20 രൂപക്ക് വേണ്ടി തര്‍ക്കം; ഇഡ്ഡലി വില്‍പ്പനക്കാരനെ മൂന്ന് പേര്‍ ചേര്‍ന്ന് കൊന്നു

Posted on: February 6, 2021 7:23 pm | Last updated: February 6, 2021 at 7:24 pm

മുംബൈ | മഹാരാഷ്ട്രയിലെ താനെയില്‍ 20 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മൂന്ന് ഉപഭോക്താക്കള്‍ ചേര്‍ന്ന് ഇഡ്ഡലി വില്‍പ്പനക്കാരനെ കൊന്നു. താനെയിലെ മീര റോഡില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 26കാരനായ വീരേന്ദ്ര യാദവ് ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ അജ്ഞാതരായ മൂന്ന് പേരെത്തി കടക്കാരനോട് 20 രൂപ തരാനുണ്ടെന്ന് പറഞ്ഞ് തര്‍ക്കിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് അടിപിടിയായി. ഇവര്‍ കടക്കാരനെ പിടിച്ചുതള്ളിയപ്പോള്‍ ഇദ്ദേഹം തലയിടിച്ച് വീഴുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മരണത്തിന് കാരണക്കാരായവരെ കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം മീര ഭയന്ദര്‍- വാസൈ വിരാര്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.