അദബിന്റെ സൗന്ദര്യം

Posted on: January 17, 2021 3:39 pm | Last updated: January 17, 2021 at 3:40 pm

ഇമാം ഇബ്‌നുൽ ജൗസി(റ) നായകളെ നിരീക്ഷിച്ച ഒരു അനുഭവപാഠം പങ്കുവെക്കുന്നുണ്ട്. ‘നാട്ടുനായയുടെ അരികിലൂടെ വേട്ടനായ പോകുമ്പോൾ അത് കുരച്ചുചാടി വേട്ടനായയുടെ പിന്നാലെ കൂടും; അതിന്റെ പ്രൗഢിയിലും നിൽപ്പിലും അസൂയയുള്ളതുപോലെ. പക്ഷേ, വേട്ടനായ അത് ശ്രദ്ധിക്കുകയോ അങ്ങോട്ട് തലതിരിക്കുകയോ പോലും ചെയ്യില്ല. കുര കേട്ട ഭാവം നടിക്കില്ല.

സൂക്ഷ്മമായി നോക്കിയപ്പോൾ ശരീരഘടനയിൽ വരെ ഇവ തമ്മിൽ പ്രകടമായ വ്യത്യാസമുള്ളതായി മനസ്സിലായി. പരുക്കൻ ശരീരവും ഉന്തി നിൽക്കുന്ന അവയവങ്ങളുമാണ് നാട്ടുനായയുടേത്. വിശ്വസിച്ച് ഒന്നും ഏൽപ്പിക്കാൻ പറ്റില്ല. എന്നാൽ വേട്ടനായയുടെ ശരീരഘടന മൃദുലവും ഒതുക്കമുള്ളതുമാണ്. ആ ശരീര പ്രകൃതത്തോട് യോജിച്ച ശാന്തവും അച്ചടക്കവുമുള്ള സ്വഭാവവും. യജമാനന്റെ ശിക്ഷയെ ഭയന്നോ അദ്ദേഹം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയായോ വേട്ടമൃഗത്തെ പിടിച്ച് വിശ്വസ്തതയോടെ എത്തിക്കുന്നു.

അദബും ചിട്ടയും ബാഹ്യപ്രകൃതത്തേയും ആന്തരികശുദ്ധിയേയും ആശ്രയിച്ചു നിൽക്കുന്നതാണെന്ന് ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കി. ഇതുപോലെ ബുദ്ധിമാനായ വിശ്വാസി വിമർശകനെ ശ്രദ്ധിക്കുകയോ വകവെക്കുകയോ ചെയ്യില്ല.കാരണം, രണ്ടാളും രണ്ട് തലത്തിലാണ്. ഒരാൾ ഭൗതിക പ്രമത്തയിലും മറ്റെയാൾ പരലോക തത്പരതയിലും. രണ്ടും തമ്മിൽ വലിയ അന്തരമുണ്ടല്ലോ.’ ( സ്വൈദുൽ ഖാത്വിർ :416)

നോക്കൂ, നാം നീചമായി കാണുന്ന നായ അദബിലൂടെ മൂല്യമേറിയ ജീവിയായി മാറുന്നു. ചിട്ടയോടെ അപശബ്ദങ്ങൾക്ക് ചെവികൊടുക്കാതെ ദൗത്യം ലക്ഷ്യമാക്കി പ്രയത്‌നിച്ച് അനുസരണയോടെ യജമാനനു മുന്നിലെത്തുന്നു. അപ്പോൾ ഉന്നത ജീവിയായ നാം അദബിലൂടെ ചലിച്ചാൽ വിജയം സുനിശ്ചിതമായിരിക്കുമെന്ന് സംശയിക്കേണ്ടതില്ലല്ലോ.

കഴിവും അറിവും ഫലപ്രദമാകണമെങ്കിൽ അദബ് അനിവാര്യമാണ്. ഇമാം ഇബ്‌നുൽ മുബാറക് പറയുന്നു: ‘കൂടുതൽ അറിവിനേക്കാളും പ്രധാനം കുറച്ചെങ്കിലും അദബ് സ്വായത്തമാക്കുന്നതാണ്.’ അത് ആത്മീയ ഭൗതിക വിജയങ്ങളെ കൂടുതൽ സ്വാധീനിക്കും.
അദബില്ലായ്മ പ്രവർത്തന മികവും നന്മയുടെ അവസരവും നഷ്ട്ടപ്പെടുത്തും. ഇമാം ഇബ്‌നുൽ മുബാറക് പറയുന്നു. “അദബില്ലാതിരുന്നാൽ സുന്നത്തിനുള്ള സാഹചര്യം ഇല്ലാതെയാകും. സുന്നത്തില്ലാതെയാകുമ്പോൾ ക്രമേണ ഫർളിനുള്ള അവസരവും നഷ്ടപ്പെടും’.

