Connect with us

Gulf

യു എ ഇയില്‍ ഇന്ന് മുതല്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില 30 ശതമാനം

Published

|

Last Updated

അബൂദബി | ഇന്ന് മുതല്‍ എമിറേറ്റിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ നില 30 ശതമാനമാക്കി കുറയ്ക്കാന്‍ അബൂദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് തീരുമാനിച്ചു. എമിറേറ്റിലെ കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഹാജര്‍നില കുറയ്ക്കുന്നത്.

സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറയ്ക്കുന്നതിനോടൊപ്പം ഏതാനും മേഖലകളില്‍ വര്‍ക്ക് അറ്റ് ഹോം സമ്പ്രദായം ഏര്‍പ്പെടുത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 60ന് മുകളില്‍ പ്രായമുള്ള ജീവനക്കാര്‍, വികലാംഗര്‍, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ള ജീവനക്കാര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ ജീവനക്കാര്‍ എന്നിവര്‍ക്ക് ഓഫീസില്‍ നേരിട്ടെത്താതെ നിര്‍വഹിക്കാനാകുന്ന എല്ലാ ജോലികളും വിദൂര സമ്പ്രദായത്തിലൂടെ അനുവദിക്കും.

പുറമെ, എല്ലാ ജീവനക്കാര്‍ക്കും ആഴ്ചതോറും പി സി ആര്‍ പരിശോധന നിര്‍ബന്ധമാണ്. വാക്സിന്‍ പരീക്ഷണങ്ങളുടെ ഭാഗമായോ ദേശീയ വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായോ വാക്സിന്‍ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് (അല്‍ ഹുസ്ന്‍ ആപ്പില്‍ ഇത് സൂചിപ്പിക്കുന്ന ഗോള്‍ഡ് സ്റ്റാര്‍ അല്ലെങ്കില്‍ ഇ ചിഹ്നം നിര്‍ബന്ധം) പി സി ആര്‍ പരിശോധനയില്‍ ഇളവ് അനുവദിക്കും.