വായനക്കാരനായ എഴുത്തുകാരന്റെ യാത്രകൾ

അതിഥി വായന 
Posted on: January 17, 2021 4:41 pm | Last updated: January 17, 2021 at 4:41 pm
എം ടിയുടെ യാത്രകൾ | എം ടി വാസുദേവൻ നായർ

അക്ഷരങ്ങളെയും പുസ്തകങ്ങളെയും മഹാരഥന്മാരായ എഴുത്തുകാരെയും നെഞ്ചിലേറ്റുന്ന ഒരു സഞ്ചാരിയുടെ യാത്രാ വിവരണം സാമ്പ്രദായികമായ സഞ്ചാര സാഹിത്യത്തിന്റെ എഴുത്തുരീതിയെ പിൻപറ്റുന്നതായിരിക്കില്ല. താൻ സന്ദർശിച്ച പ്രദേശത്തിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ മനം കുളിർപ്പിക്കുന്ന കാഴ്ചകളോ ഒന്നുമായിരിക്കില്ല ആ സഞ്ചാരിയെ പ്രചോദിപ്പിച്ചിട്ടുണ്ടാവുക. അക്ഷരങ്ങളുടെ, പുസ്തകങ്ങളുടെ ആത്മാവ് തേടിയുള്ള ഒരു തീർഥയാത്രയായിരിക്കുമത്. എം ടി വാസുദേവൻ നായരുടെ ‘എം ടിയുടെ യാത്രകൾ’ എന്ന പുസ്തകത്തിന്റെ പാരായണം ഇത്തരത്തിലുള്ള ചിന്തയെ കൂടുതൽ ശക്തമാക്കുന്നു. മുമ്പ് പ്രസിദ്ധീകരിച്ച മനുഷ്യർ നിഴലുകൾ, ആൾക്കൂട്ടത്തിൽ തനിയെ, വൻ കടലിലെ തുഴവള്ളക്കാർ എന്നീ യാത്രാവിവരണങ്ങൾ ഒന്നിച്ചു ചേർത്ത് 296 പുറങ്ങളിലായി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന് അനുബന്ധമായി എം എസ് സജിയുമായി എം ടി നടത്തിയ സംഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പതിമൂന്ന് അധ്യായങ്ങളിലായി എഴുതപ്പെട്ട ആൾക്കൂട്ടത്തിൽ തനിയേ 1971ലെ എം ടിയുടെ അമേരിക്കൻ യാത്രാനുഭവമാണ്. ആരാധകന്റെ അത്ഭുതമോ എതിരാളിയുടെ മുൻകൂട്ടി കരുതിവെച്ച അവജ്ഞയോ ഇല്ലാതെ അമേരിക്കയിലെത്തുന്ന എഴുത്തുകാരൻ ഒന്നര മാസത്തോളം അവിടെ താമസിക്കുകയുണ്ടായി. താൻ കണ്ടുമുട്ടിയ മനുഷ്യരുടെയും അടുത്തുകണ്ട ജീവിതങ്ങളുടെയും ആവിഷ്കാരമാണിത്. പഴയ പുസ്തകക്കടകളിൽ കയറിയിറങ്ങുന്ന യാത്രികനെ നമ്മൾ കാണുന്നു. വാഷിംഗ്ടണിൽ നിന്നും ന്യൂ ഇംഗ്ലണ്ടിലേക്കുള്ള യാത്രക്കിടയിൽ എം ടി വായിക്കുന്നത് രണ്ട് വർഷം മുമ്പ് മാത്രം ഇംഗ്ലീഷിലിറങ്ങിയ മാർക്വേസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങളാണ്. പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് എം കൃഷ്ണൻ നായർ ഈ കൃതിയെ മലയാളത്തിന് പരിചയപ്പെടുത്തുന്നതും മലയാളി ഈ നോവലിനെ നെഞ്ചിലേറ്റുന്നതും. അമേരിക്കൻ സാഹിത്യത്തെക്കുറിച്ചുള്ള വിശദീകരണത്തിൽ ഇപ്രകാരമെഴുതുന്നു: “എഴുത്തുകാരന് തൊഴിലിൽ വിജയിക്കാൻ അമേരിക്കയിൽ രണ്ട് കാര്യങ്ങൾ കൂടിയേ കഴിയൂ. ഒന്ന് ഒരു മികച്ച ലിറ്റററി ഏജന്റ്, രണ്ട്, വിദഗ്ധനായ ഒരു എഡിറ്റർ. കുറേക്കൂടി അംഗീകരണം കിട്ടിയാൽ ഒരാളുടെ സഹായം കൂടി ആവശ്യമുണ്ട്; പബ്ലിസിറ്റി ഉദ്യോഗസ്ഥൻ.’ അമേരിക്കൻ സാഹിത്യത്തിന്റെ 50 വർഷം മുമ്പുള്ള നിലയിലേക്ക് ഇന്നും ഇന്ത്യൻ സാഹിത്യം എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ദിവസങ്ങൾ നീണ്ടു നിന്ന യാത്രയിൽ എഴുത്തുകാരൻ ചില നിഗമനങ്ങളിലെത്തിച്ചേരുന്നുണ്ട്. അമേരിക്ക ക്ഷയിക്കാനാരംഭിച്ചു കഴിഞ്ഞ ഒരു സമൂഹമാണ് എന്നതാണ് അവയിലൊന്ന്. മഹാരാഷ്ട്രത്തെ പുകഴ്ത്തിപ്പറയുന്നതിനെ പാരമ്പര്യത്തിന്റെ ഇല്ലാത്ത വേരുകൾ തേടുന്ന വെമ്പലായേ എം ടി കാണുന്നുള്ളൂ.

