Editorial
വാട്‌സ്ആപ്പും സ്വകാര്യതാ സന്ദേഹങ്ങളും

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ആപ്പ് ഏതെന്ന ചോദ്യത്തിന് നിലവില്‍ ഒരു ഉത്തരമേയുള്ളൂ, വാട്‌സ്ആപ്പ്. 200 കോടി ആളുകള്‍ സജീവമായി ഈ ആപ്പ് ഉപയോഗിക്കുന്നുവെന്നാണ് 2020ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ ലോകജനസംഖ്യയുടെ നാലിലൊന്നോളം പേര്‍ വാട്‌സ്ആപ്പിന്റെ ഉപയോക്താക്കളാണ്. അതില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് ഇന്ത്യയിലാണ്. 34 കോടി വരും ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ വ്യാപ്തി. അതുകൊണ്ട് തന്നെ ഈ ആപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ഏതൊരു വിവാദത്തിനും മൂര്‍ച്ചയേറും, വിശേഷിച്ചും ഇന്ത്യയില്‍.
വാട്‌സ്ആപ്പ് അടുത്തിടെ അവരുടെ പ്രൈവസി പോളിസിയില്‍ വരുത്തിയ മാറ്റമാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് ആധാരം. ഉപയോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് മൂന്നാം കക്ഷി (തേര്‍ഡ് പാര്‍ട്ടി) സേവനങ്ങളുമായും പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്ന നയംമാറ്റമാണ് പുതുതായി കൊണ്ടുവന്നത്. വാട്‌സ്ആപ്പുമായി സംയോജിപ്പിച്ചിരിക്കുന്ന മൂന്നാം കക്ഷി സേവനങ്ങളെയോ മറ്റ് ഫേസ്ബുക്ക് കമ്പനി ഉത്പന്നങ്ങളെയോ ആശ്രയിക്കുമ്പോള്‍, ആ തേഡ് പാര്‍ട്ടി സേവനങ്ങളോട് നിങ്ങളോ മറ്റുള്ളവരോ പങ്കിടുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചേക്കാം എന്നാണ് പുതിയ നയത്തില്‍ വ്യക്തമാക്കുന്നത്. അതായത് ഫേസ്ബുക്കിലെ ഒരു വീഡിയോ വാട്‌സ്ആപ്പ് വഴി തുറക്കുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് ലഭിച്ചേക്കാം എന്നര്‍ഥം.
ബാറ്ററി ലെവല്‍, സിഗ്‌നല്‍ ശേഷി, ആപ്ലിക്കേഷന്റെ പതിപ്പ്, ബ്രൗസര്‍ വിവരങ്ങള്‍, മൊബൈല്‍ നെറ്റ് വര്‍ക്ക്, കണക്്ഷൻ വിവരങ്ങള്‍ (ഫോണ്‍ നമ്പര്‍, മൊബൈല്‍ ഓപറേറ്റര്‍ അല്ലെങ്കില്‍ ഐ എസ് പി ഉള്‍പ്പെടെ), ഭാഷ, ടൈം സോണ്‍, ഐ പി വിലാസം, ഡിവൈസ് ഓപറേഷന്‍ ഇന്‍ഫര്‍മേഷന്‍, ഐഡന്റിഫയറുകള്‍ തുടങ്ങിയ വിവരങ്ങളാണ് ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുകയെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു. ഈ വിവരങ്ങള്‍ ലഭിക്കുന്നതിലൂടെ നിങ്ങളുടെ താത്പര്യങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ക്ക് തിരിച്ചറിയാനും അതനുസരിച്ചുള്ള പരസ്യങ്ങള്‍ നിങ്ങളെ കാണിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ ആകെത്തുക.
സ്വകാര്യതയിലേക്ക് വാട്‌സ്ആപ്പ് കടന്നുകയറുന്നുവെന്ന സംശയങ്ങള്‍ക്കാണ് പുതിയ വിവാദങ്ങള്‍ വഴിവെച്ചത്. നിങ്ങള്‍ അയക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ വാട്‌സ്ആപ്പ് നിരീക്ഷിക്കുന്നുവെന്നും രഹസ്യങ്ങള്‍ എല്ലാം ചോര്‍ത്തുന്നുവെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങളെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്‌സ്ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കപ്പെടുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു. മാത്രമല്ല വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കമ്പനിയുടെ സെര്‍വറില്‍ സൂക്ഷിക്കുന്നുമില്ല. സന്ദേശം അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരുടെ മൊബൈല്‍ ഫോണില്‍ മാത്രമാണ് അവ സൂക്ഷിക്കപ്പെടുന്നത്.
