Connect with us

Kerala

കൊള്ള തുടരുന്നു; ചരിത്രത്തിലാദ്യമായി പെട്രോള്‍ വില 90ന് മുകളില്‍

Published

|

Last Updated

കൊച്ചി | ഇന്ധന വില വര്‍ധിപ്പിച്ച് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി അഞ്ചാം ദിനവും വില വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു ലിറ്റര്‍ പെട്രോളിന് 90ന് മുകളിലെത്തി. തിരുവനന്തപുരത്ത് 90.39 രൂപയും കൊച്ചിയില്‍ 88.60 രൂപയുമാണ് വില.

ഡീസലിന് തിരുവനന്തപുരത്ത് 84.50 രൂപയും കൊച്ചിയില്‍ 83.15 രൂപയുമാണ്. ഗ്രാമീണ മേഖലകളില്‍ ഇതിലും മുകളിലാണ് ഇന്ധനവില. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ വില നൂറിലേക്കെത്താന്‍ സാധ്യതയേറെയാണ്.

നാലു ദിവസത്തിനിടെ പെട്രോളിന് 1.49 രൂപയും ഡീസലിന് 1.69 രൂപയും വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ പെട്രോളിന് 4.71 രൂപയുടെയും ഡീസലിന് 5.10 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ക്രൂഡ് ഓയില്‍ വിലക്ക് ആനുപാതികമായാണു വിലവര്‍ധനയെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സമയങ്ങളില്‍ ഇന്ധന വിലയില്‍ കാര്യമായ വിലയിടിവ് ഉണ്ടായില്ലതാനും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തങ്ങള്‍ക്കു ലഭിക്കുന്ന നികുതി വരുമാനം കുറക്കാന്‍ തയാറാകാത്തതും വിലവര്‍ധനക്ക് കാരണമാകുന്നുണ്ട്.

കഴിഞ്ഞ ദിവസം (ഫെബ്രുവരി 12) ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 60 ഡോളറായിരുന്നു വില. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ക്രൂഡ് ഓയിലിന്റെ 2014 മേയിലെ ശരാശരി വില ബാരലിന്: 100 ഡോളര്‍ ആയിരുന്നു. അന്ന് ഇന്ത്യയിലെ പെട്രോള്‍ വില ലിറ്ററിന്: 72 രൂപ. ഡീസലിന് 56.71 രൂപയുമായിരുന്നു. എന്‍ ഡി എ സര്‍ക്കാറിന്റെ ആറു വര്‍ഷക്കാലത്ത് ആഗോള വിപണയിലെ ക്രൂഡ് ഓയില്‍ വില പൊതുവേ ഗണ്യമായി ഇടിഞ്ഞിരുന്നെങ്കിലും രാജ്യത്തെ നികുതികളും ചില്ലറവില്‍പ്പന വിലയും പടിപടിയായി കൂട്ടുകയാണുണ്ടായത്.