പെരിയ ഇരട്ടക്കൊല: സി പി എം ഓഫീസില്‍ സി ബി ഐ പരിശോധന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ചോദ്യം ചെയ്തു

Posted on: February 6, 2021 10:49 pm | Last updated: February 7, 2021 at 9:09 am

കാഞ്ഞങ്ങാട് | പെരിയ ഇരട്ടകൊലക്കേസുമായി ബന്ധപ്പെട്ട് സി പി എം ഓഫിസില്‍ സി ബി ഐ പരിശോധന നടത്തി. സി പി എം ഉദുമ ഏരിയ കമ്മിറ്റി ഓഫിസിലാണ് സി ബി ഐ സംഘം പരിശോധന നടത്തിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠനെ ചോദ്യം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ പതിനാലാം പ്രതിയാണ് മണികണ്ഠന്‍.

ഇരട്ടകൊലക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിന് മണികണ്ഠനെ നേരത്തേ ഈ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് പതിനാലാം പ്രതിയാക്കിയിരുന്നു. മണികണ്ഠന് പിന്നീട് കോടതി ജാമ്യം നല്‍കുകയും ചെയ്തു. കേസില്‍ പ്രതിയാകുമ്പോള്‍ മണികണ്ഠന്‍ സി പി എം ഏരിയ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പില്‍ മണികണ്ഠന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിക്കുകയായിരുന്നു.

കേസിലെ മറ്റു പ്രതികള്‍ക്ക് രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിക്കാന്‍ മണികണ്ഠന്‍ സഹായം നല്‍കിയെന്നായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. വസ്ത്രങ്ങള്‍ കത്തിച്ച സ്ഥലം സി ബി ഐ സംഘം പരിശോധിച്ചു. സി പി എം ഓഫിസ് സെക്രട്ടറിയെയും ചോദ്യം ചെയ്തു. പെരിയ ഇരട്ടകൊലകേസിലെ ഗൂഢാലോചനയാണ് സി ബി ഐ അന്വേഷിക്കുന്നത്.