Connect with us

Kerala

സുധാകരന്റെ അധിക്ഷേപം കോണ്‍ഗ്രസിന്റെ സംഘ്പരിവാര്‍ മനസ്സിന് തെളിവെന്ന് ഡി വൈ എഫ് ഐ

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെതിരെ “ചെത്തുകാരന്റെ മകനും ഹെലികോപ്ടര്‍” പരാമര്‍ശം നടത്തിയ കെ സുധാകരന്‍ എം പിക്കെതിരെ ഡി വൈ എഫ് ഐ. ഇത്തരമൊരു പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസിന്റെ സംഘ്പരിവാര്‍ മനസ്സാണ് വെളിച്ചത്തു വന്നിരിക്കുന്നത്. വിഷം വമിക്കുന്ന ജാതിബോധമാണ് കോണ്‍ഗ്രസിന്. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയാണോ? എല്ലാ തൊഴിലിനും മാന്യതയുണ്ട്. ഏതെങ്കിലും തൊഴിലെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്. അത് മനസ്സിലാക്കാന്‍ മനുസ്മൃതി പഠിച്ചാല്‍ പോരാ. മാനവിക മൂല്യങ്ങള്‍ പഠിക്കണം. കോണ്‍ഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘ്പരിവാറിന്റെ ആശയങ്ങളാണ്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത്തരം ജാതിവിവേചനത്തിനും തൊഴിലെടുക്കുന്നവരോടുള്ള ഭ്രഷ്ടിനുമെതിരെ പടപൊരുതി വിജയിച്ച നാടാണ് കേരളം. നാട് പോരാടി നേടിയ നവോഥാന മൂല്യങ്ങളെ തിരസ്‌ക്കരിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ഈ നിലപാട്. മുഖ്യമന്ത്രിയെ “ചെത്തുകാരന്റെ മകന്‍” എന്നുപറഞ്ഞ് കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നത് ഇതാദ്യമല്ല. ജാതിബോധമാണ് ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഇതിനെതിരെ സാംസ്‌കാരിക കേരളത്തിന്റെയാകെ പ്രതിരോധം ഉയര്‍ന്നുവരണം. സംഘ്പരിവാര്‍ മനസും ജാതിബോധവുമായി നടക്കുന്ന കോണ്‍ഗ്രസിനെ ജനം ബഹിഷ്‌കരിക്കുമെന്നും ഡി വൈ എഫ് ഐ പ്രസ്താവനയില്‍ പറഞ്ഞു.

Latest