National
ഉയര്‍ന്ന റേറ്റിംഗിനായി ലക്ഷങ്ങള്‍ നല്‍കി; അര്‍ണബിനെ കുരുക്കുന്ന ഗുരുതര മൊഴി

മുംബൈ |റിപ്പബ്ലിക് ടി വിക്ക് അനുകൂലമായി ബാര്‍ക് റേറ്റിംഗുകള്‍ ഉയര്‍ത്തി നല്‍കുന്നതിന് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി ലക്ഷങ്ങള്‍ നല്‍കിയതായി മുംബൈ പോലീസിന് മുമ്പാകെ മൊഴി. ടി ആര്‍ പി അഴിമതിക്കേസില്‍ ബാര്‍ക് മുന്‍ സി ഇ ഒ പാര്‍ഥോ ദാസ്ഗുപ്തയാണ് അര്‍ണബിന് കരുക്ക് മുറുകുന്ന മൊഴി നല്‍കിയത്. ചാനലിന് അനുകൂലമായി ഉയര്‍ന്ന റേറ്റിംഗ് നല്‍കിയതിന് മൂന്ന് വര്‍ഷത്തിനിടെ 40 ലക്ഷം രൂപ അര്‍ണബ് നല്‍കി. കൂടാതെ കുടുംബവുമായി വിദേശരാജ്യങ്ങളില്‍ യാത്ര നടത്തുന്നതിന് 12,000 യു എസ് ഡോളര്‍ വേറെയും നല്‍കിയെന്നും പാര്‍ഥോ ദാസ് പറയുന്നു. ഇയാളുടെ മൊഴി അടങ്ങി കുറ്റപത്രം പോലീസ് തയ്യാറാക്കി.
കുറ്റപത്രമനുസരിച്ച് 2020 ഡിസംബര്‍ 27-ന് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിന്റെ ഓഫീസില്‍ വെച്ച് വൈകീട്ട് 5.15ന് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിലാണ് പാര്‍ഥോ ദാസ്ഗുപ്തയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. 2004 മുതല്‍ അര്‍ണബ് ഗോസ്വാമിയെ എനിക്കറിയാം. ടൈംസ് നൗവില്‍ ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്തിരുന്നു. 2013-ലാണ് ബാര്‍ക് സി ഇ ഒ ആയി ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2017-ല്‍ അര്‍ണബ് റിപ്പബ്ലിക് ടി വി ലോഞ്ച് ചെയ്തു. അര്‍ണബ് നല്‍കിയ വാഗ്ദാന പ്രകാരം റിപ്പബ്ലിക് ടിവിക്ക് നമ്പര്‍ 1 റേറ്റിംഗ് ലഭിക്കുന്നതിന് വേണ്ടി ഞാനും എന്റെ സംഘവും ടി ആര്‍ പി റേറ്റിങ്ങില്‍ കൃത്രിമം നടത്തി.
2017 മുതല്‍ 2019 വരെ ഇപ്രകാരം ചെയ്തു. 2017-ല്‍ ലോവര്‍ പരേലിലെ സെന്റ് റെജിസ് ഹോട്ടലില്‍ വെച്ച് അര്‍ണബ് ഗോസ്വാമി താനുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തി. കുടുംബവുമായി ഫ്രാന്‍സ്-സ്വിറ്റ്‌സര്‍ലന്‍ഡ് യാത്ര നടത്തുന്നതിനായി തനിക്ക് ഈ കൂടിക്കാഴ്ചയില്‍ ആറായിരം യു എസ് ഡോളര്‍ നല്‍കുകയായിരുന്നെന്നും മൊഴില്‍ പറയുന്നു.