 14 വീതം അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കെയാണ് ഭരണപക്ഷത്തെ രണ്ട് എം എല്‍ എമാര്‍ കൂടി രാജിവെച്ചത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -15, ഡി എം കെ-3, ഇടത് സ്വതന്ത്രന്‍-1 എന്നിങ്ങനെ 19 സീറ്റുകളോടെയാണ് നാരായണസ്വാമി സര്‍ക്കാര്‍ അധികാരമേറ്റത്. നിലവില്‍ കോണ്‍ഗ്രസിന് -9 (സ്പീക്കര്‍ ഉള്‍പ്പെടെ), ഡി എം കെ-2, ഇടത് സ്വതന്ത്രന്‍-1 എന്നിങ്ങനെ ഭരണ മുന്നണിയുടെ അംഗബലം 12 ആയി കുറഞ്ഞു. പ്രതിപക്ഷത്ത് എന്‍ ആര്‍ കോണ്‍ഗ്രസ്-7, അണ്ണാ ഡി എം കെ-4, നോമിനേറ്റഡ് അംഗങ്ങള്‍ (ബി ജെ പി)-3 എന്നിങ്ങനെ 14 അംഗങ്ങളുണ്ട്. നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ വോട്ടവകാശമില്ല. എന്നാല്‍ സ്പീക്കര്‍ ആണ് അത് തീരുമാനിക്കേണ്ടത്.

ഗവര്‍ണര്‍ ഭരണത്തിന്‍ കീഴില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുകയാണ് ബി ജെ പി ലക്ഷ്യം. ബി ജെ പിയുടെ പണബലവും മസില്‍പവറും കേന്ദ്ര സര്‍ക്കാറിന്റെ അധികാര ദുഷ്പ്രയോഗങ്ങളും ഉപയോഗിച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ചിരിക്കുന്നത്.
ബി ജെ പിക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭാംഗം പോലും പുതുച്ചേരിയില്‍ ഇപ്പോള്‍ ഇല്ല. എന്നാല്‍ പാര്‍ട്ടി നോമിനേറ്റ് ചെയ്ത മൂന്ന് ബി ജെ പി അംഗങ്ങള്‍ സഭയിലുണ്ട്. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ധാര്‍മികമായ യാതൊരു അവകാശവും കേന്ദ്ര ഭരണക്ഷിക്ക് അവിടെ ഇല്ല. വെറും രാഷ്ട്രീയ ലക്ഷ്യം ലാക്കാക്കിയുള്ള കരുതിക്കൂട്ടിയുള്ള ഹീനമായ രാഷ്ട്രീയ ഇടപെടലാണ് ബി ജെ പി ഇവിടെ നടത്തിയിരിക്കുന്നത്. ഗവര്‍ണര്‍ ഭരണത്തിന്‍ കീഴില്‍ തിരഞ്ഞെടുപ്പ് നടത്തി ഏതുവിധേനയും അധികാരം പിടിച്ചെടുക്കുകയാണ് കേന്ദ്ര ഭരണകക്ഷി ലക്ഷ്യമാക്കുന്നത്. അതിനു വേണ്ടിയാണ് ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദിയെ അവിടെ നിന്ന് മാറ്റുകയും ഗവര്‍ണര്‍ തമിഴിസൈ സുന്ദരരാജനെ ലഫ്. ഗവര്‍ണറായി നിയമിക്കുകയും ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യം വലിയ പ്രതിബന്ധങ്ങളെ അതിജീവിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ ബി ജെ പി ബോധപൂര്‍വം പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി കുത്തിയിറിക്കിയിരിക്കുകയാണ്. ഇതൊക്കെയാണെങ്കിലും നമ്മുടെ ജനാധിപത്യത്തെ വളരെ എളുപ്പം തകര്‍ത്തെറിയാന്‍ ഇന്നത്തെ ഭരണകക്ഷിക്ക് എളുപ്പം കഴിയുമെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തമായ അടിത്തറ ഇപ്പോഴും നിലവിലുണ്ട്. അതുകൊണ്ട് തന്നെ പുതുച്ചേരിയിലെ ജനാധിപത്യ ധ്വംസനത്തെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യന്‍ ജനാധിപത്യം കാട്ടുമെന്നുള്ളതിന് യാതൊരു സംശയവുമില്ല.

അഡ്വ. ജി സുഗുണന്‍

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428