Connect with us

Editorial

പോക്‌സോ കേസുകളില്‍ ലാഘവമരുത്

Published

|

Last Updated

പോക്‌സോ കേസുകളില്‍ തുടര്‍ച്ചയായി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച ജഡ്ജിക്ക് ഒടുവില്‍ കൊളീജിയത്തിന്റെ കടിഞ്ഞാണ്‍. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ സിംഗിള്‍ ബഞ്ചില്‍ അഡീഷനല്‍ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് പുഷ്പ ഗനേഡിവാലക്ക് സ്ഥിരം നിയമനം നല്‍കണമെന്ന ശിപാര്‍ശ പിന്‍വലിച്ചിരിക്കുകയാണ് കൊളീജിയം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് എന്‍ വി രമണ, റോഹിംഗ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ കൊളീജിയമാണ് ശിപാര്‍ശ പിന്‍വലിച്ചത്. ജനുവരി 20നായിരുന്നു കേന്ദ്ര സര്‍ക്കാറിന് കൊളീജിയം ശിപാര്‍ശ നല്‍കിയത്. ജസ്റ്റിസ് പുഷ്പക്കെതിരെ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് വിവരം. 2019 ഫെബ്രുവരിയിലാണ് ബോംബെ ഹൈക്കോടതി അഡീഷനല്‍ ജഡ്ജിയായി ഇവര്‍ നിയമിതയായത്.

ലൈംഗിക പീഡനത്തിലെ ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന മൂന്ന് വിധികളാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാല തുടരെ തുടരെ പുറപ്പെടുവിച്ചത്. ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരില്ല, ചര്‍മങ്ങള്‍ പരസ്പരം തൊടുന്ന വിധം ബന്ധമുണ്ടായാലേ പോക്‌സോ നിയമപ്രകാരം കുറ്റകരമാകുകയുള്ളൂ എന്നതായിരുന്നു ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ വിവാദമായ ഒരു വിധി. പന്ത്രണ്ട് വയസ്സുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിലായിരുന്നു ഈ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതോ പാന്റിന്റെ സിപ് അഴിപ്പിക്കുന്നതോ പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമം അല്ലെന്നതാണ് മറ്റൊരു വിധി. എതിര്‍പ്പ് പ്രകടിപ്പിക്കുന്ന വ്യക്തിയെ വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വിവാദമായ മൂന്നാമത് വിധിപ്രസ്താവം. ഒരാള്‍ തനിയെ ഇരയുടെ വായ പൊത്തിപ്പിടിക്കുകയും ബലാത്കാരം നടത്തുകയും ചെയ്യുകയെന്നത് അസാധ്യമാണെന്ന് അവര്‍ വിലയിരുത്തുകയുണ്ടായി. മദ്യപിച്ചെത്തിയ അയല്‍വാസി വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. ജോലി കഴിഞ്ഞ് താന്‍ വീട്ടിലെത്തിയപ്പോള്‍ പ്രതി മകളുടെ കൈകളില്‍ പിടിച്ച നിലയിലും പാന്റ്‌സിന്റെ സിപ് തുറന്ന നിലയിലുമാണ് കണ്ടതെന്നും പ്രതി മകളോട് കിടക്കയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും മാതാവ് മൊഴി നല്‍കുകയും ചെയ്തിരുന്നു. ലൈംഗികാതിക്രമം നടന്നതായി സ്ഥാപിക്കാന്‍ ഇതൊന്നും പര്യാപ്തമല്ലെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് പുഷ്പ കീഴ്‌ക്കോടതി പ്രതിക്ക് നല്‍കിയ ശിക്ഷ റദ്ദാക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ അറ്റോര്‍ണി ജനറല്‍ കെ വേണുഗോപാല്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വിധി റദ്ദാക്കുകയുമായിരുന്നു.

