Connect with us

Religion

അനുഗ്രഹസാന്നിധ്യം

Published

|

Last Updated

വിശ്വാസിയുടെ നിത്യജീവിതവുമായി ചേർന്നുനിൽക്കുന്ന പദമാണ് ബറകത്. സ്രഷ്ടാവിന്റെ മഹാ അനുഗ്രഹങ്ങളിലൊന്നാണത്. നമാഅ്, സിയാദത് അഥവാ അഭിവൃദ്ധി, വളര്‍ച്ച, അനുഗ്രഹം, പുണ്യം, സൗഭാഗ്യം എന്നെല്ലാമാണ് ബറകത് എന്നതിനര്‍ഥം. നന്മയുടെ ആധിക്യവും അതിന്റെ നിലനിൽപ്പും സ്ഥിരതയുമാണതിന്റെ താത്പര്യമെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ നിരവധിയിടങ്ങളിൽ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. മഹാനായ സജ്ജാജ്(റ) “ഇത് മുബാറകായ ഗ്രന്ഥമാകുന്നു’ എന്ന ഖുർആനിക വിശേഷണത്തിന് വർധിച്ച നന്മകളുള്‍ക്കൊള്ളുന്നത് എന്നാണ് വിവക്ഷിച്ചത്.

ബറകതിന്റെ അടിസ്ഥാനം ഖുർആൻ, ഹദീസ്, പണ്ഡിതന്മാരുടെ ഏകോപനം എന്നിവ കൊണ്ടെല്ലാം സ്ഥിരപ്പെട്ടതാണ്. ജീവിത സൗഭാഗ്യത്തിന്റെ അടിസ്ഥാന ഘടകമായ അനുഗ്രഹ ലഭ്യതക്കു വേണ്ടി പ്രവാചകന്മാരഖിലവും അല്ലാഹുവിനോട് തേടിയിരുന്നു. അബ്ദുല്ലാഹ്(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. വെള്ളം വളരെ കുറവാണ്. നബി(സ) അരുളി: അൽപ്പം വെള്ളം ആരുടെയെങ്കിലുമടുക്കലുണ്ടോ എന്ന് അന്വേഷിക്കുക. സ്വഹാബിമാര്‍ അൽപ്പം വെള്ളമുള്ള ഒരു പാത്രം കൊണ്ടുവന്നു. നബി(സ) കൈ ആ പാത്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം പറഞ്ഞു: “ബറകതുള്ള ശുദ്ധജലം ആവശ്യമുള്ളവര്‍ മുന്നോട്ട് വരിക. ഈ ബറകത്ത് അല്ലാഹുവിങ്കല്‍ നിന്നത്രെ”. നബി(സ)യുടെ വിരലുകള്‍ക്കിടയിലൂടെ വെള്ളം ഉറവെടുക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി)

ചില വ്യക്തികൾക്കും സ്ഥലങ്ങൾക്കും സമയത്തിനും വസ്തുക്കൾക്കും ഭക്ഷണ പദാർഥങ്ങൾക്കും ബറകതുണ്ടാകാൻ വേണ്ടി നബി(സ) പ്രത്യേക പ്രാർഥന നടത്തിയിട്ടുണ്ട്. അവിടുത്തെ ഉമ്മത്തിന് അവരുടെ പ്രഭാതത്തിലെ ഐശ്വര്യത്തിനു വേണ്ടി പ്രാർഥിച്ചിട്ടുണ്ട്. (തിർമിദി) അവിടുത്തെ പ്രാർഥനാ ഫലമായി അബ്ദുർറഹ്മാൻ ബിൻ ഔഫ് (റ) ഇസ്‌ലാമിക ചരിത്രത്തിലെ അറിയപ്പെട്ട ധനികനും ധര്‍മിഷ്ടനുമായി മാറി. തൊട്ടതെല്ലാം പൊന്നാകുന്ന മഹാത്ഭുതമായിരുന്നു ആ പ്രാർഥനയുടെ ശക്തി.
വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും അളവറ്റ രീതിയില്‍ ഈ അനുഗ്രഹ സാന്നിധ്യം അനിവാര്യമാണ്. എന്നാൽ, ധാരാളം സുഖസൗകര്യങ്ങളും വിഭവങ്ങളും സമൃദ്ധിയും ഉണ്ടാവുകയല്ല, ലഭിച്ചവയില്‍ സന്തോഷവും തൃപ്തിയുമുണ്ടാവുകയാണ് ബറകതിന്റെ വിവക്ഷ. വലിയ ധനാഗമന മാർഗങ്ങളുണ്ടായിട്ടും ചിലർക്ക് പണം ഒന്നിനും തികയുന്നില്ലാ എന്നത് അതില്‍ ബറകത് ലഭിക്കാത്തതുകൊണ്ടാണ്. ദാമ്പത്യ ജീവിതം സുഖകരമല്ലെങ്കിൽ അതില്‍ ബറകതില്ലെന്നർഥം. ഒന്നിനും സമയമില്ലെന്ന് തോന്നുന്നത് സമയത്തിൽ ബറകത് ലഭിക്കാത്തതിനാലാണ്.

അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)യുടെ കാലത്ത് രണ്ട് സഹോദരന്മാരുണ്ടായിരുന്നു. അവരിലൊരാള്‍ നബി (സ)യുടെ അടുത്ത് വന്ന് പഠിക്കുകയും മറ്റേയാൾ തൊഴിലെടുക്കുകയുമായിരുന്നു ചെയ്യാറുണ്ടായിരുന്നത്. ഒരു ദിവസം ജോലിക്ക് പോകുന്ന സഹോദരന്‍ ജോലിയെടുക്കാത്ത തന്റെ സഹോദരനെക്കുറിച്ച് തിരുനബി(സ)യോട് പരാതി പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ഒരു പക്ഷെ നിനക്ക് അല്ലാഹു ഭക്ഷണം നൽകിക്കൊണ്ടിരിക്കുന്നത് അവന്‍ കാരണമായിട്ടായിരിക്കാം. (തിർമിദി)
പരസ്പര അഭിവാദന പ്രത്യഭിവാദന സന്ദര്‍ഭങ്ങളിലും വിവാഹവേളയിലെ നവ വധൂവരന്മാര്‍ക്കുള്ള അനുഗ്രഹാശംസകളിലും ആഘോഷവേളകളിലും മറ്റു വിശേഷ സന്ദർഭങ്ങളിലുമെല്ലാം അനുഗ്രഹസാന്നിധ്യത്തിന് വേണ്ടിയുള്ള പ്രാർഥനകളാണ് നടത്തുന്നത്. ഇത്തരം അഭിവാദ്യങ്ങളോടെയുള്ള കൂടിക്കാഴ്ചകളിലും പ്രവർത്തനങ്ങളിലും ബറകത് നിഴലിച്ച് കാണുക തന്നെ ചെയ്യും. അത് വിജയത്തിലും അഭിവൃദ്ധിയിലുമെത്തിക്കും. അതില്ലാതിരിക്കുമ്പോൾ എല്ലാ പരാജയത്തിന്റെയും കേന്ദ്രമായ പിശാചിന്റെ കടന്നുകയറ്റമുണ്ടാകും. പിശാച് എവിടെ സ്വാധീനിച്ചോ അവിടെ ബറകത് നഷ്ടപ്പെട്ടതു തന്നെ.

---- facebook comment plugin here -----

Latest