വിവരങ്ങള്‍ നേരത്തേയും വാട്‌സ്ആപ്പ് മറ്റു കമ്പനികളുമായി പങ്കുവെക്കാറുണ്ടെങ്കിലും എന്തൊക്കെ തരം വിവരങ്ങള്‍ പങ്കുവെക്കാമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ പുതിയ നയത്തില്‍ അങ്ങനെയൊരു സ്വാതന്ത്ര്യം ഉപയോക്താവിനില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഏകപക്ഷീയമായി നയം അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് വാട്സ്ആപ്പ് സ്വീകരിച്ചത്. ഫെബ്രുവരി എട്ടിനകം പുതിയ നയംമാറ്റം അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ വാട്‌സ്ആപ്പ് സേവനങ്ങള്‍ ലഭ്യമാകില്ല എന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഇത് മെയ് 15 വരെ നീട്ടിയിട്ടുണ്ട്. ഈ രീതി ശരിയല്ല. വിവരങ്ങള്‍ പങ്കുവെക്കണോ വേണ്ടയോ എന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ അവസരം നല്‍കുകയെന്നത് മിനിമം മര്യാദയാണ്. അത് പാലിക്കാന്‍ വാട്‌സ്ആപ്പ് തയ്യാറാകുക തന്നെ വേണം. മെയ് 15നുള്ളില്‍ ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അല്ലാത്തപക്ഷം ഈ പ്രതിഷേധക്കൊടുങ്കാറ്റില്‍ വാട്‌സ്ആപ്പ് മറിഞ്ഞുവീഴുമെന്ന് ഉറപ്പാണ്. സിഗ്നല്‍ പോലുള്ള മെസേജിംഗ് ആപ്പുകള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യത ഇതിന്റെ സൂചന മാത്രം.
വാട്‌സ്ആപ്പിന്റെ നയംമാറ്റത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. സ്വകാര്യതാ നയത്തിലെ വിവാദപരമായ അപ്‌ഡേറ്റുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായ മാറ്റങ്ങള്‍ അന്യായവും അസ്വീകാര്യവുമാണെന്ന് വാട്‌സ്ആപ്പ് സി ഇ ഒ വില്‍ കാത്കാര്‍ട്ടിന് അയച്ച കത്തില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വ്യക്തമാക്കി. വിവര സ്വകാര്യത, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഡാറ്റാ സുരക്ഷ എന്നിവക്കുള്ള സമീപനം പുനഃപരിശോധിക്കാനും മന്ത്രാലയം വാട്‌സ്ആപ്പ് സി ഇ ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് കമ്പനി എങ്ങനെ പ്രതികരിക്കുമെന്നും കാത്തിരുന്ന് കാണേണ്ടി വരും.
മറ്റു പല ആപ്പുകളും ഇത്തരത്തില്‍ പല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മിക്ക സോഫ്റ്റ് വെയറുകളും അവരുടെ സ്വകാര്യതാ, സേവന വ്യവസ്ഥകള്‍ ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യുകയും വായിച്ചുപോലും നോക്കാതെ നമ്മള്‍ അത് അംഗീകരിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, വാട്‌സ്ആപ്പ് പോലെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ഒരു ആപ്പ് ഇത്തരമൊരു നയംമാറ്റം വ്യക്തമാക്കുമ്പോള്‍ അത് സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് ഇടയാക്കുമെന്നത് വസ്തുതയാണ്. വ്യാജ വാര്‍ത്തകളുടെ പ്രധാന ഉറവിടങ്ങളില്‍ ഒന്നായ വാട്‌സ്ആപ്പ് വഴി തന്നെ അതേ ആപ്പിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ കൂടി ആയതോടെ ആശങ്കയുടെ തോത് ഉയരുകയും ചെയ്തു.
ഇന്റര്‍നെറ്റ് വലക്കണ്ണിയില്‍ സ്വകാര്യത എത്രമാത്രം ഉണ്ടെന്ന് നമ്മള്‍ ഓരോരുത്തരും സ്വയം വിലയിരുത്തേണ്ട സമയം കൂടിയാണിത്. കണ്ണില്‍ കാണുന്ന ആപ്പുകളെല്ലാം ഇന്‍സ്റ്റാള്‍ ചെയ്യുകയും ഗ്യാലറി, ക്യാമറ, വോയ്‌സ് തുടങ്ങി നമ്മുടെ വിവരങ്ങള്‍ ചോരാനിടയുള്ള എല്ലാ വഴികളും അവര്‍ക്കായി തുറന്നിട്ടു നല്‍കുകയും ചെയ്യുമ്പോള്‍ അത് വരുത്താനിടയുള്ള അപകടങ്ങളെ കുറിച്ച് കൂടി നമ്മള്‍ ബോധവാന്മാരായിരിക്കണം. നമുക്ക് പരിചയമില്ലാത്ത ആപ്പുകളും ഇന്റര്‍നെറ്റ് സേവനങ്ങളും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇന്റര്‍നെറ്റ് അധിഷ്ഠിത സങ്കേതങ്ങളെ കൂടുതല്‍ ജാഗ്രതയോടു കൂടി സമീപിക്കുകയെന്നത് മാത്രമാണ് അതിലെ ചതിക്കുഴികളില്‍ പെടാതിരിക്കാനുള്ള ഏകവഴി.