Connect with us

Kerala

മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് സംവിധാനം പരിഗണിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മോട്ടോര്‍ തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനായി ഓട്ടോ തൊഴിലാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശയവിനിമയം നടത്തി. മോട്ടോര്‍ തൊഴിലാളികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്‍ഷുറന്‍സ് സംവിധാനം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് വകുപ്പിന്റെ സേവനങ്ങള്‍ എങ്ങനെ വിപുലീകരിക്കാനാവുമെന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് എല്‍ പി ജി വ്യാപകമായി ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കും. സിറ്റി ഗ്യാസ് പദ്ധതി യാഥാര്‍ഥ്യമായതിനാല്‍ ഇന്ധനലഭ്യത വര്‍ധിക്കുകയും എല്ലായിടത്തും വ്യാപിക്കുകയും ചെയ്യും. വ്യവസായം, വീട്, വാഹനം എന്നിവയ്ക്ക് ഇത്തരത്തില്‍ ഇന്ധനം ലഭ്യമാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓട്ടോറിക്ഷാ മീറ്റര്‍ സീലിംഗുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കും. ക്ഷേമനിധി പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നത് പരിശോധിക്കും. തൊഴിലാളികള്‍ക്ക് ക്ഷേമനിധിയിലേക്ക് അടയ്‌ക്കേണ്ട കുടിശ്ശിക ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യം ഒരുക്കമെന്ന ആവശ്യം ആലോചിക്കേണ്ട വിഷയമാണ്. 1991 ലെ ക്ഷേമനിധി പുതിയ ക്ഷേമനിധിയില്‍ ലയിപ്പിക്കുന്നത് ഇതിനകം തീരുമാനമായിട്ടുണ്ട്. സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനം നാടിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വികസനത്തിനായി വിനിയോഗിക്കുന്നുണ്ട്. ക്ഷേമനിധി സംബന്ധിച്ച മറ്റു ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്ടതാണ്.

ഇ-ഓട്ടോറിക്ഷ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണ്. എന്നാല്‍ ഇത് വ്യാപകമാക്കുമ്പോള്‍ തൊഴിലാളികളെ കണ്ടുകൊണ്ടുള്ള നിലപാടായിരിക്കും സര്‍ക്കാര്‍ എടുക്കുക. കൃത്യമായി നിശ്ചയിക്കപ്പെട്ട ഓട്ടോ സ്റ്റാന്‍ഡുകള്‍ വേണമെന്നത് ആവശ്യമാണ്. അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
സമാധാനപരമായി തൊഴിലെടുക്കാനുള്ള അവസരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രമസമാധാനം കൂടുതല്‍ ഭദ്രമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഓട്ടോ ഓടിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വനിതകള്‍ക്ക് പൊതു ശൗചാലയങ്ങള്‍ കൂടുതല്‍ ആവശ്യമുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ വഴി പൊതുശൗചാലയങ്ങള്‍ കൂടുതലായി സ്ഥാപിക്കുന്നുണ്ട്. ഇന്ധനപമ്പുകളിലെ ശൗചാലയങ്ങളും പൊതുവായി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest