ഗായകന്‍ എം എസ് നസീം അന്തരിച്ചു

Posted on: February 10, 2021 7:54 am | Last updated: February 10, 2021 at 3:12 pm

തിരുവനന്തപുരം | പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗായകന്‍ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെ 6.15ഓടെയായിരുന്നു മരണം. സിനിമകളിലും നാടകങ്ങളിലുമായി നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ അദ്ദേഹം മലയാളത്തിന് നല്‍കിയിട്ടുണ്ട്. സ്‌റ്റേജ് ഷോകളിലും ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു അദ്ദേഹം. 1980കളിലും 90കളിലും മലയാള ഗാന രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കെ പി എസ് സിയുടെ നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. മലയാളത്തിലെ ആദ്യ സംഗീത റിയാലിറ്റി ഷോ ദുരദര്‍ശനില്‍ സംപ്രേഷണം ചെയ്തതിന് പിന്നില്‍ എം എസ് നസീമായിരുന്നു. നിരവധി ടി വി പരമ്പരകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും നാടകങ്ങള്‍ക്കും നസീം സംഗീതം ഒരുക്കിയിട്ടുണ്ട്. സിനിമാഗാനങ്ങളും നാടകഗാനങ്ങളും അടക്കം അഞ്ഞൂറോളം പാട്ടുകള്‍ 3000 ത്തോളം വേദികളിലായി നസീം പാടി.

1997ലെ സംഗീത നാടക അക്കാഡമി അവാര്‍ഡ്, 93, 95, 96, 97 വര്‍ഷങ്ങളില്‍ മികച്ച മിനിസ്‌ക്രീന്‍ ഗായകനുള്ള അവാര്‍ഡ് എന്നിവ നസീമിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈദ്യുത വകുപ്പില്‍ നിന്ന് വിരമിച്ച എം എസ് നസീം തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായിരുന്നു. അധ്യാപകരായിരുന്ന സാലിയുടെയും അസ്മയുടെയും മകനായിരുന്നു. ഭാര്യ; ഷാഹിദ.