സദ്യക്ക് അറബിയിൽ “മഅ്ദുബത്’ എന്നാണ് പ്രയോഗം. സദ്യയുടെ പ്രത്യേകത ധാരാളം കൂട്ടുകളായതുപോലെ അദബും വ്യത്യസ്ത ചേരുവകളുടെ സമാഹാരമാണ്. മനോഭാവം, ബാഹ്യചലനം, പ്രതികരണം, മൗനം, പരിഗണന, വിനയം, വാത്സല്യം, ലജ്ജ, തന്റേടം, ആത്മവിശ്വാസം, ചിട്ട, പെരുമാറ്റം, സമയ ക്രമീകരണം, സമീപനം തുടങ്ങിയ ഘടകങ്ങളെല്ലാം അദബിന്റെ ഭാഗങ്ങളാണ്. ഓരോ സാഹചര്യത്തിലുമുള്ള ഏറ്റവും ശരിയായ നിൽപ്പെന്ന് അദബിനെ സംക്ഷിപ്തമായി വിവക്ഷിക്കാം.
അദബിനെ മുന്ന് തലങ്ങളായി പണ്ഡിതന്മാർ തിരിച്ചിട്ടുണ്ട്.
ഒന്ന് : ഭാഷാ പ്രയോഗം, ജ്ഞാന സമ്പാദനം, തൊഴിൽ മേഖല, ഭരണ സമീപനം എന്നിവയിൽ അദബ് പാലിക്കുന്നതാണ് സാധാരണ തലം.

രണ്ട്: ആത്മപരിശീലനം, ബാഹ്യ പ്രകടനം,വ്യക്തിത്വം, നിയമപാലനം, ദേഹേഛ ഉപേക്ഷ, അവ്യക്തതാ ഉഛാടനം എന്നിവയിലെ അദബ് പാലനമാണ് പ്രത്യേക തലം.
മൂന്ന് : ഹൃദയ വിശുദ്ധി, കരാർ പാലനം, രഹസ്യ ജീവിതം, മനസ്സിന്റെ തോന്നലുകൾ, അനാവശ്യ കാര്യങ്ങളിൽ ഇടപെടൽ, സമയ ക്രമീകരണം തുടങ്ങിയവയിൽ അദബ് കൈവരിക്കലാണ് വിശിഷ്ട തലം.

ALSO READ  അമേരിക്കയിൽ പുതുചരിത്രം

സങ്കുചിതമായ യുക്തിവിചാരത്തിൽ നിന്ന് പുറത്തുകടക്കുമ്പോഴാണ് ഈ തലങ്ങളിലൊക്കെ അദബ് പാലിക്കാനുള്ള മാനസികാവസ്ഥ ലഭിക്കുന്നത്. നൂഹ് നബി(അ)ക്ക് ആ പേര് ലഭിക്കാനുള്ള കാരണം, ഒരു ചത്ത നായയെ കണ്ടപ്പോൾ അദ്ദേഹത്തിന് മനസ്സിൽ അറപ്പ് തോന്നിയതത്രെ. അപ്പോൾ അല്ലാഹു പറഞ്ഞു: “എന്റെ സൃഷ്ടിയല്ലേ ?’ തന്റെ തെറ്റായ തോന്നലിൽ ഖേദം പ്രകടിപ്പിച്ച് അദ്ദേഹം പൊട്ടിക്കരഞ്ഞു. പൊട്ടിക്കരച്ചിലിന് അറബിയിൽ നൗഹ് എന്നാണ് പ്രയോഗം.ഏറ്റവും താഴ്ന്നതിനോട് പോലും നല്ല സമീപനമുണ്ടാകണമെന്ന് ചുരുക്കം.
രണ്ട് തരത്തിലാണ് ഒരാളിൽ അദബ് രൂപപ്പെടുന്നത്. ഒന്ന് ജനിതകപരമായി വ്യക്തിത്വത്തിൽ ഉള്ളതും രണ്ട് പരിശീലനത്തിലൂടെ ആർജിക്കുന്നതും. ചില ചിട്ടകൾ സ്വായത്തമാക്കാൻ നിരന്തരവും ദീർഘവുമായ പരിശീലനത്തിന് തയ്യാറാകേണ്ടിവരും.

സ്വയം അദബിന്റെ തലങ്ങൾ ശീലമാക്കുന്നതോടൊപ്പം കുട്ടികളിൽ പരിശീലിപ്പിക്കുക കൂടി ചെയ്യണം. നിർമാണാത്മക കർമങ്ങൾക്ക് അച്ചടക്കമുള്ള തലമുറ അനിവാര്യമാണ്. നബി (സ്വ) പറയുന്നു: ‘കുട്ടികളെ അദബ് പരിശീലിപ്പിക്കൽ മാതാപിതാക്കളുടെ ബാധ്യതയാണ്.’

