Connect with us

National

ലക്ഷദ്വീപില്‍ ആദ്യ കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

കവരത്തി | ലക്ഷദ്വീപില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കവരത്തിയിലാണ് ആദ്യ കൊവിഡ് സ്ഥിരീകരിച്ചത്.  ജനുവരി നാലിന് കവരത്തി കപ്പലില്‍ വന്ന ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗബാധ. ഇദ്ദേഹത്തിനൊപ്പം കപ്പലില്‍ സഞ്ചരിച്ച മറ്റുള്ളവര്‍ക്കും രോഗബാധയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് മെഡിക്കല്‍ സംഘം നല്‍കിയിരിക്കുന്നത്.

രാജ്യമാകെ കൊവിഡ് ഭീതിയിലായപ്പോഴും ഏക ആശ്വാസതുരുത്തായിരുന്നു ലക്ഷദ്വീപ്. പുറത്ത് നിന്നും ക്വാറന്റെന്‍ ഇല്ലാതെ ആരെയും പ്രവേശിപ്പിക്കാതിരുന്നതോടെയാണ് ദ്വീപ് സുരക്ഷിതമായിരുന്നത്. എന്നാല്‍ ദ്വീപില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയതിനു പിന്നാലെലക്ഷദ്വീപിനും ഒടുവില്‍ കൊവിഡിന് പിടികൊടുക്കേണ്ടി വന്നു.

ഡിസംബര്‍ അവസാനയാഴ്ച്ചയാണ് ഇവിടേക്കുള്ള യാത്രാ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയത്. നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ലക്ഷദ്വീപില്‍ എവിടെയും സഞ്ചരിക്കാം എന്നതാണ് പുതിയ മാനദണ്ഡം. ലക്ഷദ്വീപിലേക്ക് എത്തണമെങ്കില്‍ നേരത്തെ ഒരാഴ്ച്ച കൊച്ചിയില്‍ ക്വാറന്റെയ്നില്‍ കഴിഞ്ഞ് രോഗമില്ലെന്ന് ഉറപ്പു വരുത്തുകയും ലക്ഷദ്വീപിലെത്തിയ ശേഷവും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമായിരുന്നു. ദ്വീപ് യാത്രയ്ക്കുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതിനെതിരെ ലക്ഷദ്വീപില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു.

Latest