Connect with us

Editorial

സൈനികര്‍ക്ക് മാത്രം മതിയോ ലൈംഗിക അച്ചടക്കം?

Published

|

Last Updated

സൈനികര്‍ക്കിടയിലെ ലൈംഗിക അച്ചടക്കമില്ലായ്മ മൂലം പൊറുതിമുട്ടിയിരിക്കുന്നു സൈനിക നേതൃത്വവും സര്‍ക്കാറും. സഹപ്രവര്‍ത്തകരുടെ ഭാര്യമാരുമായുള്ള അവിഹിത ലൈംഗിക ബന്ധങ്ങള്‍ സൈനികര്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണ്. വിവാഹേതര ബന്ധത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് എടുത്തുകളഞ്ഞതാണ് അവിഹിത ബന്ധങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. ഇതേത്തുടര്‍ന്ന് വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ കോടതി വിധി സേനാ വിഭാഗങ്ങള്‍ക്ക് ബാധകമാക്കരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജോലിയുടെ ഭാഗമായി സൈനികര്‍ക്ക് മാസങ്ങളോളം കുടുംബത്തെ വിട്ടുനില്‍ക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ വിവാഹേതര ബന്ധത്തിന് നിയമം മുഖേന തടയിട്ടില്ലെങ്കില്‍ സൈനിക മേഖലയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റൊരു സൈനികന്റെ ഭാര്യയുമായി ബന്ധത്തിലേര്‍പ്പെടുന്നത് സായുധസേനാ നിയമപ്രകാരം കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ പ്രസ്തുത സൈനികനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കുമായിരുന്നു. 497ാം വകുപ്പ് റദ്ദാക്കിയതോടെ അവിഹിത ബന്ധം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സേനാ നേതൃത്വത്തിന് സാധ്യമാകാതെ വന്നിരിക്കുകയാണ്.

മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമാക്കുന്ന, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും ക്രിമിനല്‍ നടപടി ചട്ടത്തിലെ 198(2)ാം വകുപ്പും 2018 സെപ്തംബര്‍ 27നാണ് ഭരണഘടനാ വിരുദ്ധമെന്ന നിരീക്ഷണത്തില്‍ ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് റദ്ദാക്കിയത്. വിവാഹിതയുമായി ഉഭയസമ്മതത്തോടെ ബന്ധപ്പെട്ടാലും ആ സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷനെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ വകുപ്പ്. പുരുഷന്റെ സ്വകാര്യ സ്വത്താണ് സ്ത്രീയെന്ന സങ്കല്‍പ്പത്തില്‍ ഊന്നിയുള്ള വ്യവസ്ഥയാണ് 497ാം വകുപ്പെന്നും സ്ത്രീകളുടെ ആത്മാഭിമാനത്തെ ഇത് മാനിക്കുന്നില്ലെന്നുമാണ് കോടതിയുടെ പക്ഷം. വ്യക്തി സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 21ാം അനുഛേദവുമായി ഐ പി സി 497 പൊരുത്തപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ ഈ നിലപാടിനോട് അന്നേ യോജിച്ചിരുന്നില്ല. ഐ പി സി 497 റദ്ദാക്കുന്നത് വിവാഹ ബന്ധങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി അത് ചെവിക്കൊണ്ടില്ല. വിവാഹബന്ധം സംരക്ഷിക്കേണ്ടത് ദമ്പതികളുടെ ഉത്തരവാദിത്വമാണെന്നും ഇതില്‍ ഒരാള്‍ പരാജയപ്പെട്ടാല്‍ മറ്റേയാള്‍ക്ക് സാമൂഹികമായ പരിഹാര മാര്‍ഗം തേടാമെന്നുമായിരുന്നു സര്‍ക്കാര്‍ വാദത്തോട് കോടതിയുടെ പ്രതികരണം. വ്യഭിചാരത്തിനുള്ള സാമൂഹിക പരിഹാരം വിവാഹ മോചനമാണ്. അല്ലാതെ വ്യഭിചാരം ചെയ്തവനെ ശിക്ഷിക്കലല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 21ാം വകുപ്പ് മുന്‍വെക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന് വിശാലമായ വ്യാഖ്യാനം നല്‍കി സ്വതന്ത്ര ലൈംഗികബന്ധത്തിന് വാതില്‍ മലര്‍ക്കെ തുറന്നു കൊടുക്കുകയായിരുന്നു ഇതുവഴി കോടതി ചെയ്തത്. ഇതിന്റെ പ്രത്യാഘാതമാണ് സൈനിക മേഖലയിലെ വര്‍ധിതമായ ലൈംഗിക അരാജകത്വം.

