Connect with us

Editorial

ആരാധനാലയ നിര്‍മാണ ചട്ട ഇളവ് സ്വാഗതാര്‍ഹം

Published

|

Last Updated

പള്ളി, ക്ഷേത്രം, ദേവാലയം തുടങ്ങി മതപരമായ ആവശ്യങ്ങള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് വലിയൊരാശ്വാസമാണ് അവയുടെ കെട്ടിട നിര്‍മാണാനുമതി പൂര്‍ണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാക്കാനുള്ള ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗ തീരുമാനം. ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് കലക്ടറുടെ അനുമതി വേണമെന്നാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. കലക്ടറുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതിപത്രം നല്‍കാന്‍ അധികാരമുള്ളൂ. ബ്രിട്ടീഷ് ഭരണകാലത്താണ് ആരാധനാലയ നിര്‍മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വേണമെന്ന നിയമം രാജ്യത്ത് ആദ്യമായി നടപ്പാക്കിയത്. പ്രഥമ കേരള സര്‍ക്കാര്‍ ഈ നിയമം എടുത്തു കളയുകയും നിര്‍മാണ ചട്ടങ്ങള്‍ ഉദാരമാക്കുകയും ചെയ്തിരുന്നുവെങ്കിലും 1999ല്‍ പഴയ ബ്രിട്ടീഷ് നിയമം പുനഃസ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് അന്ന് അനുമതിക്ക് കലക്ടര്‍മാരെ ഉത്തരവാദപ്പെടുത്തി കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി വരുത്തിയത്.

പോലീസ്, റവന്യൂ വകുപ്പുകളുടെ അന്വേഷണത്തിനു ശേഷമാണ് നിലവില്‍ കലക്ടര്‍ അനുമതി നല്‍കുന്നത്. മേല്‍വിഭാഗങ്ങളുടെ കൃത്യവിലോപം കാരണം നിരവധി അപേക്ഷകള്‍ കലക്ടര്‍ നിരസിക്കാറുണ്ട്. ആരാധനാലയ ഭാരവാഹികള്‍ പിന്നെയും പുതിയ അപേക്ഷയും നിയമ ലംഘന ചട്ടങ്ങളില്ലെന്നു തെളിയിക്കുന്ന രേഖകളുമായി ഓഫീസുകള്‍ കയറിയിറങ്ങണം. ചട്ടങ്ങളിലെ ഈ സങ്കീര്‍ണത കാരണം ആരാധനാലയങ്ങളുടെയും മതസ്ഥാപനങ്ങളുടെയും നിര്‍മാണം നീണ്ടുപോകാനും തടസ്സപ്പെടാനും ഇടയാകുകയും പല പ്രദേശങ്ങവാസികള്‍ക്കും മതപരമായ അനുഷ്ഠാന കര്‍മങ്ങള്‍ക്ക് വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. ചട്ടങ്ങളില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സുന്നി പണ്ഡിത നേതൃത്വങ്ങള്‍ പലപ്പോഴായി ഭരണവൃത്തങ്ങളെ സമീപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതസ്പര്‍ധ കുറവായ കേരളത്തില്‍ ആരാധനാലയ നിര്‍മാണ അനുമതി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കാവുന്നതേയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതടിസ്ഥാനത്തിലാണ് ചട്ടങ്ങളില്‍ ഇളവ് നല്‍കുന്ന കാര്യം പിണറായി സര്‍ക്കാര്‍ പരിഗണനക്കെടുത്തത്. 2018 ഒക്‌ടോബറില്‍ കൊട്ടപ്പുറത്ത് നടന്ന ഒരു ചടങ്ങില്‍ പ്രസംഗിക്കവെ, ആരാധനാലയങ്ങളുടെ നിര്‍മാണ അനുമതിയിലെ ഇളവ് ഈ സര്‍ക്കാറിന്റെ കാലത്തു തന്നെ നടപ്പാക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. നിയമ ഭേദഗതി പ്രാബല്യത്തിലായാല്‍ കെട്ടിട നിര്‍മാണ സംബന്ധമായ എല്ലാ അപേക്ഷകള്‍ക്കും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് തന്നെ അനുമതി ലഭിക്കും. കേവലം ഒരു കെട്ടിടമെന്ന രീതിയില്‍ പാലിക്കേണ്ട നിയമ വ്യവസ്ഥകള്‍ മാത്രമായിരിക്കും ആരാധനാലയത്തിന് അനുമതി നല്‍കുമ്പോഴും പരിഗണിക്കുക. അതോടെ കടമ്പകള്‍ ഏറെയില്ലാതെ മതസ്ഥാപന നിര്‍മാണങ്ങള്‍ നടത്താന്‍ കേരളീയരായ എല്ലാ മതവിഭാഗങ്ങള്‍ക്കും സാധ്യമാകും. കേരള മുസ്‌ലിം ജമാഅത്ത് അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചൂണ്ടിക്കാട്ടിയതു പോലെ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി നിയമത്തില്‍ ഉദാരത വരുത്തിയ പിണറായി സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

