Kerala
കൊവിഡ്: എറണാകുളത്തും കോഴിക്കോടും സ്ഥിതിഗതികള്‍ ഗുരുതരമെന്ന് ഐ എം എ

തിരുവനന്തപുരം | നിലവില്‍ കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി ഐഎംഎ കേരള ഘടകം. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ദിനംപ്രതി ആയിരത്തിനു മുകളില്‍ രോഗികള്‍ ഉണ്ടാകുന്നു. ഇതനുസരിച്ച് ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അപര്യാപ്തമാകുന്ന അവസ്ഥ ഉണ്ടാകുമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി ടി സക്കറിയാസ്, സെക്രട്ടറി ഡോ. പി ഗോപികുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
50ശതമാനം മാത്രം സെന്‍സിറ്റീവ് ആയ ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്ത് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാനാവൂ. അനാവശ്യ സഞ്ചാരങ്ങള്‍, ആഘോഷങ്ങള്‍ക്കായി കൂട്ടുകൂടല്‍ എന്നിവയില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്നും ഐഎംഎ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നു.
കോണ്ടാക്ട് ടെസ്റ്റിങ്, സര്‍വൈലന്‍സ് ടെസ്റ്റിങ് എന്നിവ നിന്നുപോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് രണ്ടും ഊര്‍ജസ്വലമായി വീണ്ടും ചെയ്താല്‍ മാത്രമേ രോഗബാധിതരെയും രോഗസാദ്ധ്യതയുള്ള പ്രദേശങ്ങളേയും തിരിച്ചറിയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുകയുള്ളുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.