Connect with us

Ongoing News

ത്രികോണ മത്സരത്തിനൊരുങ്ങി പാലക്കാട്

Published

|

Last Updated

പാലക്കാട് | പാലക്കാട് നിയമസഭാ മണ്ഡലം യു ഡി എഫിനും ഇടതിനും വളക്കൂറുള്ള മണ്ണാണ്. ഇടതിനെയും വലതിനെയും ജയിപ്പിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ ബി ജെ പിയും ശക്തി തെളിയിക്കാൻ രംഗത്ത് വന്നതോടെയാണ് തിരഞ്ഞെടുപ്പ് ചിത്രത്തിൽ മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയത്.
മുൻകാല തിരഞ്ഞെടുപ്പുകളിൽ ഇടതും വലതും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നടന്നതെങ്കിൽ 1982 മുതൽ ബി ജെ പി സ്ഥാനാർഥിയെ രംഗത്തിറക്കിയതോടെയാണ് മാറ്റം വന്ന് തുടങ്ങിയത്.

ഓരോ തിരഞ്ഞടുപ്പുകളിലും ബി ജെ പി വോട്ടിംഗ് ശതമാനം ഉയർത്തിയതിന് പുറമേ കഴിഞ്ഞ നിയമസഭാ” തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതോടെ ബി ജെ പിയുടെ സംസ്ഥാനത്ത് വിജയപ്രതീക്ഷയിലുള്ള പട്ടികയിൽ പാലക്കാടും ഇടം പിടിച്ചു. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാൻ എല്ലാം അടവുകളും പയറ്റാൻ ബി ജെ പി രംഗത്ത് വരുമ്പോൾ എന്ത് വില നൽകിയും ചെറുക്കാൻ യു ഡി എഫും അണിയറ നീക്കം തുടങ്ങി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ശാഫി പറമ്പിലിനെ കളത്തിലിറക്കി മണ്ഡലം നിലനിർത്താനാണ് യു ഡി എഫ് ശ്രമം. ജില്ലയിലെ പാലക്കാട് നഗരസഭയും, പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ പഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ പഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട് നിയമസഭാ മണ്ഡലം.

ചരിത്രം ഇങ്ങനെ

1957ൽ മണ്ഡലം രൂപവത്കരിച്ചപ്പോൾ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് വിജയിച്ചത്. 1960ൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലും കോൺഗ്രസിലെ ആർ രാഘവമേനോൻ വിജയിച്ചു. 1967ൽ നടന്ന തിരഞ്ഞെടുപ്പിൽ ആർ കൃഷ്ണൻ ഇടത് സ്ഥാനാർഥിയായി മണ്ഡലം പിടിച്ചെടുത്തു. 70ൽ നടന്ന തിരഞ്ഞെടുപ്പിൽ ആർ കൃഷ്ണൻ തന്നെ മണ്ഡലത്തിൽ വിജയിച്ച് ഇടത് കോട്ടയെന്ന ഖ്യാതി പാലക്കാടിന് നൽകിയെങ്കിലും 1977ൽ കോൺഗ്രസ് സ്ഥാനാർഥിയായി സി എം സുന്ദരനെ നിർത്തിയതോടെ കോട്ട തകർന്നു.

1977 മുതൽ 1991 വരെ തുടർച്ചയായി അഞ്ച് തവണ സി എം സുന്ദരൻ ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി നിന്നും കൊണ്ട് വിജയിച്ചിട്ടുണ്ട്. 1996 ൽ സി എം സുന്ദരനെ തോൽപ്പിച്ചു ടി കെ നൗഷാദ് മണ്ഡലം സി പി എമ്മിന് വേണ്ടി നേടി. 2001 ൽ പ്രമുഖ കോൺഗ്രസ് നേതാവായ കെ ശങ്കരനാരായണൻ മണ്ഡലം യു ഡി എഫിന് വേണ്ടി തിരിച്ചു പിടിച്ചു. 2006-ൽ വീണ്ടും സി പി എം, കെ കെ ദിവാകരനിലൂടെ തിരിച്ചു പിടിച്ചു. 2011 ൽ കോൺഗ്രസിലെ യുവനേതാവ് ഷാഫി പറമ്പിൽ മണ്ഡലം വീണ്ടും വലത്തോട്ട് കൊണ്ടുപോയി. 2016 ൽ ശാഫി പറമ്പിൽ മണ്ഡലം ആർക്കും പിടി കൊടുക്കാതെ വലത്തോട്ട് ചേർത്ത് പിടിച്ചപ്പോൾ ഇടത് മൂന്നാം സ്ഥാനത്തേക്കും ബി ജെ പി രണ്ടാം സ്ഥാനത്തേക്കും എത്തി. എൻ എൻ കൃഷ്ണദാസിനേക്കാൾ 1401 വോട്ട് നേടിയാണ് ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തിയത്.

കോൺഗ്രസ്- സി പി എം ബലാബലം

പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും, കണ്ണാടി, പിരായിരി എന്നീ പഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ പഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം പിയായിരുന്ന എം ബി രാജേഷിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ വി കെ ശ്രീകണ്ഠൻ മണ്ഡലം തിരിച്ച് പിടിക്കുകയും ചെയ്തു.
പാലക്കാട് നഗരസഭ ബി ജെ പിയും പഞ്ചായത്തുകളായ കണ്ണാടിയിൽ എൽ ഡി എഫും പിരായിരിയും മാത്തൂരും യു ഡി എഫുമാണ് ഭരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലുംതദ്ദേശ തിരഞ്ഞെടുപ്പിലും കൈവരിച്ച നേട്ടം യു ഡി എഫിന് പ്രതീക്ഷ നൽകുന്നുണ്ട്.
അതേ സമയം കോൺഗ്രസും എൽ ഡി എഫും മണ്ഡലം നിലനിർത്താനും പിടിച്ചെടുക്കാനുമായി ഓടുമ്പോൾ ഇത്തവണ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് നെല്ലറയിലെ ചൂടിനേക്കാൾ കടുപ്പം കൂടും.