Connect with us

Editorial

ക്രൂരത അരുത്, കാട്ടുമൃഗങ്ങളോടും

Published

|

Last Updated

സംസ്‌കാര സമ്പന്നനും വിവേകബുദ്ധിയുടെ ഉമടമയുമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യർ കൊടും ക്രൂരതയാണ് പലപ്പോഴും കാട്ടുമൃഗങ്ങളോട് കാണിക്കുന്നത്. കൊല്ലം പത്തനാപുരത്ത് അടൂർ കറവൂർ മേഖലയിൽ കഴിഞ്ഞ വർഷം ഒരു ആന ചരിഞ്ഞത് വേട്ടക്കാർ വെച്ച സ്‌ഫോടക വസ്തു അടക്കം ചെയ്ത കൈതച്ചക്ക ഭക്ഷിച്ചായിരുന്നു. അത് കടിച്ചപ്പോഴുണ്ടായ സ്‌ഫോടനത്തിൽ ആനയുടെ വായക്കും മുഖത്തിനും ഗുരുതരമായ പരുക്കേൽക്കുകയും ദിവസങ്ങൾക്കകം ചരിയുകയും ചെയ്തു. ഏറെ വിവാദമായതാണ് കഴിഞ്ഞ വർഷം പാലക്കാട്ട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ ഗർഭിണിയായ ആന ചരിഞ്ഞ സംഭവം. സ്‌ഫോടക വസ്തു അടക്കം ചെയ്ത കൈതച്ചക്ക ഭക്ഷിച്ചതായിരുന്നു ഇവിടെയും മരണകാരണം. വായക്കും നാവിനും ഗുരുതരമായ പൊള്ളലേറ്റും മേൽത്താടി തകർന്നും അതികഠിനമായ വേദന സഹിച്ചാണ് ആ മിണ്ടാപ്രാണി ചരിഞ്ഞത്. നെടുമ്പാശ്ശേരി അത്താണിക്ക് സമീപം ചാലാക്കയിൽ ഒരു വളർത്തു നായയെ കഴുത്തിൽ കുരുക്കിട്ടു റോഡിലൂടെ കെട്ടിവലിച്ചുകൊണ്ടു പോയത് ഒന്നര മാസം മുമ്പാണ്. നായയെ ഉപേക്ഷിക്കാനാണത്രേ ഈ കൊടും ക്രൂരത കാണിച്ചത്. പുലിയുടെ പല്ല്, നഖം തുടങ്ങിയ ശരീരഭാഗങ്ങൾ ഉപയോഗിച്ചു വസ്തുക്കൾ നിർമിക്കുന്നവർ പുലികളെ കൊല്ലുന്ന സംഭവങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം മസിനഗുഡിയിൽ കാടിറങ്ങി വന്ന ഒരാനയോട് നാട്ടുകാരിൽ ചിലർ കാണിച്ചത് ഇതിനേക്കാൾ വലിയ ക്രൂരതയാണ്. തിരിച്ചു കാട്ടിലേക്കോടിക്കാൻ പെട്രോൾ ഒഴിച്ചു കത്തിച്ച ടയർ ആനയുടെ തലക്ക് നേരെ എറിയുകയായിരുന്നു. തീപ്പന്തം ചെവിയിൽ കുരുങ്ങി പൊള്ളലേറ്റാണ് അത് ചരിഞ്ഞത്. ഒരാഴ്ച മുമ്പാണ് ചെവിക്ക് ചുറ്റും മുറിവേറ്റു രക്തവും പഴുപ്പും ഒഴുകുന്ന നിലയിൽ തീരെ അവശയായ ആന വനംവകുപ്പിന്റെ ശ്രദ്ധയിൽ പെടുന്നത്. ചികിത്സക്കായി കൊണ്ടുപോകും വഴി ജനുവരി 19ന് അതിന്റെ ജീവൻ നഷ്ടമാകുകയും ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഭക്ഷണവും വെള്ളവും തേടി മസിനഗുഡിയിലെ ഗ്രാമങ്ങളിലൂടെ ഇടക്കിടെ വരാറുണ്ടായിരുന്നുവത്രേ ഈ ആന. ഗ്രാമവാസികൾക്ക് ശല്യം ഉണ്ടാക്കാത്തതിനാൽ അവർ അതിനെ ഉപദ്രവിക്കാറില്ല. ഭക്ഷണം തേടി അലയുന്നതിനിടെ സ്ഥലത്തെ റിസോർട്ടിന്റെ മുമ്പിലെത്തിയപ്പോൾ റിസോർട്ട് ഉടമകളുടെ ആളുകളാണ് അതിനെ ക്രൂരമായി അക്രമിച്ചതെന്നാണ് പോലീസ് വെളിപ്പെടുത്തൽ. പെട്രോൾ ഉപയോഗിച്ചു കത്തിച്ച ടയർപ്പന്തത്തിന്റെ ഭാഗം ചെവിയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മസിനഗുഡിയിലെ ഈ ആനയുടെ കദനകഥ പുറത്തു വന്ന ദിവസം തന്നെയാണ് ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ചു പിടിച്ച് കൊന്നു തിന്ന വിവരവും പുറത്തുവന്നത്. ആറ് വയസ്സ് പ്രായം വരുന്ന അമ്പത് കിലോയോളം ഭാരമുള്ള പുലിയെയാണ് അഞ്ച് പേർ ചേർന്നു കൊന്നത്.
കഴിഞ്ഞ വർഷം പാലക്കാട്ട് തിരുവിഴാംകുന്നിൽ പഴത്തിലെ സ്‌ഫോടക വസ്തു പൊട്ടി ആന ചരിഞ്ഞപ്പോൾ, മുതലക്കണ്ണീർ ഒഴുക്കിയ മനേകാഗാന്ധിയെ പോലുള്ളവർ തമിഴ്‌നാട്ടിലെ മസിനഗുഡി സംഭവത്തിൽ പ്രതികരിച്ചു കണ്ടില്ല. സംഭവം കേരളത്തിലല്ലാത്തതിനാലും മലപ്പുറം ജില്ലയെ അധിക്ഷേപിക്കാൻ മാർഗമില്ലാത്തതു കൊണ്ടുമായിരിക്കാം സംഘ്പരിവാറുകാർ വായ തുറക്കാത്തത്. അന്ന് ആന കൊല്ലപ്പെട്ടത് മലപ്പുറം ജില്ലയിലാണെന്ന ധാരണയിൽ ജില്ലക്കെതിരെ രൂക്ഷമായ വിമർശമാണ് ട്വീറ്റിലും ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐക്ക് നൽകിയ അഭിമുഖത്തിലും മനേക നടത്തിയിരുന്നത്. “മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയിൽ മലപ്പുറം ജില്ല മുൻപന്തിയിലാണ്. അവിടെ നടക്കുന്ന അനധികൃത വേട്ടയാടലിനും മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾക്കുമെതിരെ നാളിതുവരെയും അധികാരികൾ നടപടി സ്വീകരിച്ചില്ലെ”ന്നുമായിരുന്നു അവർ ട്വീറ്റിൽ കുറിച്ചത്. എന്തേ മലപ്പുറം ജില്ലയിലാകുമ്പോൾ മാത്രമേ മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അധിക്ഷേപാർഹമാകുകയുള്ളു?