സൈനികര്‍ക്കിടയില്‍ മാത്രമല്ല, പൊതു സമൂഹത്തിലും ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്നു 497ാം വകുപ്പ് എടുത്തു കളഞ്ഞ നടപടി. ഇന്‍ഫിഡലിറ്റി ഫാക്റ്റ് എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേ ഫലം കാണിക്കുന്നത്, 40 ശതമാനത്തിലേറെ വിവാഹ പങ്കാളികള്‍ വിവാഹേതര ബന്ധത്തെ അനുകൂലിക്കുന്നവരാണെന്നാണ്. സദാചാര ബോധം കൊണ്ടല്ല, ക്രിമിനല്‍ കുറ്റമായതിനാല്‍ ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന ഭയം മൂലമാണ് പലരും അവിഹിത ലൈംഗിക ബന്ധങ്ങളില്‍ നിന്നകന്നു നില്‍ക്കുന്നത്. സ്വതന്ത്ര ലൈംഗിക ബന്ധം അനുവദിക്കപ്പെട്ടതോടെ ആ ഭയം നീങ്ങി. കോടതി വിധി വന്ന് രണ്ട് വര്‍ഷമേ കഴിഞ്ഞുള്ളൂവെന്നതിനാല്‍ അത് സമൂഹത്തിലുണ്ടാക്കിത്തീര്‍ത്ത പ്രത്യാഘാതങ്ങള്‍ പുറത്തുവരാനായിട്ടില്ല. സൈനിക മേഖലയിലേത് സമാനമായ, ഒരുപക്ഷേ അതിനേക്കാള്‍ ഗുരുതരമായ ലൈംഗിക അരാജകത്വമായിരിക്കും സൃഷ്ടിക്കുക.
സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചത് റദ്ദാക്കിയ 497ാം വകുപ്പ് സൈനിക മേഖലയില്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ്. എന്നാല്‍ ലൈംഗിക അച്ചടക്കം സൈന്യത്തിന് മാത്രം പോരാ, സമൂഹത്തിലും അനിവാര്യമാണ്. കുടുംബവുമായി അകന്നു ജീവിക്കുന്നവര്‍ സൈനികരില്‍ മാത്രമല്ല, സമൂഹത്തിന്റെ മറ്റു മേഖലകളിലുമുണ്ട് ധാരാളം. ഇതര സംസ്ഥാനങ്ങളിലെ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കുന്നവരും പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. ഭര്‍ത്താക്കന്മാരില്‍ നിന്നകന്ന് തനിച്ച് ജോലി ചെയ്യുന്ന സ്ത്രീകളുമുണ്ടാകും ഇത്തരം സ്ഥാപനങ്ങളില്‍ ധാരാളം. സ്വാഭാവികമായും ഈ ഒറ്റപ്പെട്ട ജീവിതങ്ങളെ സാഹചര്യങ്ങള്‍ അടുപ്പിക്കുകയും അത് ലൈംഗിക ബന്ധത്തിലെത്തിക്കുകയും ചെയ്യും. വ്യക്തികളില്‍ സദാചാരനിഷ്ഠമായ ജീവിതവും സാന്മാര്‍ഗികതയും ഉണ്ടായെങ്കില്‍ മാത്രമേ കെട്ടുറപ്പും പരസ്പര വിശ്വാസവുമുള്ള സമൂഹ സൃഷ്ടിപ്പ് സാധ്യമാകുകയുള്ളൂ.

സ്വതന്ത്ര ലൈംഗികത അനുവദിക്കപ്പെട്ട രാജ്യങ്ങളില്‍ ദാമ്പത്യ ശൈഥില്യവും വിവാഹ മോചന നിരക്കും മറ്റു രാജ്യങ്ങളേക്കാള്‍ കൂടുതലാണെന്ന് കാണാം. 2012ലെ യൂനിസെഫ്, ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ എന്നിവയുടെ റിപ്പോര്‍ട്ട് പ്രകാരം, സ്വീഡനില്‍ ആയിരം വിവാഹങ്ങളില്‍ 54.9 ശതമാനവും അമേരിക്കയില്‍ 54.8 ശതമാനവും ഡെന്മാര്‍ക്കില്‍ 44.5 ശതമാനവും വിവാഹ മോചനത്തില്‍ കലാശിക്കുന്നു. ഇന്ത്യയില്‍ ഇത് പത്തിന് താഴെയായിരുന്നു ഏതാനും വര്‍ഷം മുമ്പ് വരെ. സ്വതന്ത്ര ലൈംഗിക വാദം ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സമീപകാലത്തായി ഇന്ത്യയിലും വിവാഹ മോചനത്തിന്റെ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. 497ാം വകുപ്പ് എടുത്തുകളഞ്ഞ നടപടി ഇതിനെ രൂക്ഷമാക്കും. രാജ്യത്ത് കൂട്ടആത്മഹത്യകള്‍ വര്‍ധിച്ചു വരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് നടന്ന പഠനത്തില്‍, 70 ശതമാനം ആത്മഹത്യകളും ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേട് കാരണമാണെന്നാണ് കണ്ടെത്തിയത്. ദാമ്പത്യ പൊരുത്തക്കേടിന്റെ മുഖ്യ കാരണങ്ങളിലൊന്ന് അവിഹിത ബന്ധങ്ങളാണ്. ഈ സാഹചര്യത്തില്‍ സൈനികരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലാകമാനം വിവാഹേതര ബന്ധം ഗൗരവതരമായ കുറ്റമാക്കുകയാണ് കോടതി ചെയ്യേണ്ടത്.

Latest