National
ട്രാക്ടര്‍ പരേഡ് അവസാനിപ്പിച്ചു, കര്‍ഷകര്‍ പ്രതിഷേധ സ്ഥലങ്ങളിലേക്ക് മടങ്ങുന്നു, ഡല്‍ഹിയില്‍ അധിക സേനാ വിന്യാസം; പഞ്ചാബിലും ഹരിയാനയിലും അതീവ ജാഗ്രത

ന്യൂഡല്‍ഹി | കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെ എം) കിസാന്‍ റിപ്പബ്ലിക് ഡേ പരേഡ് പിന്‍വലിച്ചു. പരേഡില്‍ പങ്കെടുത്തവരെല്ലാം അതത് പ്രതിഷേധ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തു. ഡല്‍ഹിയിലെ ചെങ്കോട്ട പരിസരത്തെത്തിയ കര്‍ഷകര്‍ അതിര്‍ത്തികളിലെ പ്രതിഷേധ സ്ഥലങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. അതേസമയം, ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലുണ്ട്.
സമാധാനപരമായി പ്രതിഷേധം തുടരുമെന്നും ചര്‍ച്ചക്ക് ശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും എസ് കെ എം അറിയിച്ചു. പോലീസുകാരെ ആക്രമിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ അറിയിച്ചു. ഹരിയാനയിലും പഞ്ചാബിലും അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ അര്‍ധ സൈനിക വിഭാഗങ്ങളെ അധികമായി വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല, ഡൽഹി പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നഗരത്തിലേക്കുള്ള വിവിധ പ്രവേശന മാര്‍ഗങ്ങള്‍ അടച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന പ്രക്ഷോഭകര്‍ ട്രാക്ടറുകളുമായി ഡല്‍ഹിയില്‍ പ്രവേശിച്ച് ചെങ്കോട്ടക്ക് മുകളിൽ കയറി രണ്ട് തവണ കർഷക സംഘടനകളുടെ കൊടികൾ കെട്ടിയിരുന്നു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുന്ന കൊടിമരത്തിൽ കയറി ആദ്യതവണ പതാക ഉയർത്തി മണിക്കൂറുകൾക്കകം പ്രധാന കൊടിമരത്തിലും കൊടി നാട്ടി.
പോലീസ് വെടിവെപ്പിൽ ഒരു സമരപോരാളി മരിച്ചതായി കർഷക സംഘടനകൾ അറിയിച്ചു. ഡൽഹി പോലീസ് ഇത് നിഷേധിച്ചു. ട്രാക്ടറുമായി വരികയായിരുന്ന കർഷകന് നേരെയാണ് പോലീസ് വെടിവെച്ചത്. ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചത് തുടർന്ന് നിയന്ത്രണംവിട്ട് ട്രാക്ടർ മറിയുകയായിരുന്നു. മൃതദേഹവുമായി കർഷകർ പ്രതിഷേധിക്കുന്നുണ്ട്. ചെങ്കോട്ടക്ക് പുറത്തുള്ള രാംലീല മൈതാനിയിൽ ട്രാക്ടറുകൾ പാർക്ക് ചെയ്തിരിക്കുകയാണ്. നേരത്തേ ഇവിടെ പ്രതിഷേധ ഭൂമിയാക്കാനാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകർ ഡൽഹി അതിർത്തികളിലെത്തിയത്.
അതിര്‍ത്തിയില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ കൊണ്ട് ഇടിച്ചു തകര്‍ത്താണ് സമരപോരാളികള്‍ ഡല്‍ഹിയിലേക്ക് ഇരച്ചുകയറിയത്. ഇതിനിടെ ഗാസിപ്പൂര്‍, സിംഗു അതിര്‍ത്തികളില്‍ പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. ട്രാക്ടര്‍ റാലി പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പ്രക്ഷോഭകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ കര്‍ഷകര്‍ പോലീസ് വാഹനങ്ങള്‍ക്ക് മുകളില്‍ കയറി.
ട്രാക്ടര്‍ റാലി റിപ്പബ്ലിക് ദിന പരേഡിന് ശേഷം ആരംഭിക്കാനാണ് അനുവാദം നല്‍കിയിരുന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍ എട്ടുമണിയോടെ റാലി ആരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കര്‍ഷക നേതാക്കളുടെ പക്ഷം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു.
ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. പ്രക്ഷോഭത്തില്‍ രണ്ട് ലക്ഷത്തോളം ട്രാക്ടറുകള്‍ അണിനിരക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ ട്രാക്ടറുകള്‍ ചരിത്രം സൃഷ്ടിക്കുന്ന സമരത്തില്‍ എത്തിയെന്നാണ് വിവരം. അതിനാല്‍ തന്നെ, പൊലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.
സിംഗു, തിക്രി, ഗാസിപുര്‍, ചില്ല ബോര്‍ഡര്‍, ഹരിയാനയിലെ മേവാത്, ഷാജഹാന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ട്രാക്ടര്‍ പരേഡ് ആരംഭിക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ പങ്കെടുക്കുന്നതത്.
രാജ്യം 72ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് തലസ്ഥാനത്ത് കര്‍ഷകര്‍ കൂറ്റന്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. ഒരുവശത്ത് വര്‍ണാഭമായ റിപബ്ലിക് ദിനാഘോഷ ചടങ്ങുകളും പരേഡും നടക്കുന്നതിനിടെയാണ് കര്‍ഷക പ്രക്ഷോഭം മറുഭാഗത്ത് കത്തിജ്വലിക്കുന്നത്. റാലി രണ്ടു മണിക്കൂറിലധികം നീണ്ടുനില്‍ക്കും. റാലി കണക്കിലെടുത്ത് ഡല്‍ഹിയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിനൊപ്പം ഏകോപനത്തിന് മൂവായിരം പേരുടെ സന്നദ്ധ സംഘത്തെ സജ്ജീകരിച്ചിട്ടുണ്ട്. റാലിയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ചില വിധ്വംസക ശക്തികള്‍ റാലിയിലേക്ക് നുഴഞ്ഞുകയറിയേക്കുമെന്നാണ് വിവരം.
അതിനിടെ, ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലിമെന്റിലേക്ക് കാല്‍നടയായി മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. സമരഭൂമിയില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.