Connect with us

Ongoing News

ജാംഷഡ്പൂരിനെ തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍

Published

|

Last Updated

ഫറ്റോര്‍ഡ | ഐ എസ് എല്ലിലെ 85ാം മത്സരത്തില്‍ ജാംഷഡ്പൂര്‍ എഫ് സിയെ തകര്‍ത്ത് എസ് സി ഈസ്റ്റ് ബംഗാള്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. കളിയുടെ ആറാം മിനുട്ടില്‍ തന്നെ ജാംഷഡ്പൂരിന്റെ വല കുലുക്കിയ ഈസ്റ്റ് ബംഗാള്‍ രണ്ടാം പകുതി ആരംഭിച്ച് ഏറെ വൈകാതെ രണ്ടാം ഗോളും നേടി. പകരക്കാരെയിറക്കി കിണഞ്ഞുശ്രമിച്ചതിന്റെ ഫലമായി 83ാം മിനുട്ടില്‍ ആശ്വാസഗോള്‍ നേടാന്‍ ജാംഷഡ്പൂരിന് സാധിച്ചു.

മാറ്റി സ്റ്റീന്‍മാന്‍, അന്തോണി പില്‍കിംഗ്ടണ്‍ എന്നിവരാണ് ബംഗാള്‍ നിരയില്‍ ഗോള്‍ നേടിയത്. ആറാം മിനുട്ടില്‍ വലതുഭാഗത്ത് നിന്നുള്ള നാരായണ്‍ ദാസിന്റെ കോര്‍ണറാണ് ജര്‍മന്‍ താരം സ്റ്റീന്‍മാന്‍ ഗോളാക്കിയത്. ഒന്നാം പകുതി അവസാനിക്കാന്‍ നേരത്തും സ്റ്റീന്‍മാന് ഗോളടി അവസരം ഒത്തുവന്നിരുന്നു. രാജു ഗെയ്ക്ക്വാദിന്റെ ലോംഗ് ത്രോ ബോക്‌സിന്റെ മധ്യത്തിലുണ്ടായിരുന്ന സ്റ്റീന്‍മാന്‍ ഹെഡ് ചെയ്‌തെങ്കിലും വലയുടെ ഏറെ അകലെക്കൂടിയാണ് പോയത്. ആദ്യ പകുതിയില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനോ ആക്രമിക്കാനോ ജാംഷഡ്പൂരിന് സാധിച്ചില്ല. കളി മറന്നതുപോലെയായിരുന്നു ജാംഷഡ്പൂരിന്റെ പ്രകടനം.

നരേന്ദര്‍ ഗഹ്ലോട്ടിനെ പിന്‍വലിച്ച് റിക്കി ലല്ലാവ്മവ്മയെ ഇറക്കിയാണ് രണ്ടാം പകുതി ജാംഷഡ്പൂര്‍ ആരംഭിച്ചത്. 47ാം മിനുട്ടില്‍ ഫ്രീകിക്ക് ഗോളാക്കാനുള്ള അവസരം ഈസ്റ്റ് ബംഗാളിന്റെ സ്റ്റീന്‍മാനിന് ലഭിച്ചിരുന്നു. നാരായണ്‍ ദാസിന്റെ ഇന്‍സ്വിംഗര്‍ സ്റ്റീന്‍മാന്‍ ഹെഡ് ചെയ്‌തെങ്കിലും വലയിലാക്കാനായില്ല. 57, 59 മിനുട്ടുകളില്‍ ജാംഷഡ്പൂര്‍ പുതിയ താരങ്ങളെ പരീക്ഷിച്ചു. നിക്കോളാസ് ഫിറ്റ്‌സ്‌ജെറാള്‍ഡിനെയും മുഹമ്മദ് മുബശിറിനെയും പിന്‍വലിച്ച് ഐസക് വന്‍മലസവ്മ, ഐറ്റര്‍ മോണ്‍റോയ് എന്നിവരെയാണ് ഇറക്കിയത്. 67ാം മിനുട്ടില്‍ സീമിന്‍ലെന്‍ ഡംഗലിനെ മാറ്റി ബോറിസ് സിംഗിനെയും ജാംഷഡ്പൂര്‍ കൊണ്ടുവന്നു.

എന്നാല്‍, 68ാം മിനുട്ടില്‍ നേരത്തേ ഗോള്‍ നേടിയ മാറ്റി സ്റ്റീന്‍മാന്റെ അസിസ്റ്റില്‍ അന്തോണി പില്‍കിംഗ്ടണ്‍ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോള്‍ നേടി. പുതിയ താരങ്ങള്‍ എത്തിയതോടെ ഉണര്‍ന്നുകളിച്ച ജാംഷഡ്പൂര്‍ 83ാം മിനുട്ടില്‍ ലക്ഷ്യംകണ്ടു. പകരക്കാരനായി ഇറങ്ങിയ സൈക് വന്‍മല്‍സവ്മയുടെ അസിസ്റ്റില്‍ പീറ്റര്‍ ഹാര്‍ട്‌ലി ജാംഷഡ്പൂരിന്റെ ആശ്വാസ ഗോള്‍ നേടി. 81ാം മിനുട്ടില്‍ ഫാറൂഖ് ചൗധരിക്ക് പകരക്കാരനായി വില്യം ലല്‍നുന്‍ഫെല ജാംഷഡ്പൂര്‍ പക്ഷത്തെത്തി. 83ാം മിനുട്ടില്‍ അന്തോണി പില്‍കിംഗ്ടണെ മാറ്റി ആരോണ്‍ ജോഷ്വ ഹോളോവേയെ ഈസ്റ്റ് ബംഗാള്‍ ഇറക്കി.

നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ റഫറി ആറ് മിനുട്ട് അധികം നല്‍കി. അധിക സമയത്താണ് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി ഉയര്‍ത്തിയത്. രണ്ട് മഞ്ഞക്കാർഡുകളാണ് അധിക സമയത്ത് കണ്ടത്. ജാംഷഡ്പൂരിന്റെ നെരിജസ് വാല്‍സ്‌കിസ്, പീറ്റർ ഹാർട്ലി എന്നിവർക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. അധിക സമയത്തും ഇരുപക്ഷത്തെയും ഗോള്‍വലകള്‍ കുലുങ്ങിയില്ല.