ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍നിന്നും കടന്നുകളഞ്ഞ കഞ്ചാവ് കേസ് പ്രതി പിടിയില്‍

Posted on: February 7, 2021 8:02 pm | Last updated: February 7, 2021 at 8:02 pm

കോഴിക്കോട്   |പോലീസ് സ്റ്റേഷനില്‍ നിന്നു പോലീസുകാരെ കബളിപ്പിച്ച് കടന്നു കളഞ്ഞ കഞ്ചാവ് കേസ് പ്രതി പിടിയില്‍. കഴിഞ്ഞ മൂന്നിനു ബാലുശേരി പോലീസ് സ്റ്റേഷനില്‍ നിന്നു സൂത്രത്തില്‍ മുങ്ങിയ പ്രതി പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷറീഫിനെ (24) യാണ് പൊന്നാനിയില്‍ നിന്നു പിടികൂടിയത്.

പൊന്നാനിയില്‍ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടുന്നത്. കഴിഞ്ഞ മൂന്നിന് കാറില്‍ കടത്തുകയായിരുന്ന നാലു കിലോഗ്രാം കഞ്ചാവുമായി ആവള സ്വദേശി മുഹമ്മദ് ഹര്‍ഷാദിനൊപ്പമാണ് മുഹമ്മദ് ഷരീഫിനെ പോലീസ് പിടികൂടിയത്.

വൈകിട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെയാണ് ഇരുവരും കടന്നുകളഞ്ഞത്. കൂട്ടുപ്രതിയെ ഉടന്‍ പിടികൂടിയെങ്കിലും മൂഹമ്മദ് ഷറീഫിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു ദിവസങ്ങള്‍ നീണ്ട തിരച്ചലിനിടയിലാണ് പൊന്നാനിയില്‍ നിന്ന് ഇയാള്‍ പിടിയിലാകുന്നത്.