Connect with us

Book Review

ഓർമകളുടെ നാട്ടുവെളിച്ചം

Published

|

Last Updated

ഓലച്ചൂട്ട് | രമേശ് കാവിൽ

പ്രൗഢഗംഭീരമായ ആത്മകഥകളാൽ സമ്പന്നമാണ് മലയാള സാഹിത്യം. ആത്മകഥകളുടെ ഗണത്തിൽപ്പെടുത്താനാകില്ലെങ്കിലും മികവുറ്റ ഓർമക്കുറിപ്പുകളുടെ സമാഹാരങ്ങളും നമുക്കുണ്ട്. ഭാഷയുടെ ലാവണ്യ ഭംഗിയും ആവിഷ്കാരത്തിന്റെ അഭൗമ ശക്തിയുമായി നമ്മെ വിസ്മയിപ്പിച്ച ഓർമക്കുറിപ്പുകളുടെ ഗണത്തിലേക്ക് എടുത്തുചേർക്കാൻ കഴിയുന്ന മനോഹരമായ രചനയാണ് കവിയും ഗാനരചയിതാവും നാടകകൃത്തും പ്രഭാഷകനുമായ രമേശ് കാവിലിന്റെ ഓലച്ചൂട്ട്. രണ്ടായിരത്തോളം പാട്ടുകളും മുപ്പതോളം നാടകങ്ങളും നൂറോളം കഥാപ്രസംഗങ്ങളും അൻപതോളം പുസ്തകങ്ങൾക്ക് പഠനവും ആമുഖവുമെല്ലാമെഴുതിയ എഴുത്തുകാരന്റെ ആദ്യ പുസ്തകമാണിത്. ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ കുറിപ്പുകൾ മനസ്സിനെ തരളിതമാക്കുന്ന അനുഭവ വിവരണങ്ങളാൽ സമ്പന്നമാണ്.

ഡോ. കെ ശ്രീകുമാർ അവതാരികയെഴുതിയ ഓലച്ചൂട്ടിൽ 19 കുറിപ്പുകളാണുള്ളത്. നന്മകളാൽ സമൃദ്ധമായ നാട്ടിടവഴികളിലൂടെ ഒരോലച്ചൂട്ടിന്റെ വെളിച്ചത്തിലൂടെയുള്ള സഞ്ചാരം പോലെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളിലേക്ക് ഈ കൃതി നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു.

കാവുന്തറ അംശം കാവിൽ ദേശത്ത് പുതിയെടുത്ത് വീട്ടിലെ ഓലക്കുടിലിൽ വർഷങ്ങൾക്കു മുമ്പ് പിറന്നുവീണ ആഖ്യാതാവിനെ ഒന്നാം അധ്യായത്തിൽ കാണുന്നു. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ഗതകാലത്തിലേക്ക് കവി നമ്മെ കൊണ്ടുപോകുന്നു. പഴയ നാട്ടാചാരങ്ങളും ജീവിത രീതിയുമെല്ലാം വായനക്കാരനെ വിസ്മയിപ്പിക്കുന്നതാണ്. ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ മടലടിച്ചും ആൺകുട്ടിയാണെങ്കിൽ കൂക്കിയും ആളെ അറിയിക്കുന്ന ചടങ്ങിന്റെ വിവരണം അത്തരത്തിലൊന്നാണ്.

ഓർമകളുടെ ഓണം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയുമായി ബന്ധപ്പെട്ട് എഴുത്തുകാരനുണ്ടായ വേദന നിറഞ്ഞ അനുഭവത്തിന്റെതാണ്. ചുള്ളിക്കാടിന്റെ കവിത താൻ ചൊല്ലിയത് കാസറ്റിലാക്കിയത് ചോദിച്ച പെൺകുട്ടിക്ക് അതൊരിക്കലും കൊടുക്കാനായില്ല. അവൾ അർബുദ രോഗത്താൽ മരണപ്പെടുകയായിരുന്നു.
ഒരിക്കലും തിരിച്ചുവരാത്ത അവൾക്കായുള്ള ആ സമ്മാനം ഓർമയുടെ പുഴയിൽ നിമജ്ജനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു കവി.

