വാളയാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍; അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും വീഴ്ച വരുത്തിയെന്ന് കണ്ടെത്തല്‍

Posted on: January 13, 2021 5:58 pm | Last updated: January 14, 2021 at 7:58 am

തിരുവനന്തപുരം |  വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭക്ക് മുന്നില്‍. കേസ് അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും വീഴ്ച വരുത്തി. മുന്‍ എസ് ഐ. പി സി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത പ്രവര്‍ത്തിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇളയ പെണ്‍കുട്ടി സുരക്ഷിതയല്ലെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ പി സി ചാക്കോ അവഗണിച്ചു. കേസ് അന്വേഷിച്ച സോജന്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയതില്‍ അപാകതയുണ്ട്. വീഴ്ച വരുത്തിയ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിയമനം നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

അതേസമയം, വാളയാര്‍ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. മുന്‍ ഉദ്യോഗസ്ഥന്‍ പി സി ചാക്കോയെ സ്ഥിരമായി അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കി. മറ്റ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. ലത ജയരാജിനേയും ജലജ മാധവനേയും പ്രോസിക്യൂട്ടര്‍മാര്‍ ആക്കേണ്ടതില്ലെന്നും തീരുമാനിച്ചു.