Pathanamthitta
ഇലക്ഷന്‍ ക്ലാസുകളില്‍ പങ്കെടുത്തവര്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി

പത്തനംതിട്ട | ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഇലക്ഷന്‍ ക്ലാസുകളില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗത്തിനും പ്രതിഫലം കിട്ടിയില്ല. നവംബര്‍ അവസാന ആഴ്ചയില്‍ നടന്ന ക്ലാസുകളില്‍ പങ്കെടുത്തവരില്‍ നിന്ന് പണം കൈപ്പറ്റിയെന്ന രസീത് ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. പിന്നീട് നല്‍കിക്കൊള്ളാം എന്ന വാക്കുകേട്ട് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളിലെ ഡ്യൂട്ടികള്‍ക്ക് പ്രതിഫലം ലഭിച്ചിട്ടും ക്ലാസിന്റേത് അനുവദിക്കാതിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഇലക്ഷന്‍ കമ്മിഷനാണ് പ്രതിഫലത്തുക അതത് ജില്ലകള്‍ക്ക് അനുവദിക്കുന്നത്.
പറക്കോട്, കോന്നി, പന്തളം, മല്ലപ്പള്ളി ബ്ലോക്കുകളില്‍ തുക വിതരണം ചെയ്തിട്ടില്ല. ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് പണം മുഴുവന്‍ കൊടുത്തുതീര്‍ത്തെന്നാണ് പറക്കോട് ബ്ലോക്ക് അധികൃതര്‍ ആദ്യം വിശദീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ 28 പേര്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി. അതില്‍ 18 പേരുടെ അക്കൗണ്ട് നമ്പരും ഐ എഫ് എസ്് സി കോഡും ലഭിച്ചില്ലെന്നാണ് ബ്ലോക്ക് അധികൃതര്‍ പറയുന്നത്. അധികൃതരുടെ വിശദീകരണം ശരിയല്ലെന്ന് ക്ലാസില്‍ പങ്കെടുത്തവര്‍ പറയുന്നു. ട്രെന്‍ഡ് എന്ന വെബ്സൈറ്റില്‍ ഇലക്ഷന്‍ ക്ലാസില്‍ പങ്കെടുത്തവരുടെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ചേര്‍ത്തിരുന്നു.
ഏതെങ്കിലും വിവരം ചേര്‍ക്കാതിരുന്നാല്‍ പൂര്‍ണമല്ല എന്ന മെസേജ് ലഭിക്കും. അപേക്ഷ വിവരങ്ങള്‍ വെബ്സൈറ്റ് സ്വീകരിക്കുകയുമില്ല. അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെ ചേര്‍ത്ത് വൈബ്സൈറ്റില്‍ സ്വീകരിച്ചവര്‍ക്കാണ് പണം ലഭിക്കാത്തത്. ഫണ്ട് വിതരണത്തില്‍ ക്രമക്കേട് നടന്നതായി സംശയമുയര്‍ന്നത് ഈ സാഹചര്യത്തിലാണ്. പണം ലഭിക്കാതിരുന്നവര്‍ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.