വൻ കടലിലെ തുഴവള്ളക്കാർ ചൈനാ യാത്രയുമായി ബന്ധപ്പെട്ട് രചിച്ചതാണ്. ആമുഖത്തിൽത്തന്നെ എഴുത്തുകാരൻ തന്റെ രചനയെ ഒരു യാത്രാ വിവരണമായി വിശേഷിപ്പിക്കുന്നില്ല. ഔദ്യോഗികവും അനൗദ്യോഗികവുമായ ഒത്തുചേരലുകളും സംഭാഷണങ്ങളുമുള്ള ഈ രചന സാഹിത്യ സഹവാസത്തിന്റെ ഓർമക്കുറിപ്പുകളാണ്. ഏഴ് അധ്യായങ്ങളാണ് ഈ ഓർമകളുടെ സമാഹാരത്തിലുള്ളത്. പതിനേഴ് ദിവസത്തെ ചൈനാ സന്ദർശനത്തിൽ എഴുത്തുകാരെയും കൃതികളെപ്പറ്റിയും വിശദമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. അക്ഷരപ്രേമിയായ എഴുത്തുകാരൻ ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവായ ലൂഷൺ, ആധുനിക നോവലിസ്റ്റ് സെൻസോംഗ് എന്നിവരുടെ രചനകളെപ്പറ്റിയെല്ലാം ആദരവോടെ സംസാരിക്കുന്നു. ആർട്ട് മ്യൂസിയത്തിനടുത്തെ ഫോറിൻ ലാംഗ്വേജ് പബ്ലിഷിംഗ് ഹൗസിലേക്ക് പോകുമ്പോൾ വാങ്ങാനുദ്ദേശിക്കുന്ന പുസ്തകങ്ങൾ എം ടി കുറിച്ചെടുത്തിരുന്നു. ഈയൊരു വായനാ ലഹരിയാണ് എഴുത്തുകാരന് യാത്രയിലുടനീളമുള്ളത്.
എം ടിയുടെ യാത്രാ വിവരണങ്ങളിൽ ആവിഷ്കാരത്തിന്റെ തീവ്രത കൊണ്ടും സൂക്ഷ്മനിരീക്ഷണത്തിന്റെ ചാരുതയാലും ശ്രദ്ധേയമായിത്തീർന്ന രചനയാണ് 1966 ൽ പ്രസിദ്ധീകരിച്ച മനുഷ്യർ നിഴലുകൾ. നാല് അധ്യായങ്ങൾ മാത്രമുള്ള ഈ രചന നാസി പീഡന കേന്ദ്രമായ ബുഹൻ വാൾഡിലെ ക്രൂരതയുടെ രക്തക്കറകൾ പുരണ്ട ഓർമകളിലേക്കുള്ള സഞ്ചാരമാണ്. ഫിൻലാൻഡിൽ നിന്നും കിഴക്കൻ ജർമനിയിലെത്തുന്ന എം ടിയും സംഘവും ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയുടെ വംശഹത്യയുടെ ഭീതിദമായ അവശേഷിപ്പുകൾ കണ്ട് നടുങ്ങുന്നുണ്ട്. കൊല ചെയ്യപ്പെട്ട ജൂതന്മാരുടെ മൃതദേഹം കത്തിച്ച ചാരം ഒരു ജർമൻ കമ്പനി വിലക്കെടുത്തിട്ടുണ്ടായിരുന്നത്രേ. 46,000 പേരെ ഇങ്ങനെ ദഹിപ്പിച്ച ഒരു യന്ത്രത്തിനടുത്തെത്തിയപ്പോൾ തല ചുറ്റുന്നുണ്ടായിരുന്നു എം ടിക്കും സംഘത്തിനും. തലയോട്ടികളെ പേപ്പർ വെയിറ്റായി ഉപയോഗിക്കുന്നതും അവർക്ക് കാണാനായി.

ALSO READ  കവിതയിലെ ഇരുളും വെളിച്ചവും

എം ടിക്ക് യാത്രകൾ ജീവിതത്തിന്റെ ഭാഗമാണ്. തന്റെ കാലത്തെ ജനത്തെയും ജീവിതത്തെയും ഏറ്റവും ശക്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഈ യാത്രകളാണ്. 2020 ജൂണിൽ ഒന്നാം എഡിഷനായി ഇറക്കിയ പുസ്തകത്തിന് 320 രൂപയാണ് വില.