Gulf
ലോകത്തിലെ ഏറ്റവും വലിയ ഏക കേന്ദ്ര സൗരോര്‍ജ നിലയം അബൂദബിയില്‍ ഒരുങ്ങി

അബൂദബി | അബൂദബിയിലെ സൈ്വഹാനില്‍ ലോകത്തിലെ ഏറ്റവും വലിയ ഏക കേന്ദ്ര സൗരോര്‍ജ നിലയമായ നൂര്‍ അബൂദബി പ്രവര്‍ത്തന സജ്ജമായി. അറബിയില്‍ “പ്രകാശം” എന്ന് അര്‍ഥമാക്കുന്ന നൂര്‍ അബൂദബിയില്‍ 32 ലക്ഷം സോളാര്‍ പാനലുകളാണുള്ളത്. ശുദ്ധവും പുനരുത്പാദകവുമായ ഊര്‍ജമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. എമിറേറ്റിലെ 90,000 കുടുംബങ്ങള്‍ക്ക് ഊര്‍ജം ലഭ്യമാക്കാനുള്ള ശേഷിയാണ് കേന്ദ്രത്തിലുള്ളത്. അബൂദബിയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുള്ള ശേഷിയും സൗരോര്‍ജ നിലയത്തിലുണ്ട്.
രണ്ട് ലക്ഷം കാറുകളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാന്‍ നൂര്‍ അബൂദബിക്ക് കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതിയിന്മേലുള്ള വലിയ ആഘാതം ഇതിലൂടെ കുറയ്ക്കാനാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. 2050 ഓടെ എമിറേറ്റിന്റെ 44 ശതമാനം ആവശ്യങ്ങളും ശുദ്ധമായ ഊര്‍ജത്തിലൂടെ നടപ്പാക്കാന്‍ ആകുമെന്നാണ് കണക്കുകൂട്ടുന്നത്. എണ്ണ ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് സൗരോര്‍ജ നിലയം സ്ഥാപിക്കുന്നത് വളരെ നിര്‍ണായകമാണെന്നും സൗരോര്‍ജമാണ് ഭാവി എന്ന് മനസിലാക്കിയാണ് നിലയം സ്ഥാപിച്ചതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൂടുതല്‍ സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കാനാണ് അബൂദബിയുടെ നീക്കം. സൗരോര്‍ജ നിലയം രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ശക്തിപ്പെടുത്തും. നൂര്‍ അബൂദബി നിലവിലുള്ള പരമ്പരാഗത ഗ്യാസ് ഉപയോഗിച്ചുള്ള ഊര്‍ജ നിലയങ്ങള്‍ക്ക് ബദലാകുമെന്നും അധികൃതര്‍ പറഞ്ഞു. നൂര്‍ അബൂദബി പദ്ധതിയെ മറികടക്കാനുദ്ദേശിച്ചുള്ള മറ്റൊരു സൗരോര്‍ജ നിലയത്തിന്റെ നിര്‍മാണം കഴിഞ്ഞ ജൂലൈയില്‍ അബൂദബി പ്രഖ്യാപിച്ചിരുന്നു.