Connect with us

Book Review

കവിതയിലെ ഇരുളും വെളിച്ചവും

Published

|

Last Updated

അമേരിക്കയിലെ ജനകീയ കവികളിൽ പ്രമുഖനായിരുന്നു ഹെൻറി ചാൾസ് ബുക്കോവ്‌സ്‌കി. സമൂഹത്തിന്റെ ഉൾത്തട്ടിൽ കഴിയുന്നവരുടെ ജീവിത ദൈന്യങ്ങളും സംത്രാസങ്ങളുമാണ് അദ്ദേഹം രചനകൾക്ക് വിഷയമാക്കിയത്. അനുഭവവും വികാരവും ഭാവനയും സമഞ്ജസമായി ചേർത്തുകൊണ്ട് എഴുത്തിനെ അദ്ദേഹം ആഘോഷമാക്കി മാറ്റി. അതോടൊപ്പം തന്റെ കുത്തഴിഞ്ഞ സ്വകാര്യ ജീവിതാനുഭവങ്ങളിൽനിന്നും വന്യവും ലൈംഗിക സൂചകവുമായ ഇമേജറികൾ സൃഷ്ടിക്കുന്ന കവി എന്ന നിലയിൽ ഒരു വിവാദ നായകന്റെ പരിവേഷവും അദ്ദേഹത്തിന് കൽപ്പിച്ചു നൽകിയിട്ടുണ്ട് വായനാലോകം. ചാൾസ് ബുക്കോവ്‌സ്‌കിയുടെ ജന്മശതാബ്ദി ഇക്കഴിഞ്ഞ വർഷം ആഘോഷിക്കുകയുണ്ടായി.

1920 ആഗസ്റ്റ് പതിനാറിന് ജർമനിയിൽ ഒരു അമേരിക്കൻ ഭടന്റെ പുത്രനായി ചാൾസ് ബുക്കോവ്‌സ്‌കി ജനിച്ചു. ജർമൻകാരിയായിരുന്നു മാതാവ്. ചാൾസിന് മൂന്ന് വയസ്സായപ്പോൾ കുടുംബം യു എസിലേക്ക് ചേക്കേറി. 1941ൽ വിദ്യാഭ്യാസം ഉപേക്ഷിച്ച് എഴുത്തിന്റെ ലോകത്തേക്ക് കടന്നു. ബുക്കോവ്‌സ്‌കിയുടെ ആദ്യ രചന 1944ൽ അദ്ദേഹത്തിന്റെ ഇരുപത്തിനാലാം വയസ്സിൽ പ്രശസ്തമായ കഥ മാഗസിനിൽ പ്രസിദ്ധീകരിച്ചു. അക്കാലത്ത് എഴുതിയത് കൂടുതലും കഥകളായിരുന്നു. പക്ഷേ, പിന്നീട് പ്രസാധകരിൽനിന്നുമുള്ള നിരന്തരമായ തിരസ്‌കരണങ്ങളിൽ മനം മടുത്ത് 1946ൽ അദ്ദേഹം എഴുത്തിൽ നിന്നും പിന്തിരിഞ്ഞു. പിന്നീടുള്ള പത്ത് വർഷത്തോളം ദേശാടനമായിരുന്നു. ജീവസന്ധാരണത്തിന് പരിചാരിക സമാനമായ നിരവധി ജോലികളിലൂടെ അദ്ദേഹം കടന്നുപോയി. ഹോട്ടലിൽ വെയിറ്ററായി. അറവുശാലയിലും പട്ടി ബിസ്‌കറ്റ് നിർമാണ ഫാക്ടറിയിലും കേക്ക് നിർമാണ കമ്പനിയിലും ജോലിചെയ്തു. ട്രക്ക് ഡ്രൈവറും ലോഡിംഗ് തൊഴിലാളിയും തപാൽ ശിപായിയും തപാൽ ഗുമസ്തനുമായി. ഒരു ദശകത്തിനു ശേഷം 1954ൽ ആമാശയരോഗം വന്ന് ആശുപത്രിയിൽ കിടക്കുമ്പോഴാണ് ബുക്കോവ്‌സ്‌കിയുടെ മനസ്സിലേക്ക് എഴുതാനുള്ള വാഞ്ഛ വീണ്ടും കടന്നു വന്നത്. അതിനെത്തുടർന്ന് നിരന്തരം കവിതകളെഴുതി. അവയെല്ലാം സഹൃദയശ്രദ്ധ നേടുകയും ചെയ്തു. പിൽക്കാലത്ത് നോവലിസ്റ്റ് എന്ന നിലയിലും ബുക്കോവ്‌സ്‌കി ശ്രദ്ധിക്കപ്പെട്ടു.

