പിഴിഞ്ഞൂറ്റാന്‍ ഇനി എന്തുണ്ട് ബാക്കി?

Posted on: February 20, 2021 3:39 am | Last updated: February 20, 2021 at 3:39 am

പെട്രോളിയം ഉത്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് ശേഷമുള്ള തുടര്‍ച്ചയായ വില വര്‍ധന ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കെത്തിയിരിക്കുകയാണ്. പെട്രോളിനും ഡീസലിനും പാചക വാതകത്തിനുമിപ്പോള്‍ റെക്കോര്‍ഡ് വിലയാണ്. രണ്ടാഴ്ചയോളമായി എല്ലാ ദിവസവും ഇന്ധനവില വര്‍ധിപ്പിക്കുകയാണ് എണ്ണക്കമ്പനികള്‍. രാജ്യത്താദ്യമായി പെട്രോള്‍ വില 100 രൂപ കടന്നിരിക്കുന്നു. രാജസ്ഥാനിലാണ് പെട്രോള്‍ വില 100 രൂപ കടന്നിരിക്കുന്നത്. ഡീസല്‍ ലിറ്ററിന് 90 രൂപയായി. പാചക വാതക വില 800 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 92 രൂപ കഴിഞ്ഞു. വില ഉയര്‍ത്തല്‍ ഒരു പതിവ് പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് മോദി സര്‍ക്കാറും എണ്ണക്കമ്പനികളും. ജനങ്ങളെ പിഴിഞ്ഞൂറ്റി കോര്‍പറേറ്റുകളെ തടിപ്പിച്ചെടുക്കുന്ന കലാപരിപാടിയാണ് മോദി സര്‍ക്കാറിന് പെട്രോളിയം – പാചക വാതക വില വര്‍ധിപ്പിക്കലെന്ന് വന്നിരിക്കുന്നു. കൊവിഡ് സൃഷ്ടിച്ച ആരോഗ്യ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന ജനങ്ങളെ വില വര്‍ധനവിന്റെ നിലയില്ലാക്കയങ്ങളിലേക്ക് എടുത്തെറിയുകയാണ് ഹിന്ദുത്വവാദികളുടെ കേന്ദ്ര സര്‍ക്കാര്‍. ഇന്ധനവില വര്‍ധന ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അധികഭാരം ഏറ്റുവാങ്ങേണ്ടതിലേക്കാണ് ജനങ്ങളെ എത്തിക്കുന്നത്. നിത്യേനയെന്നോണം എണ്ണ വില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ പിടിച്ചു നിര്‍ത്താനാകാത്ത വിലക്കയറ്റമാണ് സൃഷ്ടിക്കുന്നത്. അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയും ചാര്‍ജും വര്‍ധിച്ച് ജനജീവിതം കൂടുതല്‍ ദുരിത പൂര്‍ണമായിത്തീരുകയാണ്.

തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും വിലക്കയറ്റവും സാധാരണക്കാര്‍ക്ക് ജീവിതം തന്നെ വലിയൊരു വെല്ലുവിളിയാക്കുകയാണ്. ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ അനുദിനം കൂടി വരുന്നതിലൊന്നും മോദി സര്‍ക്കാറിന് ഒരു ഉത്കണ്ഠയുമില്ല. ജനങ്ങളുടെ ജീവിതമല്ല എണ്ണക്കമ്പനികള്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളുടെ ലാഭ മോഹങ്ങളാണ് കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്നത്. കുത്തക മൂലധന ശക്തികള്‍ക്ക് രാഷ്ട്ര സമ്പത്തിനെയും ജനങ്ങളെയും കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുകയാണവര്‍. യു പി എ സര്‍ക്കാറും എന്‍ ഡി എ സര്‍ക്കാറും പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയം കമ്പനികളെ ഏല്‍പ്പിച്ച് യഥേഷ്ടം വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കിയതോട് കൂടിയാണല്ലോ ഇന്ധനവില വര്‍ധന ദൈനംദിനം സംഭവിക്കുന്ന കലാപരിപാടിയായി മാറിയത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടിയുമ്പോഴും അതിന് ആനുപാതികമായ വിലക്കുറവ് ഇന്ത്യയുടെ ആഭ്യന്തര മാര്‍ക്കറ്റില്‍ സംഭവിക്കുന്നില്ലായെന്ന് മാത്രമല്ല അനുദിനം വില കൂടി റെക്കോര്‍ഡ് നിലവാരത്തിലേക്ക് കുതിക്കുകയാണ്. മോദിക്ക് 56 ഇഞ്ച് നെഞ്ച് വിരിച്ച് അഭിമാനിക്കാം, ലോകത്തില്‍ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വിലയുള്ള രാജ്യം തന്റെ ആര്‍ഷ പാരമ്പര്യം പേറുന്ന ഇന്ത്യയിലാണെന്ന്! കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയില്‍ 14 ശതമാനത്തോളമാണ് ഇന്ധന വില വര്‍ധിച്ചത്. ഇന്ത്യയിലെ വിലയേക്കാള്‍ പകുതി വിലക്കാണ് അമേരിക്കയിലും ചൈനയിലുമെല്ലാം പെട്രോള്‍ വില്‍ക്കുന്നത്. ശ്രീലങ്കയിലും പാക്കിസ്ഥാനിലും വില എത്രയോ കുറവാണ്. പെട്രോള്‍ വാങ്ങിക്കാനായി ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് ആളുകള്‍ അതിര്‍ത്തി മേഖലകളില്‍ തള്ളിക്കയറുന്ന ദൃശ്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. നേപ്പാളിന് കുറഞ്ഞ വിലക്ക് ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നല്‍കുന്ന പെട്രോളാണ് അവിടെ വില്‍പ്പനക്കെത്തുന്നതെന്നതാണ് കൗതുകകരമായ കാര്യം. ഇവിടെ എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാറും ചേര്‍ന്ന് നിരന്തരമായി വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നു. എണ്ണ വിലക്കയറ്റത്തിന് കാരണം പറയാറുള്ളത് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലക്കയറ്റമായിരുന്നല്ലോ. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളനുസരിച്ച് ഇവിടെ വില കൂട്ടുകയാണ് പതിവ്. എന്നാല്‍ കൊവിഡും ലോക്ക്ഡൗണും തുടര്‍ന്നുള്ള സാഹചര്യങ്ങളും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തുടര്‍ച്ചയായി ക്രൂഡ് വില കുറച്ചു. അതിനനുസരിച്ചുള്ള വിലക്കുറവ് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായില്ല എന്ന് മാത്രമല്ല ഭീകര വിലക്കയറ്റമാണ് ഓരോ ദിവസവും പെട്രോളിനും ഡീസലിനുമുണ്ടായത്. തുടര്‍ച്ചയായി ഒരാചാരം പോലെ നിത്യേന വില കൂടിക്കൊണ്ടേയിരിക്കുന്നു. വില നിശ്ചയിക്കുന്നതില്‍ പ്രധാനമായിരിക്കുന്നത്, അതായത് വില നിര്‍ണയത്തിന്റെ 40 ശതമാനത്തോളം സ്വാധീനിക്കുന്നത് ക്രൂഡ് വില തന്നെയാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയെന്നത് അതിന്റെ ഇറക്കുമതിച്ചെലവുമായി ചേര്‍ന്നതാണ്. ഡോളര്‍, രൂപ വിനിമയ മൂല്യവുമായി ബന്ധപ്പെട്ടതാണ് ഇറക്കുമതിച്ചെലവ് എന്നത്. വിവിധ നികുതികള്‍, ശുദ്ധീകരണ ചെലവ്, ചരക്ക് നീക്കം, കമ്മീഷനുകള്‍ തുടങ്ങിയവയെല്ലാം ഇന്ധനവില നിര്‍ണയത്തില്‍ സ്വാധീനങ്ങളായുണ്ട്. പ്രധാന ഘടകമായിരിക്കുന്നത് ക്രൂഡ് വില തന്നെയാണ്. എന്നിട്ടും എന്താണ് അന്താരാഷ്ട്ര ക്രൂഡ് വിലക്കനുസൃതമായി ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവുണ്ടാകാത്തത്? കുറയുന്നതിന് പകരം എന്തുകൊണ്ടാണ് ഓരോ ദിനവും വില കൂടിക്കൊണ്ടിരിക്കുന്നത്?

