Connect with us

Kerala

ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് വിദേശ കമ്പനികളെ അനുവദിക്കില്ല ; ജെ മേഴ്‌സിക്കുട്ടിയമ്മ

Published

|

Last Updated

തിരുവനന്തപുരം | അമേരിക്കന്‍ കമ്പനിയായ ഇ എം സി സിയുമായി ന്യൂയോര്‍ക്കില്‍വെച്ച് ചര്‍ച്ച നടത്തിയില്ലെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ന്യൂയോര്‍ക്കില്‍ പോയത് യു എന്‍ പരിപാടിയില്‍ പങ്കെടുക്കാനാണ്. അമേരിക്കയില്‍വെച്ച് ധാരണയുണ്ടാക്കിയെന്നാണ് ചെന്നിത്തല ഇന്നലെ പറഞ്ഞത്. ഇന്ന് പറയുന്നു കേരളത്തില്‍വെച്ചാണ് ചര്‍ച്ച നടത്തിയതെന്നാണ്. പ്രതിപക്ഷ നേതാവ് ഇത്ര തരം താഴരുത്. എന്തും പറയാനുള്ള ഉളുപ്പില്ലായ്മയാണ് പ്രതിപക്ഷ നേതാവിനുള്ളത്. കുറച്ച്കൂടി ഉത്തരവാദിത്തം അദ്ദേഹം കാണിക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായും ചര്‍ച്ച നടന്നില്ലെന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വാദം പച്ചക്കള്ളമാണെന്നും ചെന്നിത്തല ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു മേഴ്‌സിക്കുട്ടിയമ്മ. സ്വപനക്കൊപ്പം ഫോട്ടോയില്‍ കണ്ടതുകൊണ്ട് ചെന്നിത്തലക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണോ കരുതേണ്ടതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.

ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട സംസ്ഥാന ഫിഷറീസ് നയം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വായിച്ച മന്ത്രി ഇതില്‍ ഒരു തിരുത്തലും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഫിഷറീസ് നയം സുതാര്യമാണ്. വിദേശത്ത് നിന്നുള്ള ട്രോളറുകള്‍ക്ക് കേരളത്തിന്റെ ആഴക്കടലില്‍ മത്സ്യ ബന്ധനം അനുവദിക്കില്ല എന്നതാണ് നയം. ഇതിന് വരുദ്ധമായി ആരെങ്കിലും എം ഒ യു ഒപ്പുവെച്ചാല്‍ അത് കേരളത്തില്‍ നടപ്പാകില്ല. ചില ഉദ്യോഗസ്ഥര്‍ക്ക് ചില പൂതിയൊക്കെയുണ്ട്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍. പക്ഷേ അത് കേരളത്തിന്റെ മണ്ണില്‍ നടപ്പാകില്ല. സംസ്ഥാന ക്യാബിനറ്റ് അംഗീകരിച്ച നയം മാത്രമേ ഇവിടെ നടപ്പാക്കുകയുള്ളു.

തന്റെ ഓഫീസില്‍ ഇ എം സി പ്രവര്‍ത്തകര്‍ വന്നിരുന്നു. ആരെയും കാണുന്നത് കുറ്റമല്ല. ജനാധിപത്യ രാജ്യത്ത് ആര്‍ക്കും ആരെയും കാണാം. തന്നെ വന്നുകണ്ട ഇ എം സി പ്രതിനിധികളോട് സര്‍ക്കാറിന്റെ നയം അപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. . കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചേ സംസ്ഥാനത്ത് വ്യവസായങ്ങള്‍ നടപ്പാക്കു, പള്ളിപ്പുറത്ത് വ്യവസായ വകുപ്പ് ഇ എം സിക്ക് ഭൂമി നല്‍കിയത് ഭക്ഷ്യ സംസ്‌കരണ യൂണിറ്റിന് വേണ്ടിയാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.