National
ഇന്ത്യ ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതല്‍ കൊവിഡ് വാക്സിന്‍ കയറ്റുമതി ചെയ്യും

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിന്‍ കയറ്റുമതിക്കൊരുങ്ങി ഇന്ത്യ.അദ്യഘട്ടത്തില്‍ ആറ് രാജ്യങ്ങളിലേക്കാണ് കയറ്റുമതി. ബുധനാഴ്ച മുതല്‍ കൊവിഡ് വാക്സിന്‍ കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് വാക്സിന്‍ കയറ്റി അയക്കുക.
ഇന്ത്യന്‍ നിര്‍മിത വാക്സിനുകള്‍ ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും വാക്സിന്‍ കയറ്റുമതിക്കായി ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ അന്തിമ അനുമതി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ആഭ്യന്തര ആവശ്യം പരിഗണിച്ചുകൊണ്ടായിരിക്കും കയറ്റുമതി. കയറ്റുമതി ചെയ്യുമ്പോള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പര്യാപത്മായ വാക്സിന്‍ സ്റ്റോക്ക് ഉറപ്പുവരുത്തുമെന്നും വിദേശകാര്യമന്ത്രാലം വ്യക്തമാക്കി.
നിരവധി രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി നാളെമുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.
മാലദ്വീപിലേക്ക് ബുധനാഴ്ച ഒരുലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകളും ഭൂട്ടാനിലേക്ക് ഒന്നരലക്ഷം ഡോസുകളും കയറ്റിയയക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജനുവരി 16 മുതലാണ് ഇന്ത്യയില്‍ വാക്സിനേഷന്‍ കുത്തിവെപ്പ് ആരംഭിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ എന്നീ രണ്ട് വാക്സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തത്.