Connect with us

Editorial

രക്ഷാകര്‍തൃത്വത്തിലും വേണം പരിശീലനം

Published

|

Last Updated

വിദ്യാര്‍ഥികള്‍ക്കു നേരേ ചൂരല്‍ പ്രയോഗമോ പഠനത്തിന്റെ പേരില്‍ പീഡനമോ അരുതെന്നാണ് ആധുനിക വിദ്യാഭ്യാസ വിചക്ഷണരും മനഃശാസ്ത്രജ്ഞരും നിര്‍ദേശിക്കുന്നത്. എന്നാല്‍ സ്‌കൂള്‍ പാഠത്തെ ചൊല്ലി ക്രൂരമായ പീഡനവും ശിക്ഷാമുറകളും ഏല്‍ക്കേണ്ടി വരുന്നു വിദ്യാര്‍ഥികള്‍ക്ക് ഇന്നും. അടൂര്‍ പള്ളിക്കലില്‍ കഴിഞ്ഞ ദിവസം എട്ട് വയസ്സുകാരനായ ഒരു വിദ്യാര്‍ഥിക്ക് പഠിക്കാത്തതിന് പിതാവ് നല്‍കിയ ശിക്ഷ ചുട്ടുപഴുത്ത ചട്ടുക പ്രയോഗമായിരുന്നു. സ്‌കൂളിലെ ചില പാഠഭാഗങ്ങള്‍ മകനെ പഠിക്കാന്‍ ഏല്‍പ്പിച്ചാണ് പിതാവ് കാലത്ത് ജോലിക്കു പോയത്. വൈകീട്ട് ജോലി കഴിഞ്ഞു വന്നപ്പോള്‍ കുട്ടി അത് പൂര്‍ണമായും പഠിച്ചിട്ടുണ്ടായിരുന്നില്ല. കോപിതനായ പിതാവ് ചട്ടുകം ചൂടാക്കി മകന്റെ കാലില്‍ പൊള്ളലേല്‍പ്പിച്ചാണ് തന്റെ ദേഷ്യം തീര്‍ത്തത്. വിവരം അറിഞ്ഞെത്തിയ ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അഡ്വ. ദീപാ ഹരി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി. പഠനത്തിന്റെ പേരില്‍ പിതാവ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി മാതാവ് പോലീസിന് നൽകിയ മൊഴിയില്‍ പറയുന്നു. പിതാവിനെ പേടിച്ച് വീട്ടില്‍ കഴിയാന്‍ വിസമ്മതിച്ച കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.
ഇടുക്കി വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ ഇതിനിടെ പഠനത്തില്‍ പിന്നാക്കമായതിന്റെ പേരില്‍ ഒന്നാം ക്ലാസുകാരനായ വിദ്യാര്‍ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നു. കാവാലത്ത് രാമങ്കരി വേഴാപ്ര സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ക്ലാസ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ചത് ഒരു വര്‍ഷം മുമ്പാണ്. പഠിക്കാത്തതിന് രക്ഷിതാക്കളില്‍ നിന്ന് നിരന്തരം വഴക്കേല്‍ക്കേണ്ടി വന്നതിലുള്ള മാനസിക പ്രയാസമായിരുന്നു കാരണം. പഠനത്തില്‍ ഉഴപ്പു കാണിച്ചതിനെ തുടര്‍ന്ന് പത്ത് വയസ്സുകാരനെ പിതാവ് പെട്രോളൊഴിച്ച് തീവെച്ച സംഭവം രണ്ടാഴ്ച മുമ്പ് ഹൈദരാബാദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നന്നായി പഠിക്കുന്നില്ലെന്നും ട്യൂഷന്‍ ക്ലാസില്‍ സ്ഥിരമായി പോകുന്നില്ലെന്നും ആരോപിച്ചായിരുന്നു ഈ ക്രൂരകൃത്യം.

കുട്ടികള്‍ നന്നായി പഠിച്ച് ഉന്നതിയില്‍ എത്തുകയെന്നത് ഏതൊരു രക്ഷിതാവിന്റെയും ആഗ്രഹമാണ്. സാധാരണക്കാരായ രക്ഷിതാക്കള്‍ പോലും തങ്ങള്‍ക്കെത്തിപ്പിടിക്കാന്‍ സാധിക്കാത്ത വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും ഉന്നത ശ്രേണികള്‍ മക്കളിലൂടെ നേടിയെടുക്കാന്‍ പാടുപെടുന്നവരാണ്. കുട്ടിയുടെ അഭിരുചിയോ താത്പര്യമോ ഇക്കാര്യത്തില്‍ പരിഗണിക്കാറില്ല. കുട്ടികള്‍ പരീക്ഷയില്‍ തോല്‍ക്കുകയോ മാര്‍ക്ക് കുറയുകയോ ചെയ്യുന്നത് രക്ഷിതാക്കള്‍ക്ക് സഹിക്കില്ല. കഠിനമായ ശകാരവും മര്‍ദനവും ശിക്ഷകളുമായിരിക്കും അനന്തരം കുട്ടികള്‍ ഏല്‍ക്കേണ്ടി വരുന്നത്. ശത്രുക്കളോടെന്ന പോലെയാണ് ചില രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളോടുള്ള പെരുമാറ്റം. നിസ്സാര തെറ്റിനു പോലും ക്ലാസില്‍ വെച്ചോ കൂട്ടുകാരുടെ സാന്നിധ്യത്തിലോ അവരെ നാണം കെടുത്തും. എന്തെങ്കിലും ചോദ്യത്തിന് ശരിയായ ഉത്തരം പറയുകയോ എഴുതുകയോ ചെയ്താല്‍ തന്നെ അവന്റെ കഴിവിനെ അംഗീകരിക്കുന്നതിനു പകരം, ഇതെവിടെ നിന്ന് കോപ്പിയടിച്ചതാണെന്നായിരിക്കും ചോദ്യം. ഇതോടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള താത്പര്യം നഷ്ടപ്പെടുകയായി. വീട്ടില്‍ ഭാര്യയോടോ പുറത്ത് കൂട്ടുകാരോടോ ഉള്ള ദേഷ്യം കുട്ടികളോട് തീര്‍ക്കുന്ന രക്ഷിതാക്കളുമുണ്ട്. ഇതൊക്കെയും വിപരീത ഫലമേ ഉളവാക്കുകയുള്ളൂ.

