National
കേന്ദ്രവും കര്‍ഷകരും തമ്മില്‍ ഇന്ന് നടക്കാനിരുന്ന ചര്‍ച്ച നാളേക്ക് മാറ്റി

ന്യൂഡല്‍ഹി |കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 55 ദിവസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് കേന്ദ്രവുമാമായി നടത്താനിരുന്ന ചര്‍ച്ച നാളേക്ക് മാറ്റി. നാളെ ഉച്ചക്ക് രണ്ടിനായിരിക്കും കര്‍ഷകരും കേന്ദ്ര കൃഷിമന്ത്രാലയവും തമ്മിലുള്ള പത്താംവട്ട ചര്‍ച്ച നടക്കുക.
ഓരോ ദിവസം കഴിയുന്തോറും സമരം കൂടുതല്‍ ശക്തമാകുന്ന അവസ്ഥയാണ് രാജ്യ തലസ്ഥാനത്തുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ സമരത്തിന്റെ ഭാഗമാകാന്‍ ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുകയാണ്. നിയമം പിന്‍വലിക്കാതെ ഇനി നാട്ടിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണ് അവര്‍ ഉള്ളത്. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ് വിജയിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി കര്‍ഷകര്‍ മുന്നോട്ടുപോകുകയാണ്. എന്നാല്‍ സമരം തുടങ്ങിയിട്ട് രണ്ട് മാസമായിട്ടും കേന്ദ്രം നിഷേധതാത്മക നിലപാട് തുടരുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കില്ല, വേണമെങ്കില്‍ ഭേദഗതികള്‍ ആകാമെന്ന കടുംപിടിത്തത്തിലാണ് സര്‍ക്കാര്‍.
വിഷയം പഠിക്കാന്‍ സുപ്രിംകോടതി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടേയും നിലപാട്.