Kerala
ഐസക്കിന്റെ ബജറ്റില്‍ നിറയെ കുട്ടിക്കവിതകളും കുട്ടികളുടെ വരകളും

തിരുവനന്തപുരം | ബജറ്റില്‍ കുട്ടികള്‍ക്ക് എന്താണ് കാര്യം എന്ന് ചോദിക്കരുത്. അവര്‍ക്കും ചില കാര്യങ്ങളുണ്ട് ഐസക്കിന്റെ ബജറ്റില്‍. സ്‌കൂള്‍ കുട്ടികളുടെ കവിതകളും വരകളുമാണ് തോമസ് ഐസക്ക് ബജറ്റിനെ മനോഹരമാക്കാന്‍ ഉപയോഗിച്ചത്. ബജറ്റ് പ്രസംഗത്തിന്റെ കവര്‍ ചിത്രം മുതല്‍ തുടക്കവും ഒടുക്കവും വരെ കൊച്ചു മിടുക്കരുടെ സൃഷ്ടികളാല്‍ സമ്പന്നമാണ്. 15 കുട്ടികളുടെ കവിതകൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബജറ്റ് പ്രസംഗത്തിന്റെ കവര്‍ ചിത്രം ഒരു കൊച്ചുമിടുക്കന്റെ സൃഷ്ടിയാണ്. കാസര്‍കോട് ഇരിയണ്ണി പിഎ എല്‍പിഎസിലെ ഒന്നാം ക്ലാസുകാരന്‍ വി ജീവന്‍. ജെന്‍ഡര്‍ ബജറ്റിന്റെ ചിത്രവും ഈ മിടുക്കന്റേതു തന്നെ.
ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവര്‍ ഇടുക്കി കുടയത്തൂര്‍ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ശ്രീനന്ദന വരച്ച ചിത്രമാണ്. ബാക്ക് കവര്‍ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരന്‍ ജഹാന്‍ ജോബിയുടേയും.
ബജറ്റ് ഇന്‍ ബ്രീഫിലെ കവര്‍ചിത്രങ്ങള്‍ തൃശൂര്‍ വടക്കാഞ്ചേരി ഗവ. ഗേള്‍സ് എല്‍പിഎസിലെ അമന്‍ ഷസിയ അജയ് വരച്ചതാണ്. എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കവര്‍ ചിത്രവും ഈ കുട്ടിയുടേതു തന്നെ. തൃശൂര്‍ എടക്കഴിയൂര്‍ എസ്എംവി എച്ച്എസിലെ എട്ടാം ക്ലാസുകാരി കെ എം മര്‍വയും യുഎഇ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ നിയ മുനീറും വരച്ച ചിത്രങ്ങളാണ് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ബാക്ക് കവറില്‍.
ബജറ്റില്‍ പലയിടത്തായി കുട്ടികളുടെ കവിതകളും ഉള്‍പ്പെടുത്തിയിരുന്നു.
നേരം പുലരുകയും
സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും
നാം കൊറോണയ്‌ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും…
എന്ന കവിതയോടെയാണ് ബജറ്റ് പ്രസംഗം തുടങ്ങുന്നത്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്‌നേഹ എഴുതിയതാണ് ഈ കവിത. കൊവിഡ് അതിജീവനത്തിന്റെ പുതുവഴികളെ കുറിച്ച് പറയുന്നിടത്ത് മറ്റൊരു കവിത ഐസക് ഉദ്ധരിക്കുന്നു.
യുദ്ധം ജയിച്ചിടും
യുവസൂര്യനുദിച്ചിടും
മുന്നോട്ടു നടന്നിടും നാമിനിയും
വിജയഗാഥകള്‍ ചരിത്രമായി വാഴ്ത്തിടും
തിരുവനന്തപുരം മടവൂര്‍ എന്‍എസ്എസ് എച്ച്എസ്എസിലെ ആര്‍.എസ്. കാര്‍ത്തികയുടെതാണ് ഈ വരികള്‍. ഇടുക്കി കണ്ണംപടി ജിടിഎച്ച്എസ് സ്‌കൂളിലെ കെ.പി.അമലിന്റെ വരികള്‍ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം അവസാനിപ്പിക്കുന്നത്. അമലിന്റെ വരികൾ ഇങ്ങനെ:
മെല്ലെയെന്‍ സ്വപ്നങ്ങള്‍ക്ക്
ചിറകുകള്‍ മുളയ്ക്കട്ടെ
ഉയരട്ടെ അതിലൊരു മനോജ്ഞമാം
നവയുഗത്തിന്റെ പ്രഭാത ശംഖൊലി
അയ്യൻ കോയിക്കൽ ഗവ. എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി കനിഹ എഴുതിയ കവിതയും ബജറ്റിൽ ഉദ്ധരിക്കുന്നു.
കൂടപ്പിറപ്പുകൾക്കു കരുത്തു നൽകാൻ
ഒപ്പമല്ല മുന്നിൽത്തന്നെയല്ലേ
നല്ല ലക്ഷ്യബോധമുള്ളൊരു
സർക്കാരുമുണ്ടുകൂടെ
ലോക്‌ഡൌണ്‍ കാലത്ത് കുട്ടികളുടെ സര്‍ഗശേഷിയുടെ പ്രകാശനത്തിനുവേണ്ടി അക്ഷരവൃക്ഷം എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അതിബൃഹത്തായ പങ്കാളിത്തമാണ് അതിനു ലഭിച്ചത്. കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയായി 4947 വിദ്യാലയങ്ങളില്‍ നിന്ന് 56399 സൃഷ്ടികള്‍ സ്‌കൂള്‍ വിക്കിയുടെ പേജില്‍ വായിക്കാം. ഈ സൃഷ്ടികളില്‍നിന്നാണ് ചിത്രങ്ങളും കവിതകളും തിരഞ്ഞെടുത്തത്.