വന്യജീവികളോട് ക്രൂരത കാണിക്കുന്നവർക്കും തിരിച്ചോടിക്കാൻ സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിലെ നിയമങ്ങൾ അതിനു പര്യാപ്തമല്ലെങ്കിൽ നിയമം കൂടുതൽ കർക്കശമാക്കേണ്ടതും ആവശ്യമാണ്. ഇതോടൊപ്പം കൃഷിയും ചിലപ്പോൾ മനുഷ്യജീവനും രക്ഷിക്കാനാണ് ഇത്തരം ചെയ്തികൾക്ക് കർഷകരും മലയോരമേഖലയിൽ താമസിക്കുന്നവരും നിർബന്ധിതരാകുന്നതെന്ന കാര്യം ബന്ധപ്പെട്ടവർ ഓർക്കേണ്ടതുമാണ്. ആന, കാട്ടുപന്നി, പുലി, മരപ്പട്ടി തുടങ്ങിയ വന്യജീവികളുടെ കാടുകളിൽ നിന്നു നാടുകളിലേക്കുളള ഇറക്കം അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും കാട്ടുതീ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും മൂലം കാടുകളിലെ ആവാസ്ഥ വ്യവസ്ഥ തകിടം മറിഞ്ഞതായിരിക്കാം കാരണം.

കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങിവന്നാൽ കൃഷിയിടങ്ങൾ ചവിട്ടിമെതിച്ചേ തിരിച്ചുപോകാറുള്ളൂ. പല വനാതിർത്തികളിലും കുടുംബങ്ങൾ ദിനങ്ങൾ കഴിച്ചു കൂട്ടുന്നത് വന്യമൃഗങ്ങളെ ഭയപ്പെട്ടാണ്. കാട്ടുപന്നികളുടെ ശല്യം പൂർവോപരി രൂക്ഷമാണിന്ന്. സമീപകാലത്തായി നിരവധി മനുഷ്യജീവനുകൾ ഇവ അപഹരിച്ചിട്ടുണ്ട്. ഓലപ്പടക്കങ്ങളുടെ ശബ്ദം കേട്ടാലും തീപ്പന്തങ്ങൾ കാട്ടിഭയപ്പെടുത്തിയാലും പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയാലും കാട്ടുമൃഗങ്ങൾ തിരിച്ചു പോകുമായിരുന്നു മുമ്പൊക്കെ. ഇത്തരം തന്ത്രങ്ങളൊന്നും ഇപ്പോൾ ഫലപ്രദമാകുന്നില്ല. വന്യമൃഗങ്ങളുടെ ഭീഷണി തടയാൻ വനാതിർത്തിയിൽ കിടങ്ങുകൾ കുഴിക്കാറുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഇവയിലേറെയും മണ്ണുനിറഞ്ഞു പ്രയോജനമില്ലാതായി. കാടിറങ്ങി വരുന്ന മൃഗങ്ങളെ ചെറുക്കാൻ കർഷകർക്ക് അനുവാദമില്ല. ഗത്യന്തരമില്ലാതെ വെടിവെക്കുകയോ ആയുധമെടുത്തു നേരിടുകയോ ചെയ്താൽ നിയമത്തിന്റെ ചങ്ങലകൾ അവരെ വരിഞ്ഞുമുറുക്കും. ജയിലിൽ കഴിയേണ്ടി വരികയും ചെയ്‌തേക്കാം. അടുത്തിടെ മാത്രമാണ് കാട്ടുപന്നികളെ വെടിവെക്കാനുള്ള അനുവാദം നൽകിത്തുടങ്ങിയത്. അതും കടുത്ത നിബന്ധനകളോടെ മാത്രം. കാട്ടുമൃഗങ്ങൾ ഇറങ്ങിവരുന്ന വഴികളിൽ സ്‌ഫോടക വസ്തുക്കൾ വെക്കാൻ ഒരുമ്പെടുന്നതിന്റെ കാരണമിതാണ്. മൃഗസംരക്ഷണം കർശനമാക്കുന്നതോടൊപ്പം കർഷകരുടെ ഇത്തരം പ്രശ്‌നങ്ങൾ പരിഹിരിക്കാനുള്ള ശ്രമങ്ങൾ കൂടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്.

Latest