കുട്ടികളുടെ പോരായ്മകളും തെറ്റുകളും ചികഞ്ഞന്വേഷിച്ച് ശിക്ഷ വിധിക്കുന്ന രക്ഷിതാക്കളില്‍ മിക്കവരും പഠനത്തില്‍ മികവ് പ്രകടിപ്പിക്കുകയോ പരീക്ഷയില്‍ ഭേദപ്പെട്ട വിജയം നേടുകയോ ചെയ്യുമ്പോള്‍ അഭിനന്ദനം അറിയിക്കുന്നതില്‍ പിശുക്കു കാണിക്കുന്നവരാണ്. കുട്ടികള്‍ക്ക് നാം എന്ത് നല്‍കുന്നുവോ, അതായിരിക്കും ഭാവിയില്‍ തിരിച്ചു കിട്ടുകയെന്നത് ഒരു അംഗീകൃത തത്വമാണ്. സ്‌നേഹം നല്‍കിയാല്‍ സ്‌നേഹം തിരികെ കിട്ടും. എപ്പോഴും ശകാരിക്കുകയും ശിക്ഷിക്കുകയും ദേഷ്യത്തോടെ പെരുമാറുകയും ചെയ്യുന്ന മക്കളില്‍ നിന്ന് ഭാവിയില്‍ സ്‌നേഹവും ദയയും തിരിച്ചു പ്രതീക്ഷിക്കരുത്. ശിക്ഷയിലൂടെയല്ല, സ്‌നേഹമസൃണമായ ഉപദേശത്തിലൂടെയും മാതൃകാപരമായ പെരുമാറ്റത്തിലൂടെയുമാണ് പഠന താത്പര്യം വളര്‍ത്തിയെടുക്കേണ്ടത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ അയല്‍പക്കത്തെ മാര്‍ക്ക് കൂടുതലുള്ള വിദ്യാര്‍ഥിയുമായി താരതമ്യം ചെയ്യരുത്. അത് കുട്ടിയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കും. പകരം, സാരമില്ല അടുത്ത തവണ നമുക്ക് മികച്ച വിജയം നേടാമെന്ന മട്ടിലുള്ള പ്രതികരണത്തിലൂടെ അവരെ ആശ്വസിപ്പിക്കുകയാണ് ചെയ്യേണ്ടത്. കുട്ടികള്‍ക്കത് പഠിക്കാനുള്ള പ്രചോദനമാകും. വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറിയതോടെ രക്ഷിതാക്കള്‍ക്ക് ഐ ടി പരിശീലനം നടത്തി വരുന്നുണ്ട് പലയിടങ്ങളിലും. ഇതുപോലെ എങ്ങനെ നല്ല രക്ഷിതാവാകാം എന്നത് സംബന്ധിച്ചും പരിശീലനം ആവശ്യമല്ലേ?

ശാരീരികവും മാനസികവുമായ ശിക്ഷകള്‍ വിദ്യാര്‍ഥികളുടെ മനസ്സിനേല്‍പ്പിക്കുന്ന മുറിവുകളുടെ ആഴം അളക്കുക പ്രയാസകരമാണ്. അതവരുടെ ഭാവി ജീവിതത്തെ തന്നെ ബാധിക്കാനിടയുണ്ട്. കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങള്‍ അവന്റെ തലച്ചോറില്‍ പതിയുകയും ഭാവി ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്യുമെന്നാണ് കാനഡയിലെ ഡോക്ടറും സര്‍ജനുമായിരുന്ന ഡോ. പെന്‍ഫീല്‍ഡ് തലച്ചോറിന്റെ ശസ്ത്രക്രിയക്ക് വിധേയരായ രോഗികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. വിദ്യാലയങ്ങളിലെയും വീട്ടിലെയും അസഹ്യ മര്‍ദനത്തിലും നാണംകെടുത്തലിലും മനംനൊന്ത് പഠനം തന്നെ നിര്‍ത്തുന്ന, നാടുവിട്ടുപോകുന്ന വിദ്യാര്‍ഥികളുണ്ട്. ആത്മഹത്യയുടെ വഴികളും തിരഞ്ഞെടുക്കുന്നു മറ്റു ചിലര്‍. വിദ്യാര്‍ഥികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നതും വിവേചനപരമായ രീതിയില്‍ പെരുമാറുന്നതും വിദ്യാഭ്യാസ അവകാശ നിയമം കുറ്റകരമാക്കിയിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ സെഷന്‍ 75, 82 വകുപ്പുകള്‍ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളെ ശാരീരിക ശിക്ഷകള്‍ക്ക് വിധേയമാക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇതേക്കുറിച്ച് അവബോധമില്ലാത്തവരാണ് അധ്യാപകരില്‍ പലരും. വ്യത്യസ്തമായ അന്തരീക്ഷങ്ങളില്‍ നിന്നാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത്. ഇവരെ ഒരേ പോലെ കാണാതെ അവരുടെ അഭിരുചികള്‍ അന്വേഷിച്ചറിഞ്ഞായിരിക്കണം അധ്യാപകര്‍ അവരെ വിലയിരുത്തേണ്ടതും സമീപിക്കേണ്ടതും.