ALSO READ  സംഘര്‍ഷമാണ് സംഘ്പരിവാര്‍ ലക്ഷ്യം

മോദി അധികാരത്തില്‍ വന്ന 2014 മുതലുള്ള കണക്കുകള്‍ എന്താണ് വ്യക്തമാക്കുന്നതെന്ന് നോക്കാം. അത് ഇന്ധനവില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാറും കോര്‍പറേറ്റുകളും നടത്തുന്ന പകല്‍ക്കൊള്ള എത്ര ഭീകരമാണെന്ന് നമുക്ക് മനസ്സിലാക്കിത്തരും.
2014ല്‍ അസംസ്‌കൃത എണ്ണ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 109 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ വില കേരളത്തില്‍ ലിറ്ററിന് 77 രൂപയായിരുന്നു. 2020 ജനുവരിയില്‍ അസംസ്‌കൃത എണ്ണയുടെ ശരാശരി വില ബാരലിന് 64 ഡോളര്‍. പെട്രോളിന് 77 രൂപ. ഫെബ്രുവരിയില്‍ ക്രൂഡ് വില 55 ഡോളര്‍, പെട്രോള്‍ വില 74 രൂപ. മാര്‍ച്ച് പകുതിയില്‍ ക്രൂഡ് വില 35 ഡോളര്‍, പെട്രോള്‍ വില 71.51 രൂപ. ഏപ്രിലിലെ ശരാശരി വില 19.9 ഡോളര്‍, പെട്രോള്‍ വില 71.51 രൂപ. ജൂണ്‍ മാസം ക്രൂഡ് 40 ഡോളര്‍, പെട്രോള്‍ വില 73.26 രൂപ. ആഗസ്റ്റ് മാസം ക്രൂഡ് വില 47.5 ഡോളര്‍, പെട്രോള്‍ വില 81.26 രൂപ. നവംബര്‍ മാസം ക്രൂഡ് വില 46.84 ഡോളര്‍, പെട്രോള്‍ വില 82.60 രൂപ.

ഡിസംബര്‍ മാസം ക്രൂഡ് വില 49.25 ഡോളര്‍, പെട്രോള്‍വില 83.66 രൂപ. 2021 ജനുവരി മുതല്‍ ക്രൂഡ് വില 50 ഡോളറിനും താഴോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് പെട്രോള്‍ വില 100 രൂപയോട് അടുക്കുന്നതും ഡീസല്‍ വില 90 കടന്നിരിക്കുന്നതും.
ഈ കണക്കുകള്‍ കേന്ദ്ര സര്‍ക്കാറും റിലയന്‍സുള്‍പ്പെടെയുള്ള കോര്‍പറേറ്റുകളും ഇന്ധനവില വര്‍ധനവിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ കൊള്ളയെയാണ് കാണിക്കുന്നത്. ഈ കൊവിഡ് കാലത്ത് നടത്തുന്ന ഇന്ധനവില വര്‍ധനവെന്ന തീവെട്ടിക്കൊള്ളക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം വിചിത്രം തന്നെയാണ്! ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ നികുതി നഷ്ടം മൂലമാണ് എക്‌സൈസ് നികുതി നിരന്തരം വര്‍ധിപ്പിക്കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം തീരുവ വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് തട്ടിയെടുത്തത് 2.25 ലക്ഷം കോടി രൂപയാണ്. ലോക്ക്ഡൗണ്‍ സര്‍ക്കാറിനുണ്ടാക്കിയ നഷ്ടം പരിഹരിക്കാന്‍ ഇന്ധന തീരുവ കൂട്ടിയ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് കുടുംബങ്ങളുടെ പൊതുമേഖലാ ബേങ്കുകളിലെ ഒമ്പത് ലക്ഷം കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്. ലക്ഷക്കണക്കിന് കോടികളാണ് കുത്തകകള്‍ക്ക് ബജറ്റ് വഴി നികുതിയിളവുകളായി നല്‍കിയത്. കോര്‍പറേറ്റുകള്‍ക്ക് വലിയ ലാഭക്കച്ചവടമായി ഇന്ധനവില മാറിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാറാകട്ടെ തങ്ങളുടെ വലിയ വരുമാന മാര്‍ഗമാക്കി പെട്രോള്‍, ഡീസല്‍ വ്യാപാരത്തെ മാറ്റിക്കഴിഞ്ഞു. പാചക വാതകത്തിനും പെട്രോളിനും ഡീസലിനും നികുതി കൂട്ടിയും സബ്‌സിഡി സഹായങ്ങള്‍ ഇല്ലാതാക്കിയും ജനങ്ങളെ കൊള്ളയടിച്ച് കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങളും സഹായങ്ങളും തടസ്സമേതുമില്ലാതെ വാരിക്കോരി കൊടുക്കുന്നതിലാണ് മോദി സര്‍ക്കാര്‍ വ്യാപൃതരായിരിക്കുന്നത്. വന്‍തോതില്‍ നികുതിയും സെസും ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്നതിലാണ് അവര്‍ ഉത്സാഹിക്കുന്നത്. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 38 രൂപയിലധികം വരും. ഡീസലിന് 40 രൂപയും.

