Covid19
കേരളത്തില്‍ കൊവിഡ് വ്യാപനം ഇതര സംസ്ഥാനങ്ങളെക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | കേരളം രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി മാറിയതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച പുറത്തു വിട്ട കൊവിഡ് സ്ഥിതിവിവരകണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദിനംപ്രതി ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നതും കേരളത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. അതേസമയം, സാമ്പിള്‍ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലുമാണ്.
തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കൊവിഡ് രോഗികളുടെ മരണ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിടിച്ചുനിര്‍ത്താനായത് ആശ്വാസകരമാണ്. ഏഴ് ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കണ്ണൂരില്‍ 40 ശതമാനം വര്‍ധനയുണ്ടായി. രോഗികളുടെ എണ്ണം ഏറ്റവും കുറവായിരുന്ന വയനാട് ജില്ലയില്‍ ഒരാഴ്ചയില്‍ ഉണ്ടായ വര്‍ധന 34 ശതമാനമാണ്. തിരുവനന്തപുരം-33, കൊല്ലം-31, കോട്ടയം-25 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.
കണ്ണൂര്‍, കൊല്ലം, എറണാകുളം, കാസര്‍കോട്, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ദേശീയ ശരാശരി രണ്ടിലും താഴെ ആയിരിക്കെ സംസ്ഥാനത്ത് അത് ഒന്നര മാസത്തിലേറെയായി 10ന് മുകളിലാണ് . ആശുപത്രികളിലും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. കൊവിഡ് ഗുരുതരമാകുന്നവരുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൂടിയിട്ടുണ്ട്. രാജ്യത്ത് ഏഴ് മാസത്തിനിടെ ഇതാദ്യമായി 24 മണിക്കൂറിനിടെ 9,102 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,901 പേര്‍ രോഗമുക്തരായി. ഒരു ദിവസത്തിനിടെ 117 പേരാണ് മരിച്ചത്. ആകെ മരണം 1,53,587 ആണ്.