സംസാരിക്കുന്ന ചിത്രങ്ങൾ എന്ന് ചാൾസ് ബുക്കോവ്‌സ്‌കിയുടെ കവിതകളെ വിശേഷിപ്പിക്കാം. അത്രമാത്രം സുവ്യക്തവും സചേതനവുമാണ് അവ. ഓരോ കവിതയിലും വാക്കുകളുടെ അനുപമമായ ഒരു വർണക്കാലമാണ് അദ്ദേഹം ഒരുക്കുന്നത്. അതേസമയം, അവ സൗമ്യമെന്നു പറയാനുമാകില്ല. പലപ്പോഴും വന്യവും തീക്ഷ്ണവുമായ ഭാഷയുടെ കുത്തൊഴുക്ക് അനുവാചകരെ വീർപ്പുമുട്ടിക്കുന്നു. Post Office, Women, Hot water Music, Pulp, Hollywood , Bring Me Your L ove, Ham on Rye, Notes of A Dirty Old Man എന്നിവയാണ് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ രചനകൾ. ആത്മാംശമുള്ളവയാണ് അവയെല്ലാം. തന്റെ തന്നെ ജീവിതത്തിന്റെ ഇരുണ്ട മുഹൂർത്തങ്ങളെ വെളിപ്പെടുത്തുകയാണ് അദ്ദേഹം. തികഞ്ഞ കണിശക്കാരനായിരുന്നു ബുക്കോവ്‌സ്‌കിയുടെ പിതാവ്. നിസ്സാര തെറ്റിനുപോലും മകനെ അദ്ദേഹം കഠിനമായി ശിക്ഷിച്ചു. അതുകൊണ്ടുതന്നെ വർണരഹിതവും ഭയാശങ്കകൾ നിറഞ്ഞതുമായ ബാല്യം ബുക്കോവ്‌സ്‌കിയുടെ പിൽക്കാല ജീവിതത്തെ അലക്ഷ്യ പൂർണമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു എന്നത് യാഥാർഥ്യമാണ്. സ്വന്തം ജീവിതത്തിലെ തമോഗർത്തങ്ങളെ പുനഃസൃഷ്ടിക്കുമ്പോഴും അതിൽ തികഞ്ഞ സത്യസന്ധത പുലർത്താൻ അദ്ദേഹം ശ്രദ്ധിച്ചു. ബുക്കോവ്‌സ്‌കിയുടെ സ്ഥിരം കേന്ദ്രകഥാപാത്രമായ ഹെൻറി ചിനാസ്‌കി കഥാകൃത്തിന്റെ തന്നെ പ്രതീകമാണ്.
ജീവിതത്തിന്റെ നിസ്സാരതയേയും നിരർഥകതയേയും കവിതകളിലൂടെ വെളിപ്പെടുത്തിയ ചാൾസ് ബുക്കോവ്സ്‌കി 1994 മാർച്ച് ഒമ്പതിന് ലൂക്കീമിയ ബാധിച്ച് അന്തരിച്ചു. എങ്കിലും അമേരിക്കയിൽ നടന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ വർണപ്പൊലിമ, ഇപ്പോഴും ഈ എഴുത്തുകാരൻ പരക്കെ വായിക്കപ്പെടുന്നുണ്ട് എന്ന യാഥാർഥ്യത്തെയാണ് സൂചിപ്പിക്കുന്നത്.

Latest