Connect with us

Ongoing News

ഐ എസ് എല്ലിലെ നൂറാം മത്സരത്തില്‍ മുംബൈയെ അട്ടിമറിച്ച് ജാംഷഡ്പൂര്‍

Published

|

Last Updated

മഡ്ഗാവ് | ഗോവയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറിയെ ഐ എസ് എല്ലിലെ നൂറാം മത്സരത്തില്‍ അട്ടിമറി. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ് സിയെ ഏഴാം സ്ഥാനത്തുള്ള ജാംഷഡ്പൂര്‍ എഫ് സിയാണ് ഏകപക്ഷീയമായ രണ്ട് ഗോളിന് അട്ടിമറിച്ചത്. 72, 90 മിനുട്ടില്‍ ബോറിസ് സിംഗ്, ഡേവിഡ് ഗ്രാൻഡെ എന്നിവരാണ് ജാംഷഡ്പൂരിന്റെ ഗോള്‍ നേടിയത്. ഇരുവരും പകരക്കാരായാണ് കളത്തിലെത്തിയത്.

ഒന്നാം പകുതിയില്‍ ഒരുതവണ മാത്രമാണ് ജാംഷഡ്പൂര്‍ എഫ് സിയുടെ ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ക്കാന്‍ കരുത്തരായ മുംബൈക്ക് സാധിച്ചത്. മുംബൈ നിരയില്‍ മാറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. ജാക്കിചന്ദ് സിംഗിന് പകരം ബിപിന്‍ സിംഗിനെയാണ് മുംബൈ ഇറക്കിയത്.

66ാം മിനുട്ടില്‍ ജാംഷഡ്പൂരിന്റെ നെരിജസ് വാല്‍സ്‌കിസിന് കളിയിലെ ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചു. 68ാം മിനുട്ടില്‍ സീമിന്‍ലെന്‍ ഡംഗലിനെ പിന്‍വലിച്ച് ബോറിസ് സിംഗിനെ ജാംഷഡ്പൂര്‍ ഇറക്കി. പകരക്കാരനായെത്തിയ ബോറിസ് വൈകാതെ ഗോള്‍ നേടുകയും ചെയ്തു.

79ാം മിനുട്ടില്‍ മുംബൈയുടെ സി ഗൊദ്ദാര്‍ഡിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഏതുവിധേനയും ഗോള്‍ നേടാന്‍ 80, 81 മിനുട്ടുകളില്‍ മൂന്ന് പകരക്കാരെയാണ് മുംബൈ പരീക്ഷിച്ചത്. ഹെര്‍നന്‍ സന്താന, റോളിന്‍ ബോര്‍ജസ്, മന്ദര്‍ റാവു ദേശായ് എന്നിവരെ പിന്‍വലിച്ച് ബര്‍തോലോമേവ് ഒഗ്‌ബെച്ചെ, മെഹ്താബ് സിംഗ്, വിഗ്നേഷ് ദക്ഷിണാമൂര്‍ത്തി എന്നിവരെയാണ് ഇറക്കിയത്. 84ാം മിനുട്ടില്‍ ജാംഷഡ്പൂര്‍ ഭാഗത്തും പകരക്കാരെ ഇറക്കി. നെരിജസ് വാല്‍സ്‌കിസിനെ പിന്‍വലിച്ച് ഡേവിഡ് ഗ്രാന്‍ഡെയാണ് ഇറക്കിയത്. 90ാം മിനുട്ടിൽ ഗ്രാൻഡെ ഗോൾ നേടുകയും ചെയ്തു.

നിശ്ചിത സമയം പൂർത്തിയായതിനെ തുടർന്ന് റഫറി ഹരീഷ് കുന്ദു അഞ്ച് മിനുട്ട് അധികം സമയം അനുവദിച്ചെങ്കിലും ആശ്വാസ ഗോൾ നേടാൻ പോലും മുംബൈക്ക് സാധിച്ചില്ല. അധിക സമയത്ത് ഫാറൂഖ് ചൗധരിക്ക് പകരം മുഹമ്മദ് മുബശ്ശിർ ജാംഷഡ്പൂരിനായി കളത്തിലെത്തിയിരുന്നു.

Latest