ജസ്റ്റിസ് ഗനേഡിവാലയുടെ ഇത്തരം ഉത്തരവുകള്‍ക്കെതിരെ സമൂഹത്തില്‍ നിന്നും നിയമ മേഖലയില്‍ നിന്നും വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയില്‍ സ്പര്‍ശിച്ചാല്‍ ലൈംഗിക പീഡനമാകില്ലെന്ന ഇവരുടെ വിവാദ നിരീക്ഷണത്തെ ചോദ്യം ചെയ്ത് യൂത്ത് ബാര്‍ അസോസിയേഷനിലെ മൂന്ന് വനിതാ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര സര്‍ക്കാറും സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഡ്വ. ജനറല്‍ അശുതോഷാണ് അപ്പീല്‍ ഫയല്‍ ചെയ്യുന്നത്. രാജ്യത്ത് കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു എന്ന സന്നദ്ധ സംഘടന നടത്തിയ പഠനം കാണിക്കുന്നത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഇന്ത്യയില്‍ പത്ത് വര്‍ഷം കൊണ്ട് അഞ്ച് മടങ്ങിലേറെ വര്‍ധിച്ചുവെന്നാണ്. 2006ല്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളുടെ എണ്ണം 18,967 ആയിരുന്നെങ്കില്‍ 2016ല്‍ 1,06,965 ആയി വര്‍ധിച്ചു. മൂന്ന് വര്‍ഷം മുമ്പത്തെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ഓരോ 15 മിനുട്ടിലും ഒരു കുട്ടി വീതം ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട്.
പോക്‌സോ കേസുകളുടെ ഭീതിദമായ ഈ വര്‍ധനവിനെ തുടര്‍ന്നാണ് 2018ല്‍ നിയമം ഉടച്ചു വാര്‍ക്കുകയും കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് വധശിക്ഷ വരെ വിധിക്കാകുന്ന കുറ്റമാക്കുകയും ചെയ്തത്. പ്രതിയില്‍ നിന്ന് കനത്ത പിഴശിക്ഷ വാങ്ങി ഇരക്കോ ആശ്രിതര്‍ക്കോ നല്‍കേണ്ടതാണെന്നും നിയമത്തില്‍ കൂട്ടിച്ചേര്‍ത്തു. കേസന്വേഷണം മൂന്ന് മാസത്തിനകവും കോടതി നടപടികള്‍ ഒരു വര്‍ഷത്തിനകവും പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കേണ്ടതുമാണ്. അപ്പീലുണ്ടെങ്കില്‍ ആറ് മാസത്തിനകം അത് പൂര്‍ത്തിയാക്കണം. എന്നിട്ടും കുട്ടികള്‍ക്കെതിരായ ഞരമ്പുരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നു. സ്വാധീനത്തിലൂടെയോ നിയമ യുദ്ധത്തിലൂടെയോ രക്ഷപ്പെടാമെന്ന ധാരണ കുറ്റവാളികളെ പിടികൂടിയിട്ടുണ്ട്. ജസ്റ്റിസ് പുഷ്പയുടെ ഉത്തരവുകള്‍ സമൂഹത്തിന്റെ ഈ ധാരണ ശക്തിപ്പെടുത്തുകയും കോടതി ഉത്തരവുകളില്‍ അപകടകരമായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇടവരുത്തുകയും ചെയ്യും.

ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ വിവാദ വിധിപ്രസ്താവങ്ങള്‍ക്ക് പ്രേരകമെന്തെന്നത് ദുരൂഹമാണ്. ഒരു പക്ഷേ, പോക്‌സോ കേസുകളുടെ വര്‍ധിച്ചു വരുന്ന ദുരുപയോഗമായിരിക്കാം കാരണം. അതെന്തായാലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ കോടതികള്‍ ലാഘവത്തോടെ കാണുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. കൗമാര പ്രായത്തിലെ മോശം അനുഭവങ്ങള്‍ ഭാവിയില്‍ വ്യക്തികളുടെ മാനസിക വളര്‍ച്ചയെ തന്നെ തകരാറിലാക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഒരു ജീവിതമാണ് അതോടെ തകരുന്നത്. തീവ്ര പ്രാധാന്യമുള്ള വിഷയങ്ങളില്‍ കോടതി ഇടപെടലിന്റെ പോരായ്മ കാരണം ഇരകള്‍ക്ക് നീതി ലഭിക്കാതെ വരുന്നത് ജുഡീഷ്യറിയുടെ ഉദ്ദേശ്യലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യാനുമിടയാക്കും. ശിക്ഷ കടുത്തതെങ്കില്‍ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനാകുകയുള്ളൂവെന്നത് അനുഭവ സാക്ഷ്യമാണ്. പോക്‌സോ കേസുകളെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നവര്‍ നീതിന്യായ പീഠത്തില്‍ തുടരാതിരിക്കുന്നത് തന്നെയാണ് അഭികാമ്യം. ജസ്റ്റിസ് പുഷ്പക്ക് സ്ഥിരം നിയമനം നല്‍കാനുള്ള ശിപാര്‍ശ പിന്‍വലിച്ച കൊളീജിയത്തിന്റെ നടപടി സ്വാഗതാര്‍ഹമാണ്.

Latest