Connect with us

Ongoing News

ഡൽഹിയെയും തോൽപ്പിച്ച് കേരളം; വിഷ്‌ണു വിനോദിനും ഉത്തപ്പക്കും അർധസെഞ്ചുറി

Published

|

Last Updated

മുംബൈ | മുഷ്ത്താഖലി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ ഡൽഹിയെയും തേൽപ്പിച്ച് കേരളത്തിന്റെ കുതിപ്പ്. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹിയെ ആറ് വിക്കറ്റിനാണ് കേരളം തറപറ്റിച്ചത്. റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന് ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം ജയമൊരുക്കിയത്. 54 പന്തിൽ 95 റൺസ് നേടിയ ഉത്തപ്പക്ക് പുറമെ 38 പന്തിൽ 71 റൺസ് നേടിയ വിഷ്ണു വിനോദും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു.

സ്കോർ: ഡൽഹി 212/4, കേരളം: 19/20 ov, 218/4

ഗ്രൂപ്പ് ഇ യില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. ബാറ്റിംഗ് നിരയിൽ ശിഖർ ധവാനും (77), ലളിത് യാദവും അർധ സെഞ്ച്വറി നേടി. കേരളത്തിനായി ശ്രീശാന്ത് രണ്ടും കെ എം ആസിഫ്, മിഥുൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ ആറ് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. മുംബൈക്കെതിരെ പുറത്താകാതെ 54 പന്തിൽ 137 റൺസ് നേടി ചരിത്രം കുറിച്ച മുഹമ്മദ് അസ്ഹറുദ്ദീൻ ആദ്യ പന്തിൽ തന്നെ പുറത്തായത് കേരളത്തെ നിരാശരാക്കി. ആസിഫിനൊപ്പം ഇന്നിംഗ്സ് ഓപൺ ചെയ്ത റോബിൻ ഉത്തപ്പ  എട്ട് സിക്സറും മൂന്ന് ഫോറും ഉൾപ്പടെ 91 റൺസ് അടിച്ചെടുത്ത്  കേരളത്തെ കരകയറ്റി. പുറത്താകാതെ 71 റൺസ് നേടിയ വിഷ്ണു വിനോദ് കേരളത്തിന് വിജയം അനായാസമാക്കി. അഞ്ച് സിക്സും മൂന്നും ഫോറുമടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിന്റെ ഇന്നിംഗ്സ്. ഇരുവരും ചേര്‍ന്ന് 136 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

സഞ്ജു സാംസൺ (16), സച്ചിൻ ബേബി (22), സൽമാൻ നിസാർ (10) എന്നിവരും കേരളത്തിനായി സ്കോർ കണ്ടെത്തി. തുടർച്ചയായ മൂന്നാം ജയത്തോടെ 12 പോയിന്റോടെ ഒന്നാമതാണ് കേരളം. കഴിഞ്ഞ മത്സരങ്ങളിൽ പുതുച്ചേരിയേയും മുംബൈയെയും തോൽപ്പിച്ച കേരളത്തിന് ഞായറാഴ്ച ആന്ധ്രാപ്രദേശിനെതിരെയാണ് അടുത്ത മത്സരം.

 

Latest