കഴിഞ്ഞ വാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം മറ്റു കെട്ടിട നിര്‍മാണ ചട്ടങ്ങളും ഉദാരമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷകളിന്മേല്‍ തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിക്ക് തീരുമാനമെടുക്കാനുള്ള പരമാവധി കാലാവധി 30 ദിവസമെന്നത് 15 ദിവസമായി കുറച്ചും സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കുന്ന എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍കിടെക്ട്, എന്‍ജിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലും പഞ്ചായത്ത് നഗര നിയമങ്ങള്‍ ഭേദഗതി ചെയ്യാനാണ് ഫെബ്രുവരി മൂന്നിന്റെ മന്ത്രിസഭാ യോഗ തീരുമാനം. അതേസമയം സ്വയം സാക്ഷ്യപ്പെടുത്തല്‍പത്രം നല്‍കുന്ന ഉടമയോ ലൈസന്‍സിയോ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ പിഴ ചുമത്താനും ലൈസന്‍സിയുടെ ലൈസന്‍സ് റദ്ദാക്കാനുമുള്ള വ്യവസ്ഥയുണ്ട് നിര്‍ദിഷ്ട നിയമത്തില്‍. 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും 200 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ളതിന് നാല് ലക്ഷം രൂപയും 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ളതിന് ആറ് ലക്ഷം രൂപയുമായിരിക്കും പിഴ. ഓര്‍ഡിനന്‍സ് വഴിയാണ് നിയമ ഭേദഗതി നടപ്പാക്കുക.
താമസിക്കാന്‍ സ്വന്തമായി ഒരിടമെന്നത് ഏതൊരു വ്യക്തിയുടെയും മോഹമാണ്. എന്നാല്‍ ഗള്‍ഫില്‍ പോയി അധ്വാനിച്ചോ ധനകാര്യ സ്ഥാപനങ്ങളില്‍ ലോണെടുത്തോ വീടുവെക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അതത്ര എളുപ്പവുമല്ല. നിയമത്തിന്റെ നൂലാമാലകള്‍ അവനെ വരിഞ്ഞു മുറുക്കും. നിര്‍മാണ അനുമതിക്ക് അപേക്ഷയുമായി ചെന്നാല്‍ ബന്ധപ്പെട്ട ഓഫീസുകളിലെ ഉദ്യോഗസ്ഥന്മാര്‍ വട്ടംകറക്കും.

കെട്ടിട നിര്‍മാണാനുമതി, കെട്ടിട നിര്‍മാണ ക്രമവത്കരണാനുമതി, കെട്ടിട വിനിയോഗാനുമതി, കെട്ടിടത്തിന് നമ്പറിടല്‍, വിവിധ ലൈസന്‍സുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ എത്തുന്നവരോട് ജീവനക്കാര്‍ സൗഹാര്‍ദപരമായും സഭ്യമായും പെരുമാറണമെന്നും അപേക്ഷകളില്‍ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് വ്യവസ്ഥ. അപേക്ഷകളില്‍ അധിക വിവരങ്ങളോ രേഖകളോ ആവശ്യമാണെങ്കില്‍ അപേക്ഷകനെ ബോധ്യപ്പെടുത്തി ചട്ട പ്രകാരം നോട്ടീസ് നല്‍കണമെന്നും ന്യൂനതകള്‍ പരിഹരിച്ചാല്‍ എത്രയും വേഗം സേവനം ലഭ്യമാക്കണമെന്നും നിയമം അനുശാസിക്കുന്നു. പക്ഷേ, ഏട്ടിലെ പശു പുല്ലു തിന്നുകയില്ലല്ലോ. അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നത്. പൊതുസമൂഹത്തിന് വലിയൊരു അനുഗ്രഹമാണ് ഈ തീരുമാനം. ഉദാരവും ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കാത്തതുമായിരിക്കണം ജനായത്ത ഭരണത്തില്‍ ഏത് നിയമങ്ങളും.

Latest