സെക്രട്ടറിയേറ്റിന് മുന്നില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി ഉദ്യോഗാർഥികൾ

Posted on: February 8, 2021 3:10 pm | Last updated: February 8, 2021 at 4:17 pm

തിരുവനന്തപുരം | പി എസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗാര്‍ഥികള്‍. രണ്ട് പേരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

പി എസ് സി പട്ടികയിലെ 954ാം റാങ്കുകാരനായ പ്രിജു, 354ാം റാങ്കുകാരനായ പ്രവീണ്‍കുമാര്‍ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. ഇതോടെ പോലീസ് ഇടപെട്ട് ഇവരെ സമരവേദിയില്‍നിന്ന് മാറ്റി. അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.

ജനുവരി 26 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നത് അവസാനിപ്പിച്ച് പി എസ് സി പട്ടികയില്‍നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കുക, ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക ആറ് മാസത്തേക്ക് നീട്ടുക, റാങ്ക് പട്ടികയിലുള്ളവര്‍ക്ക് എത്രയുംവേഗം നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരം നടത്തുന്നത്.