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (എ എ പി ) കുട്ടികളിൽ അച്ചടക്കം ശീലിപ്പിക്കുന്നതിന് പത്ത് കാര്യങ്ങൾ നിർദേശിക്കുന്നു.
1. മാതൃക കാണിക്കുകയും സൗമ്യമായി പറയുകയും ചെയ്യുക.
2. പ്രായമനുസരിച്ചുള്ള കൃത്യമായ നിയന്ത്രണങ്ങൾ വെക്കുക.
3. പ്രത്യാഘാതങ്ങൾ ബോധ്യപ്പെടുത്തുക.
4. നല്ല ഗുണങ്ങളുണ്ടാകുമ്പോൾ പ്രത്യേകം പ്രശംസിക്കുക.
5. എപ്പോഴും അവരിൽ ഒരു കണ്ണുണ്ടാവുക.
6. അബദ്ധങ്ങളുണ്ടാകുമ്പോൾ അവരുടെ ഭാഗം പൂർണമായും കേട്ടശേഷം മാത്രം പ്രതികരിക്കുക.
7. എല്ലാ തെറ്റുകളും തിരുത്തുന്നത് ഒഴിവാക്കുക.ചിലതിൽ മൗനമായിരിക്കും ഗുണകരം.
8. തിരുത്തുമ്പോൾ ശരിയായ വഴി കൂടി പറഞ്ഞുകൊടുക്കുക.
9. അബദ്ധത്തിനു സാധ്യതയുള്ളപ്പോൾ മുൻകൂട്ടി ശരിവഴി അറിയിക്കുക.
10. തെറ്റുകൾ സംഭവിച്ചുകഴിഞ്ഞാൽ അവിടെ നിന്ന് മാറി മറ്റൊരു സ്ഥലത്ത് സ്വതന്ത്രരായി നിൽക്കാൻ ആശ്വാസ സമയം നൽകുക.

ഫിർഔന്റെ വെല്ലുവിളി സ്വീകരിച്ച് മൂസാ നബി (അ) ആഭിചാരകരോടൊപ്പം ഒരുമിച്ചുകൂടിയപ്പോൾ കൂട്ടത്തിലെ മുതിർന്നയാൾ പറഞ്ഞുവത്രെ: “നമ്മൾ ഇത്രയധികം ആളുകളുണ്ടായിട്ടും മൂസ ധൈര്യസമേതം വന്നത് അദ്ദേഹത്തിന് സ്വയം കരുത്തുണ്ടായതിനാലല്ല, മറിച്ച് ദൈവസഹായത്തിന്റെ പിൻബലത്തിലാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ നമുക്ക് അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാം. കാരണം, ഈ പരീക്ഷണത്തിൽ നാം തോറ്റു പോയാൽ നാം പരിഗണിച്ച കാരണത്താൽ നമ്മുടെ ശിപാർശ അദ്ദേഹം സ്വീകരിക്കാതിരിക്കില്ല.’ അവർ ചോദിച്ചു: “എങ്ങനെ പരിഗണിക്കാം? അദ്ദേഹം പറഞ്ഞു: “മൂസയോട് അഭിപ്രായമാരാഞ്ഞ് അദ്ദേഹത്തിന്റെ സമ്മതത്തോടെ പരീക്ഷണം തുടങ്ങാം’.

“അവർ മൂസാ നബി (അ)യോട് : നിങ്ങളാണോ ഞങ്ങളാണോ ആദ്യം വടിയിടേണ്ടത്. മൂസാ നബി (അ) പറഞ്ഞു: നിങ്ങൾ ഇട്ടോളൂ.’ (സൂറ ത്വാഹ : 65, 66) മത്സരം തുടങ്ങി സത്യാവസ്ഥ ബോധ്യമായ അവർ മൂസാ നബി (അ) യോടൊപ്പം ചേർന്നു. നന്മയുടെ പക്ഷത്ത് ചേരാൻ അല്ലാഹു അവർക്ക് അവസരം നൽകിയത് അവർ കാണിച്ച അദബിന്റെ ഫലമാണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.

ALSO READ  തറവാട്ടമ്മയല്ല മലയാളം

നിങ്ങളുടെ മനസ്സും ശരീരവും പക്വമായി ചലിപ്പിക്കാൻ പാകമാകുമ്പോഴാണ് നിങ്ങളിലെ അദബ് പൂർണമാകുന്നത്. അപ്പോൾ നിങ്ങളുടെ മനോഭാവം സുന്ദരമാകുകയും ഇടപെടലുകൾ മനോഹരമാകുകയും പ്രവർത്തനങ്ങൾ ക്രിയാത്മകമാകുകയും ചെയ്യും. ബാഹ്യ പ്രകടനങ്ങളിൽ ബോധപൂർവം അദബുകൾ പാലിക്കുകയും ഹൃദയശുദ്ധികലശം നടത്തുകയും ചെയ്യുമ്പോൾ ക്രമേണ അദബ് പ്രകൃതമായി മാറും. അറിവും കഴിവും ലക്ഷ്യവുമുണ്ടായിട്ടും ജീവിതം സംതൃപ്തമല്ലെങ്കിൽ നിങ്ങളിലെ അദബ് പരിശോധിക്കണം. തിരുത്താൻ സന്നദ്ധമാണെങ്കിൽ സന്തുഷ്ട ജീവിതം ഉറപ്പിക്കാം.