വിജയികളുടെ പുസ്തകത്തിലുള്ളതെല്ലാം തോറ്റുപോയവർ എഴുതി വെച്ചതാണെന്ന മുഖവുരയോടെ തുടങ്ങുന്ന കുറിപ്പ് (നൂറിൽ നൂറ്റൊന്ന് )ഏറെ ശ്രദ്ധേയമാണ്. ഹെഡ് മാസ്റ്റർ പീതാംബരൻ മാസ്റ്ററും പത്താം ക്ലാസുകാരി മീരയും മാതൃകാപരമായ വ്യക്തിത്വത്തിനുടമകളാണ്. സ്കൂളിന് നൂറ് ശതമാനം വിജയം നഷ്ടമാക്കിയ ഒരേയൊരാൾ മീരയായിരുന്നു. മറ്റുള്ളവർ കുറ്റപ്പെടുത്തുമെന്നറിഞ്ഞിട്ടും താൻ സേ പരീക്ഷ എഴുതി വിജയിക്കുമെന്ന് പറഞ്ഞ് അധ്യാപകരെയും സഹപാഠികളെയും സമാധാനിപ്പിക്കുന്നു അവൾ. വിജയിച്ച തൊണ്ണൂറ്റിയൊൻപതിനെക്കാൾ കരുത്ത് തോറ്റുപോയ ഒന്നിനുണ്ടെന്നു തിരിച്ചറിഞ്ഞ പീതാംബരൻ മാസ്റ്റർ നന്മയുടെ പ്രതീകമാകുന്നു. അദ്ദേഹത്തിന് ആ സ്കൂളിലെ വിജയം നൂറ്റൊന്ന് ശതമാനമാണ്. ചങ്ങാലി പ്രാവ് എന്ന കുറിപ്പും പരീക്ഷയിൽ പരാജയപ്പെടുന്ന കുട്ടികളെ വഴക്കു പറയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും കണ്ണു തുറപ്പിക്കുന്നതാണ്.

ജാതി മത വേർതിരിവുകൾക്കതീതമായി സഹവർത്തിത്തത്തോടെ കഴിഞ്ഞ ഒരു ജനതയെ നന്മ വിളിച്ചു പറയുന്ന കോളാമ്പി എന്ന കുറിപ്പിൽ കാണുന്നു. എഴുത്തുകാരന്റെ അച്ഛൻ വീടിനടുത്തുള്ള ഗ്രൗണ്ടിൽ ഇസ്്ലാം മത പ്രഭാഷണം കേൾക്കാൻ പതിവായി പോയിരുന്നു. വലിയൊരു ടോർച്ച് കക്ഷത്തിൽ വെച്ച് പ്രഭാഷണം കേൾക്കുന്ന അച്ഛന് ഒരു പ്രത്യേക കസേര സംഘാടകർ നൽകിയിരുന്നത്രേ. എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള വിശാലമായ മനസ്സുണ്ടായിരുന്ന, നന്മകൾ നിറഞ്ഞ കഴിഞ്ഞ കാലം ഇവിടെ ഇതൾ വിരിയുന്നു. അവതാരികയിൽ ഡോ. കെ ശ്രീകുമാർ ഇപ്രകാരം പറയുന്നു: “അസഹിഷ്ണുതയോടെ അതിദ്രുതം പായുന്ന, അപരൻ നരകമാണെന്ന നിഷേധ പ്രത്യയ ശാസ്ത്രത്തിന് വളരെ വേഗം സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്ന വർത്തമാന കാല സമൂഹ മനസ്സിനു മുമ്പിലേക്കിട്ടുകൊടുത്ത ഗുണപാഠ പസ്തകമെന്നു തോന്നി, ഇതിലെ നന്മ വിളിച്ചു പറയുന്ന കോളാമ്പി”.

നാം കുടിക്കുന്ന ചായ നമ്മളെ തേയിലത്തൊഴിലാളികളെയും കരിമ്പിൻ പാടങ്ങളെയും ഓർമിപ്പിക്കണമെന്ന പാഠം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന അധ്യാപകനായ എഴുത്തുകാരന് കുട്ടിക്കാലത്ത് സ്കൂളിനടുത്തെ കടക്കാരൻ വേണു നൽകുന്ന ഒരൊറ്റ നെല്ലിക്കയാൽ ഒരു പകലിന്റെയാകെ വിശപ്പിനെയൊതുക്കിയ അനുഭവമാണുള്ളത്. മുത്തുവെന്ന നാടോടിപ്പയ്യന്റെ വിശപ്പടക്കാനും അനാഥ മന്ദിരത്തിലെ കുട്ടികളെ നെഞ്ചോടു ചേർക്കാനും കഴിയുന്നത് ഈയൊരു വറുതിയുടെ കനൽപ്പാടം നടന്നുകയറിയതിനാലാകാം.

എത്രയെടുത്താലും തീരാത്ത അനുഭവങ്ങളുടെ സംഭരണിയാണ് എഴുത്തുകാരന് ജീവിതം. എഴുത്തിലെ സത്യസന്ധത ഈ കൃതിയെ അനുപമമാക്കുന്നു. നോവുന്ന ആത്മാവിനെ സ്നേഹിക്കുന്ന ഒരു കവി മനസ്സിനെ ഈ കുറിപ്പുകളിലുടനീളം കാണാം. ജീവിതത്തെ അങ്ങേയറ്റം പ്രതീക്ഷാനിർഭരമായിക്കാണുന്നു കവി. ഭാഷയുടെ ലാളിത്യവും ആഖ്യാനത്തിന്റെ മാസ്മരിക ശക്തിയുമായി ഈ രചന വായനക്കാരന്റെ ഹൃദയത്തിലിടം പിടിക്കുന്നു. ഫിംഗർ ബുക്സ് പ്രസിദ്ധീകരിച്ച ഓലച്ചൂട്ടിന് 110 രൂപയാണ് വില.