കെ സുധാകരന്‍ കേരളത്തിന് അപമാനം: ഐ എന്‍ എല്‍

Posted on: February 4, 2021 8:06 pm | Last updated: February 4, 2021 at 8:06 pm

കണ്ണൂര്‍ | മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശം ഒരു നേതാവിന്റെ ജല്‍പനങ്ങളായി ജനം പുച്ഛിച്ചു തള്ളുമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ജാതീയ ഉച്ചനീചത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സുധാകരനെ പോലുള്ളവര്‍ കേരളത്തിന് അപമാനമാണ്.

ജനാധിപത്യ മര്യാദകളുടെ പ്രാഥമിക നിഷ്ഠകള്‍ പോലും പാലിക്കാന്‍ ഇതുവരെ പഠിക്കാത്ത, പ്രതിലോമ കാഴ്ചപ്പാടുകളെ നെഞ്ചേറ്റി നടക്കുന്ന സുധാകരനെ പോലുള്ളവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വവും അണികളും തയാറാവണം. സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തോട് യോജിക്കുന്നുണ്ടോ എന്ന് കെ പി സി സി അധ്യക്ഷനും ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കണമെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.