ന്യൂയോര്‍ക്ക് | ഇനിയൊരു ആണവയുദ്ധമുണ്ടായാല്‍ എല്‍ നിനോക്ക് സമാനമായ കൊടുംവരള്‍ച്ചയാണ് സംഭവിക്കുകയെന്ന് ഗവേഷകര്‍. ഭൂമധ്യരേഖക്കടുത്ത പസിഫിക് സമുദ്രത്തിലാണ് കൊടുംചൂടുണ്ടാകുക. ഇത് സമുദ്ര ജൈവ സമ്പത്തിനെയും ബാധിക്കും.
സമുദ്രത്തിലെ ആല്‍ഗ 40 ശതമാനത്തോളം കുറയും. ഇത് മത്സ്യങ്ങളെയും ബാധിക്കും. ആണവ യുദ്ധത്തിന് ശേഷം ഭൂമിയിലെ കൃഷി പരാജയപ്പെടുമ്പോള്‍ ഭക്ഷണത്തിന് വേണ്ടി കടലിനെ ആശ്രയിക്കുന്നത് വിജയകരമായേക്കില്ല. ഏറ്റവും ചുരുങ്ങിയത് ഭൂമധ്യ രേഖക്കടുത്ത പസിഫിക്കില്‍ എങ്കിലും അതായിരിക്കും സ്ഥിതി.
മനുഷ്യര്‍ ഭക്ഷിക്കുന്ന സമുദ്ര ജീവികളെ വന്‍തോതില്‍ ബാധിക്കുന്നതാണ് ആല്‍ഗകള്‍ കുറയുന്നത്. ന്യൂ ബ്രണ്‍സ്വിക് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കമ്യൂനിക്കേഷന്‍സ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.