ALSO READ  പ്രക്ഷോഭങ്ങളുടെ വഴിയും വെളിച്ചവും

വില നിര്‍ണയാധികാരം കമ്പനികളെ ഏല്‍പ്പിച്ചതോടെയാണ് അനിയന്ത്രിതമായ വിലക്കയറ്റം ഇന്ധന വിലയില്‍ പതിവായത്. എണ്ണക്കമ്പനികളുടെ കൊള്ളയും തീരുവ കൂട്ടി ജനങ്ങളെ പിഴിഞ്ഞൂറ്റുകയെന്ന സര്‍ക്കാറിന്റെ നയവുമാണ് തുടര്‍ച്ചയായ വില വര്‍ധനവിന് കാരണം. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ബേങ്ക് അക്കൗണ്ടുകളില്‍ സബ്‌സിഡികള്‍ ഒഴുകിയെത്തുന്നതിനെ കുറിച്ച് വാചകമടിച്ചവര്‍ പാചക വാതകത്തിന് സബ്‌സിഡിയേ ഇല്ലാത്ത സ്ഥിതിയില്‍ കാര്യങ്ങളെ എത്തിച്ചു കഴിഞ്ഞു.

1991ഓടെ ആരംഭിച്ച ആഗോളവത്കരണ നയങ്ങളുടെ ഭാഗമായാണ് എണ്ണ പര്യവേക്ഷണ രംഗത്തും ഖനന രംഗത്തും സംസ്‌കരണ രംഗത്തും വിതരണ രംഗത്തും സ്വകാര്യ കുത്തകകള്‍ കടന്നു വന്നത്. ഒ എന്‍ ജി സിയുടെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുണ്ടായിരുന്ന 100 കണക്കിന് എണ്ണ, പ്രകൃതി വാതക പര്യവേക്ഷണ പദ്ധതികളും ഖനികളും സംസ്‌കരണ ശാലകളും റിലയന്‍സുള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ക്ക് കൈമാറ്റപ്പെടുകയായിരുന്നു. ബ്രഹ്മപുത്ര തടത്തിലും മുംബൈയിലുമെല്ലാമായി എത്ര പദ്ധതികളാണ് റാവുവും വാജ്‌പെയിയും മന്‍മോഹന്‍ സിംഗും സ്വകാര്യ മേഖലക്ക് കൈമാറിയത്. ഒ എന്‍ ജി സി എണ്ണ പമ്പ് ചെയ്‌തെടുക്കാവുന്ന രീതിയില്‍ വികസിപ്പിച്ച എത്രയെത്ര എണ്ണ ഖനികളാണ് എന്റോണ്‍ മോഡല്‍ വിദേശ സ്വദേശ കുത്തകകള്‍ക്ക് കൈമാറിയത്. എണ്ണ വിഷയത്തില്‍ സ്വയംപര്യാപ്തതയിലേക്ക് രാജ്യത്തെ നയിക്കുക എന്ന ലക്ഷ്യം കൈവിട്ട് കോര്‍പറേറ്റ് ബിസിനസാക്കി എണ്ണയുത്പാദന, വിതരണ രംഗത്തെ അധപ്പതിപ്പിച്ച നിയോലിബറല്‍ നയങ്ങളുടെ അനിവാര്യ ഫലമാണ് ഇപ്പോഴത്തെ ഇന്ധനവില വര്‍ധന. ജനങ്ങളെയും രാജ്യ താത്പര്യങ്ങളെയും ശത്രുസ്ഥാനത്ത് നിര്‍ത്തി കോര്‍പറേറ്റുകളുടെ ദുരമൂത്ത ലാഭ താത്പര്യങ്ങള്‍ക്ക് കീഴടങ്ങിയ നിയോലിബറല്‍ നയങ്ങളുടെ നടത്തിപ്പ് പണിയെടുക്കുന്ന സര്‍ക്കാറുകളാണ് ഈ ദുരവസ്ഥക്കുത്തരവാദികള്‍.