Kerala
കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് സര്‍ക്കാര്‍

കൊച്ചി | കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ
എതിര്‍ത്ത് സര്‍ക്കാര്‍. അമ്മക്കെതിരെ കുട്ടി നടത്തിയ മൊഴിയില്‍ കഴമ്പുണ്ടെന്നും ഇവരുടെ മൊബൈലില്‍ നിന്ന് ഇതിന് വേണ്ട തെളിവുകള്‍ ലഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഡയറി പരിശോധിക്കാന്‍ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്ത കോടതി ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടു.
കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നതായി കുട്ടിയുടെ മൊഴികളില്‍ പറയുന്നുണ്ട്. പോലീസ് നടത്തിയ പരിശോധനയില്‍ ഈ മരുന്ന് അമ്മയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.
അതേ സമയം പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന് അമ്മ കോടതിയില്‍ വാദിച്ചു. പിതാവിന്റെ സമ്മര്‍ദ്ദത്തിലാണ് കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് കോടതിയില്‍ അമ്മ പറഞ്ഞത്. വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൃത്യമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.