National
ഏത് തടസ്സങ്ങളെയും അതിജീവിച്ച് ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ പ്രവേശിക്കും: കെ കെ രാഗേഷ്

ന്യൂഡല്‍ഹി | എത്ര തടസ്സങ്ങള്‍ ഉണ്ടായാലും 26ന്റെ കര്‍ഷക പരേഡിന്റെ ഭാഗമായി ആയിരക്കണക്കിനു ട്രാക്ടറുകള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുമെന്ന് കിസാന്‍സഭ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് എം പി. ഷാജഹാന്‍പുരില്‍ കര്‍ഷക സമരത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ കഴിയാത്ത കര്‍ഷകര്‍ രാജ്യമെമ്പാടും വിവിധ രൂപത്തില്‍ കര്‍ഷക പരേഡുകള്‍ സംഘടിപ്പിക്കും. കേരളവും പരേഡില്‍ അണിചേരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ദേശീയ പതാകയുമായി ലക്ഷക്കണക്കിന് കര്‍ഷകരും മറ്റു വിവിധ വിഭാഗങ്ങളും പരേഡില്‍ പങ്കെടുക്കും. കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ, എത്രതന്നെ പ്രയാസം അനുഭവിക്കേണ്ടി വന്നാലും ശക്തമായി കര്‍ഷക സമരം തുടരും.
പ്രധാന മന്ത്രി കോര്‍പ്പറേറ്റ് സേവകന്‍ ആയി മാറി. 55 ദിവസത്തിലേറെയായി കൊടും തണുപ്പില്‍ കര്‍ഷകര്‍ സമരം നടത്തിയിട്ടും കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകാത്തത് അതുകൊണ്ടാണ്. എന്‍ ഐ എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കര്‍ഷക നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയും ഭീഷണിപ്പെടുത്തിയും ദുഷ്പ്രചാരണം നടത്തിയും സമരത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് പ്രധാന മന്ത്രി വ്യാമോഹിക്കേണ്ട. പാര്‍ലിമെന്ററി നടപടിക്രമങ്ങള്‍ പോലും അട്ടിമറിച്ച് എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുവന്ന നിയമം ഇനിയെങ്കിലും പുനപ്പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് രാഗേഷ് ആവശ്യപ്പെട്ടു.