Connect with us

Socialist

റാങ്ക് ലിസ്റ്റ് സമരത്തില്‍ നുഴഞ്ഞുകയറി ദേഹത്ത് മണ്ണെണ്ണയൊഴിക്കുന്നയാള്‍ തെരുവിലെ കണ്ണാടി; പ്രതിഫലിക്കുന്നത് ചെന്നിത്തലയുടെ മുഖമാണെന്നും ഐസക്

Published

|

Last Updated

പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തില്‍ നുഴഞ്ഞുകയറി തലയില്‍ മണ്ണെണ്ണയൊഴിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റിജുവാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ഇയാള്‍ തെരുവില്‍ നാട്ടിയ കണ്ണാടിയാണെന്നും അതില്‍ പ്രതിഫലിക്കുന്നത് രമേശ് ചെന്നിത്തലയുടെ മുഖമാണെന്നും അദ്ദേഹം പരിഹസിച്ചു.

അധികാരം തന്നില്ലെങ്കില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിക്കളയുമെന്ന ജനങ്ങളോടുള്ള ഭീഷണിയാണ് സെക്രട്ടറിയേറ്റ് നടയില്‍ കണ്ടത്. ആപത്കരവും ദയനീയവുമാണ് യു ഡി എഫിന്റെ ഈ രാഷ്ട്രീയക്കളിയെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്കിലാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം:

തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കിടയിൽ നുഴഞ്ഞു കയറി തലയിൽ മണ്ണെണ്ണയൊഴിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിജു തെരുവിൽ നാട്ടിനിർത്തിയ കണ്ണാടിയാണ്. അതിൽ പ്രതിഫലിക്കുന്നത് രമേശ് ചെന്നിത്തലയുടെ മുഖവും. അധികാരം തന്നില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിക്കളയുമെന്ന ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭീഷണിയാണ് ഇന്നലെ സെക്രട്ടേറിയറ്റ് നടയിൽ കണ്ടത്. ആപൽക്കരവും അതേസമയം ദയനീയവുമാണ് യുഡിഎഫിന്റെ
ഈ രാഷ്ട്രീയക്കളി.
മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങൾക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാൻ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് സമരം ചെയ്യുന്നവർ തിരിച്ചറിയണം. അവരുടെ ഉദ്ദേശവും. നിങ്ങളുടെ ജീവൻ വെച്ചാണ് അവരുടെ കളി. ഒരു റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആളല്ല ഇന്നലെ മണ്ണെണ്ണയിൽ കുളിച്ച് അവതരിച്ചത്.
ഒരു തീപ്പൊരിയിൽ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപം ലക്ഷ്യമിട്ടാണ് അവരെത്തുന്നത്. ക്രൂരമായ ഈ രാഷ്ട്രീയക്കളി തിരിച്ചറിയണമെന്ന് സമരരംഗത്തുള്ള ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിക്കുന്നു. ഇനി ഈ ദുഷ്ടശക്തികൾ സംവരണ സമരത്തിലെന്നപോലെ ഹതഭാഗ്യർക്ക് തീകൊളുത്താനും മടിക്കില്ല.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരെയും നിയമിക്കാൻ കഴിയില്ലെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി മതി. റിപ്പോർട്ടു ചെയ്യപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ വേക്കൻസികളിൽ നിയമനം നടത്താൻ ഒരു തടസവും കേരളത്തിൽ നിലവിലില്ല. അക്കാര്യത്തിൽ റെക്കോഡാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടന്നത്. ഈ യാഥാർത്ഥ്യത്തെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയാനാവില്ല.
മാത്രമല്ല, എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറുമാസത്തേയ്ക്കു കൂടി നീട്ടിയിട്ടുമുണ്ട്. എന്നുവെച്ചാൽ ഇനി ആറു മാസത്തേയ്ക്ക് ഉണ്ടാകുന്ന ഒഴിവുകളും നിലവിലുള്ള റാങ്കുലിസ്റ്റിൽ നിന്നു തന്നെ നികത്തും.ആ തീരുമാനമെടുത്ത സർക്കാരിനെതിരെ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട അക്രമസമരത്തിന്റെ സൂത്രധാരവേഷത്തിൽ യുഡിഎഫ് ആണെന്ന് ആർക്കാണ് അറിയാത്തത്? ആരെ കബളിപ്പിക്കാമെന്നാണ് പ്രതിപക്ഷ നേതാവും കൂട്ടരും കരുതുന്നത്?
തെറ്റിദ്ധാരണ കൊണ്ട് സമരരംഗത്തു നിൽക്കുന്ന ഉദ്യോഗാർത്ഥികളോട് ഒരു കാര്യം ഉത്തരവാദിത്തത്തോടെ പറയട്ടെ. പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ലഭിക്കേണ്ട ഒഴിവുകളിൽ റാങ്ക് ലിസ്റ്റിൽ നിന്നു മാത്രമേ നിയമനം നടത്താനാവൂ. ആ ഒഴിവുകളിലേയ്ക്ക് മറ്റാരെയും നിയമിക്കാനാവില്ല. ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്ന മുറയ്ക്ക് നിയമനവും നടക്കും. ഇതിൽ ഏതെങ്കിലും വകുപ്പിൽ പോരായ്മയുണ്ടെങ്കിൽ അവ തിരുത്തുകതന്നെ ചെയ്യും.
2021-22 ബജറ്റിന്റെ മുഖ്യവിഷയം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ്. അതിവിപുലമായ തൊഴിലവസര വർദ്ധനയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു മുൻകൈ. അതിനോടൊപ്പം നിൽക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്.

Latest